SignIn
Kerala Kaumudi Online
Friday, 19 April 2024 5.40 PM IST

പത്മവ്യൂഹത്തിലകപ്പെട്ട താടികൾ!

s

അശ്വത്ഥാമാവ് വെറും ഒരാനയാണെന്ന് തെളിയിക്കാൻ ഇത്രയും സങ്കീർണമായ വഴിയിലൂടെ സഞ്ചരിക്കേണ്ടി വരുമായിരുന്നു എന്ന് അശ്വത്ഥാമാവായ ശിവശങ്കരൻ ഐ.എ.എസ് കരുതിയിരുന്നില്ല. ശിവശങ്കരന്റെ പാർവതി തെറ്റിദ്ധരിച്ച് വളരേ ദൂരം സഞ്ചരിച്ച് കഴിഞ്ഞിരിക്കുന്നു. ആ വഴിയേക്കൂടി പോകുന്നതുപോലും ഇപ്പോൾ വളരെ പ്രയാസം. ഹിമാലയത്തിലോ എവറസ്റ്റ് കൊടുമുടിയിലോ വേണമെങ്കിൽ കയറിപ്പോകാം. തടിയും താടിയും ഒന്നും അങ്ങനെ കേടാവില്ല. പക്ഷേ ഇപ്പറഞ്ഞ പാത അതി കഠോരവും അതികഠിനവുമാണ്. തടിയും താടികളും വല്ലാണ്ട് കേടാവുന്നു. കുറേ കേടായിക്കഴിഞ്ഞു. ആകെ മുങ്ങിയാൽ കുളിരുണ്ടാവില്ല എന്നൊക്കെ ആളുകൾക്ക് പറയാൻ കൊള്ളാമെന്നേയുള്ളൂ. മുങ്ങിക്കഴിയുമ്പോളറിയാം വിവരം.

അശ്വത്ഥാമാവിന്റെ അവസ്ഥ ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. ജീവൻ അല്പം ബാക്കിയുണ്ട് എന്നേയുള്ളൂ. പുതിയ പത്മവ്യൂഹം കൂടി വന്നതിൽപ്പിന്നെ ആ ബാക്കിയായ ജീവന്റെ അവസ്ഥ പറഞ്ഞറിയിക്കാനാവുന്നതല്ല. പക്ഷേ പത്മവ്യൂഹം സംഗതി ചില്ലറയല്ല. ആ പത്മവ്യൂഹത്തിലൂടെ വേറെയും കുറേ ആത്മാക്കൾ അലഞ്ഞ് തിരിഞ്ഞിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഞെട്ടിക്കുന്ന വിവരം.

ഒരു ആത്മാവിനെ വീട്ടിൽ കയറ്റാൻ കൊള്ളില്ല എന്നാണ് പത്മവ്യൂഹം ഫെയിം പാർവതി പറയുന്നത്. ആ താടിവച്ച ആത്മാവ് മന്ത്രിയായിരുന്നപ്പോൾ താൻ മന്ത്രിയാണ് എന്ന കാര്യം പോലും വിസ്മരിച്ച് വശംകെട്ടുപോയ സന്ദർഭങ്ങളുണ്ടത്രെ. അത് മന്ത്രിയുടെ കുറ്റമല്ല. ഏത് മന്ത്രിയും ആത്യന്തികമായി ഒരു മനുഷ്യാത്മാവാണ്. പല വിചാരങ്ങളും വികാരങ്ങളും പരവേശങ്ങളും മനുഷ്യാത്മാക്കളിൽ കാണും. വിശ്വാമിത്രന്റെ പോലും തപസ്സ് ഇളകിപ്പോയിട്ടുണ്ട്. പിന്നെയല്ലേ വെറുമൊരു മന്ത്രി. ആ മന്ത്രിയുടെ താടിക്കുള്ളിലത്രയും സ്നേഹവും പ്രേമവും നിറഞ്ഞ് തുളുമ്പുന്ന നിലയായിരുന്നു. അതിന്റെയൊരു കരുതലുണ്ടാവും. മഴയത്ത് റെയിൻകോട്ട് എടുക്കാൻ മറക്കരുതെന്ന് വിളിച്ചോർമ്മിപ്പിക്കാനുള്ള കരുതൽ ഈ ലോകത്തെത്ര പേർക്കുണ്ടായിട്ടുണ്ട് ! അങ്ങനെയുള്ള ആത്മാക്കളെ വീട്ടിൽ കയറ്റാൻ കൊള്ളില്ല എന്നൊക്കെ പറയുന്നത് താടിയെ തിരിച്ചറിയാൻ പറ്റാത്തത് കൊണ്ടാണ്.

മറ്റൊരു താടിയെ കണ്ടാൽ അതിൽനിന്ന് ചിന്തകൾക്ക് തീ പിടിക്കുന്ന തരത്തിലുള്ള പുക പറന്നുയരുന്നത് പോലെയാണ് ഒറ്റ നോട്ടത്തിൽ ആർക്കും തോന്നിപ്പോവുക. ചിന്തകളിങ്ങനെ നിറച്ചുവച്ച താടിയാണ്. താടിയിൽ ഒതുങ്ങാത്തത് കാരണം നീളത്തിലും പല വർണത്തിലും ഒത്ത തടിയിലുമുള്ള കുർത്തയിലും കൂടി ചിന്തകളെ തിരുകിക്കയറ്റാറുണ്ട്. തലയിൽ കയറാൻ നോക്കിയിട്ട് സ്ഥലം കിട്ടാത്തത് കാരണം ചിന്തകൾ ഇടയ്ക്കല്പം മുഷിഞ്ഞു. ഇത് കാരണമാണ് ആ തലയുടെ ഒത്ത മദ്ധ്യഭാഗം അല്പം കഷണ്ടിയായിപ്പോയത് എന്ന് ചിലയാളുകൾ പറയുന്നുണ്ട്.

കണ്ടാൽ കാൾമാർക്സിനെപ്പോലെ തോന്നും. കാൾമാർക്സ് ആണെന്ന് ആരും തെറ്റിദ്ധരിച്ച് പോകാതിരിക്കാൻ ഈ താടി പിണറായി സഖാവിനെയും കൂട്ടിപ്പോയി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മണിയടിച്ചിട്ടുണ്ട്. മാർക്സ് അതുകേട്ട് അസ്തപ്രജ്ഞനായിരുന്നിട്ടുണ്ടെന്നാണ് ആളുകൾ പറയുന്നത്.

ഇദ്ദേഹം താടിയുഴിഞ്ഞ് കൊണ്ട് മൂന്നാറിനെപ്പറ്റി വാചാലനായി എന്നാണ് പത്മവ്യൂഹം ഫെയിം വെളിപ്പെടുത്തിയിരിക്കുന്നത്. മൂന്നാറിൽ നല്ല തണുപ്പാണ്. മൂന്നാറിനെ കാണാൻ നല്ല രസമാണ്. നല്ല സുന്ദരമായ സ്ഥലമാണ് എന്നെല്ലാമാണ് ഈ താടി പറഞ്ഞുകൊണ്ടിരുന്നത്. ആൾ കവിയല്ലെങ്കിലും കവിത്വം തുളുമ്പുന്നയാളാണ്. കവിത കുത്തിനിറയ്ക്കാതെ ബഡ്ജറ്റെഴുതാനാവാത്ത ആളാണ്. മഴ ചറപറാന്ന് പെയ്തു എന്ന് ഇദ്ദേഹം പറയില്ല. വർഷമേഘങ്ങൾ കണ്ണീർ പൊഴിച്ചു എന്നേ പറയുകയുള്ളൂ. അതുകൊണ്ട് മൂന്നാറിനെപ്പറ്റി കേട്ടിട്ട് പത്മവ്യൂഹം ഫെയിം തെറ്റിദ്ധരിച്ച് പോയതായിരിക്കാം. സാരമാക്കേണ്ടതില്ല.

മറ്റേ താടിയിൽ ഇപ്പോഴുമെപ്പോഴും കോളേജ് കുമാരൻ ഒളിച്ചുകിടപ്പുണ്ട് എന്ന് പത്മവ്യൂഹം വെളിപ്പെടുത്തുകയുണ്ടായി. കോളേജ് കുമാരൻ ആയിരുന്നപ്പോൾ തുണ്ടുപേപ്പറിൽ എന്തോ എഴുതി ആർക്കൊക്കെയോ എറിഞ്ഞ് കൊടുത്തിട്ടുള്ള പാർട്ടിയാണ്. ആ എഴുതി എറിഞ്ഞ് കൊടുത്തത് ഇപ്പോൾ മൊബൈൽഫോണിൽ സെൻഡ് ചെയ്യുന്ന ഏർപ്പാടിലേക്ക് മാറി എന്നേയുള്ളൂ. അതിലെന്താണ് ഇത്രയും അപരാധമുള്ളത്! ഈ താടിയും നല്ല രസമുള്ള താടിയാണ്. പാട്ട് ഈ താടിക്ക് വളരേ ഇഷ്ടമാണ്. പ്രത്യേകിച്ചും ഗസലിനെ ഇദ്ദേഹം ഇഷ്ടപ്പെടുന്നു. പാട്ടും പാടും. പാട്ട് പാടുന്ന താടിയിലെ സഹൃദയത്വവും പരജീവിക്ലേശം തിരിച്ചറിഞ്ഞുള്ള പെരുമാറ്റങ്ങളും നമ്മൾ അംഗീകരിച്ച് കൊടുക്കുകയല്ലേ വേണ്ടത്.

ഇതൊക്കെ കൊണ്ടാണ് ശിവശങ്കരൻ ഐ.എ.എസ് താടികളെ ഭയക്കേണ്ടതില്ല എന്ന് പാർവതിയോട് പറഞ്ഞിട്ടുള്ളത്. താടികൾ അപകടകാരികളല്ല. ഒന്നുമില്ലെങ്കിലും അവർ താടിയാണ്. അതുകൊണ്ട് പത്മവ്യൂഹം വെറുതെ താടികൾക്ക് എടങ്ങേറുണ്ടാക്കാൻ നിൽക്കരുത്. താടികൾക്കും ജീവിക്കാനുള്ള അവകാശം നമ്മൾ അനുവദിച്ച് കൊടുക്കണം.

.......................................

- വഞ്ചകീ എന്ത് കൊഞ്ചലാണിപ്പോഴും എന്ന് കവിത എഴുതിയിട്ടുള്ള എൽദോസ്ജി കുന്നപ്പിള്ളിൽജി ചെയ്തിട്ടുള്ള ഒരേയൊരു കുറ്റം വഞ്ചകിമാരെപ്പറ്റി കവിത എഴുതിപ്പോയി എന്നുള്ളതാണ്. ഇദ്ദേഹം ആരെ കണ്ടാലും വഞ്ചകിയാണ് എന്ന് തെറ്റിദ്ധരിച്ച് പോവാറുണ്ട്. അതുകൊണ്ട് പരാക്രമം നടത്താനും ശ്രമിക്കാറുണ്ട്. പല വേദികളിലും പല വഞ്ചകിമാരുടെയും പിറകേ ഓടി പരാക്രമം നടത്തുന്നത് കണ്ടിട്ടാണ് ഈ എൽദോസ്ജിയെ പലരും കുറ്റപ്പെടുത്തുന്നത്. യഥാർത്ഥത്തിൽ ഇദ്ദേഹത്തിന്റെയുള്ളിലെ സർഗാത്മകതയെ പരിപോഷിപ്പിക്കാൻ പുതിയ കേരളശ്രീ പുരസ്കാരം നൽകി സർക്കാർ ഇദ്ദേഹത്തെ ആദരിക്കുകയാണ് ചെയ്യേണ്ടത്. അത് ചെയ്യാതിരിക്കുന്നത് അങ്ങേയറ്റത്തെ അപരാധമായിരിക്കും. ചരിത്രപരമായ മണ്ടത്തരം എന്ന് കുറേനാൾ കഴിഞ്ഞ് പശ്ചാത്തപിക്കാൻ ഇട വരുത്തരുത്. വീഡീസതീശൻജിയോ കേസുധാകരൻജിയോ ഇതിന് മുൻകൈയെടുക്കണം.

..............................................

- ശശി തരൂ‌ർജി ശശിയായി എന്നാണ് പറയുന്നത്. പക്ഷേ കോൺഗ്രസിലെ കേരളത്തിലെ ചില ഗ്രൂപ്പുകാരാണ് ശശിയായിരിക്കുന്നത് എന്ന് ഇവിടത്തെ ചില കോൺഗ്രസുകാർ ദ്രോണരോട് പറയുകയുണ്ടായി. ഗ്രൂപ്പുകാർ തങ്ങളെ ശശിയാക്കില്ല എന്നുറച്ച് വിശ്വസിച്ചിരുന്നവരെല്ലാം അടിയുറച്ച ശശിമാരായിപ്പോയി എന്ന് പറയുന്നു. ഗ്രൂപ്പ് വിധേയന്മാർക്കിടയിലെ വിപ്ലവകാരികൾ എന്ന പുതിയ പുസ്തകരചനയ്ക്കുള്ള പുറപ്പാടിലാണത്രെ ഈ ശശിമാരെല്ലാവരും.

ഇ-മെയിൽ: dronar.keralakaumudi@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARAVISHESHAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.