SignIn
Kerala Kaumudi Online
Thursday, 25 April 2024 8.58 PM IST

'ദ നിയർ ഇൻ ബ്ലഡ്, ദ നിയറർ ബ്ലഡി'

varavisesham

'ദ നിയർ ഇൻ ബ്ലഡ്, ദ നിയറർ ബ്ലഡി' എന്ന് പറഞ്ഞത് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗല്ല. മാക്ബത്ത് നാടകത്തിൽ വില്യം ഷേക്സ്പിയർ ആണ്. മുസ്ലിംലീഗിന് ഇപ്പോൾ നിൽക്കുന്നിടത്ത് സുരക്ഷിതത്വക്കുറവ് ലവലേശം തോന്നിയിട്ടില്ല. അങ്ങനെ ചിന്തിച്ചിട്ട് പോലുമില്ലെന്ന് പാണ്ടിക്കടവത്ത് കുഞ്ഞാപ്പ സത്യം ചെയ്തിട്ടുണ്ട്. കുപ്പായം മാറുന്നതുപോലെ അങ്ങനെ മുന്നണി മാറാനൊന്നും പറ്റില്ലെന്ന് കുഞ്ഞാപ്പ പറഞ്ഞു.

കുഞ്ഞാപ്പയെ സംബന്ധിച്ചിടത്തോളം കോൺഗ്രസിന്റെ കൂടെ ഉണ്ടുറങ്ങിക്കഴിയുന്നത് അങ്ങേയറ്റം സുരക്ഷിതമാണ്. അവിടെ ഒരു സുരക്ഷിതത്വക്കുറവിന്റെ പ്രശ്നവും ഉദിച്ചിട്ടില്ല. ദ നിയർ ഇൻ കോൺഗ്രസ്, ദ നിയറർ സേഫ്റ്റി എന്നാണ് കുഞ്ഞാപ്പയുടെ തത്വം.

പിണറായി സഖാവിനെയോ സഖാവിന്റെ ഭരണത്തെയോ കണ്ടാൽ കുഞ്ഞാപ്പ കവാത്ത് മറക്കാറില്ല. നിയമസഭയിൽ കുഞ്ഞാപ്പ സ്നേഹമസൃണമായ ഉപദേശം പിണറായി സഖാവിന് നൽകാറുണ്ട്. അത് പിണറായി സഖാവിനോടുള്ള വാത്സല്യം കൊണ്ടല്ല. വടശ്ശേരി സതീശൻജിയോ മറ്റാരെങ്കിലുമൊക്കെയോ അതുകണ്ട് തെറ്റിദ്ധരിക്കില്ലന്ന ഉത്തമവിശ്വാസമാണ് കുഞ്ഞാപ്പ തൊട്ട് സീതിഹാജിയുടെ പുത്രൻ പി.കെ. ബഷീർ വരെയുള്ളവരെ നയിക്കുന്നത്. ഉള്ളത്തിൽ കള്ളം ലവലേശമില്ല. അങ്ങനെയുള്ള കുഞ്ഞാപ്പയെ കൈയും കലാശവും കാട്ടി ഇങ്ങ് പോരുന്നോ എന്ന് പിണറായി സഖാവ് ക്ഷണിക്കുമെന്ന് ആരെങ്കിലും ചിന്തിക്കുമോ?

അതുകൊണ്ടാണ് പിണറായി സഖാവ് അത് പറഞ്ഞത്. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിനെപ്പറ്റി പിണറായി സഖാവ് തൊട്ട് ഗോവിന്ദൻമാഷ് വരെയുള്ളവർക്ക് അല്പം മതിപ്പ് കൂടിയിട്ടുണ്ട്. അടുത്തകാലത്ത് വരെ ലീഗിന്റെ കുപ്പായത്തിലെ പച്ചക്കളറിൽ ചില സംശയമൊക്കെ തോന്നിയിരുന്നു. എന്നാൽ അത് വെറും കളറ് മുക്കിയത് മാത്രമാണെന്ന് പിണറായി സഖാവും ഗോവിന്ദൻമാഷും തിരിച്ചറിഞ്ഞു. നല്ല പ്യുവർ വൈറ്റ് ആണ് യഥാർത്ഥത്തിൽ ആ കുപ്പായം. അതിൽ വേറെ കറ തൊട്ടുതീണ്ടിയിട്ടില്ല.

ഗോവിന്ദൻ മാഷാണ് അക്കാര്യം ആദ്യമേ തുറന്നുപറഞ്ഞത്. പിണറായി സഖാവിനോട് അതേപ്പറ്റി പാപ്പരാസികൾ ചോദിക്കുകയുണ്ടായി. ലീഗിനെപ്പറ്റി ഗോവിന്ദൻ മാഷ് പറഞ്ഞതിൽ കള്ളമൊന്നുമില്ലെന്നാണ് പിണറായി സഖാവ് പറഞ്ഞത്. അതിലെന്തിരിക്കുന്നു, കാര്യം എന്നദ്ദേഹം ചോദിച്ചു. ശരിയാണ്. അതിലെന്തിരിക്കുന്നു ഹേ കാര്യം!

സഖാവ് ഒരു കഥ പറയുകയുണ്ടായി. ഇന്ദ്രന്റെ കഥയാണ്. ഇന്ദ്രനെയും ചന്ദ്രനെയും ഒരിക്കലും പേടിച്ചിട്ടില്ലാത്തയാളാണ് സഖാവ്. അതുകൊണ്ട് ദേവേന്ദ്രനെപ്പറ്റിയും ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടരെപ്പറ്റിയും ഏറ്റവും ആധികാരികമായി കഥ പറയാൻ സാധിക്കുന്നത് പിണറായി സഖാവിനാണ്. അങ്ങനെയാണ് ഇന്ദ്രന്റെ പേടിയെപ്പറ്റി സഖാവ് വിശ്വാസ്യതയുള്ള കഥ പറഞ്ഞത്. ആരെങ്കിലും നാട്ടിലോ കാട്ടിലോ തപസ് ചെയ്യാൻ പുറപ്പെട്ടാൽ ഉടനെ ദേവേന്ദ്രന് പേടിയും സംശയവും വരും. അത് ദേവേന്ദ്രൻ ഇരിക്കുന്ന പൊസിഷൻ പിടിച്ചടക്കുമോ എന്ന ശങ്ക കൊണ്ടാണ്.

അങ്ങനെ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിനെപ്പറ്റി നല്ല വാക്ക് ആരെങ്കിലും പറയുമ്പോൾ കോൺഗ്രസുകാർ ഇന്ദ്രനെപ്പോലെ ബേജാറാവുന്നത് എന്തിനാണെന്നാണ് പിണറായി സഖാവ് ചോദിക്കുന്നത്. യഥാർത്ഥത്തിൽ കോൺഗ്രസുകാർക്ക് ബേജാറുണ്ടോ എന്ന് നിശ്ചയമായിട്ടില്ല. പക്ഷേ, ലീഗിനെപ്പറ്റി ഗോവിന്ദൻ മാഷ് നല്ല വാക്ക് പറഞ്ഞപ്പോൾ ലീഗ് യു.ഡി.എഫിന്റെ അവിഭാജ്യഘടകമാണ് എന്ന് സതീശൻജി തൊട്ട് മുരളീധർജി വരെയുള്ളവർ പറഞ്ഞിട്ടുണ്ട്.

ഇത് ബേജാറിന്റെ പുറത്ത് പറഞ്ഞതാണോ എന്ന ശങ്കയാണ് പിണറായി സഖാവിൽ ഉണ്ടായിട്ടുള്ളത്. ലീഗ് യു.ഡി.എഫിന്റെ കരുത്തല്ലേ എന്നാണ് സഖാവ് ചോദിച്ചത്. അതുകൊണ്ട് എന്തിനാണ് ബേജാർ?

ദ നിയർ ഇൻ ബ്ലഡ്, ദ നിയറർ ബ്ലഡി എന്ന് മാക്ബത്തിലെ ഡൊണാൾബെയ്ൻ പറഞ്ഞത് പോലെ കുഞ്ഞാപ്പ ഇനി ഏതെങ്കിലും കാലത്ത് പറയാനൊരുമ്പെടുമോ? ഇങ്ങനെയൊക്കെ ചിന്തിച്ചാൽ ഒരന്തവും കുന്തവും ഉണ്ടാവില്ല എന്നതുകൊണ്ട് അങ്ങനെയൊന്നും ചിന്തിക്കാതെ കിടന്നുറങ്ങാൻ നോക്കുന്നതാവും കോൺഗ്രസിന് നല്ലത് എന്നാണ് ദ്രോണർക്ക് പറയാനുള്ളത്.

...........................................

കൊറോണ നാട്ടിൽനിന്ന് പോയി എന്നും പോയിട്ടില്ല എന്നും ആളുകൾ പറയുന്നു. ചീനാസാമ്രാജ്യത്തിൽ കൊറോണ കറങ്ങി നടക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. അവിടെ നിന്ന് ഇങ്ങോട്ടിങ്ങോട്ട് അവൻ വീണ്ടും വന്നുതുടങ്ങുന്നു എന്ന ശങ്കയാണ് ന.മോ.ജി തൊട്ട് മൺസൂക് മാണ്ഡവ്യാജി വരെയുള്ളവർ പറയുന്നത്. ഇത് മൂത്രശങ്ക പോലെയുള്ള ശങ്കയല്ല. രാഹുൽജിയുടെ ഭാരത് ജോഡോ യാത്ര ഡൽഹിയുടെ വാതിൽക്കലേക്ക് എത്തിയപ്പോൾ തോന്നിയ ശങ്കയുമല്ല. അതൊക്കെ ആളുകളുടെ തെറ്റിദ്ധാരണയാണ്.

ജോഡോ യാത്ര വളരേ ആളുകളെ ആകർഷിച്ച് മുന്നേറുകയാണ് എന്നാണ് പറയുന്നത്. സകലമാന ആളുകളും ജോഡോ യാത്രയിൽ കൈപിടിച്ച് കയറുകയാണത്രേ. ജനപ്രീതി കുതിച്ചുകുതിച്ച് പായുന്നത് കണ്ട് കൊറോണ വയലന്റ് ആവാനും മതി. കൊറോണയ്ക്ക് എന്താണ്, എപ്പോഴാണ് തോന്നുക എന്ന് പറയാൻ പറ്റില്ല. എങ്കിലും അസൂയയോ കുശുമ്പോ ജനപ്രീതി കണ്ടിട്ടുള്ള പേടിയോ അത് മൂലം ഉളവാകാനിടയുള്ള മൂത്രശങ്കയോ ഒന്നും കൊറോണയ്ക്ക് സംഭവിക്കാൻ സാദ്ധ്യതയില്ല. ന.മോ.ജി തൊട്ട് അമിത് ഷാജി മാണ്ഡവ്യാജി വരെയുള്ളവർക്കും അങ്ങനെ തോന്നില്ലെന്ന് നൂറ്റുക്കുനൂറ് ശതമാനം ഉറപ്പാണ്.

എന്നാലും ഇങ്ങനെ ആളുകളത്രയും ജോഡോ യാത്രയുടെ പിന്നാലെ നടക്കുമ്പോൾ രാജാപാർട്ട് വേഷങ്ങൾക്ക് പുറംമോടിയിലേ വിപണിമൂല്യമുള്ളൂ എന്ന ചിന്ത ആരിലെങ്കിലും രൂഢമൂലമായാലോ? കൊറോണ അത് ചിന്തിക്കും. കോപിക്കുകയും ചെയ്യും. അതുകൊണ്ടാണ് കൊറോണയെ പേടിക്കണമെന്ന് ദ്രോണരും ജോഡോക്കാരോട് ഉപദേശിക്കുന്നത്.

ഇ-മെയിൽ: dronar.keralakaumudi@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARAVISHESHAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.