'പുജാരത്തോൺ'

Friday 07 December 2018 12:02 AM IST
india-australia-cricket
INDIA AUSTRALIA CRICKET

ആദ്യടെസ്റ്റിൽ പുജാരയ്ക്ക് സെഞ്ച്വറി (123), ഇന്ത്യ 250/9

അഡ്‌‌ലെയ്ഡ് : ടെസ്റ്റ് ക്രിക്കറ്റിൽ എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടതെന്നതിന്റെ മാതൃകയായിരുന്നു ഇന്നലെ ചേതേശ്വർ പുജാരയുടെ ഇന്നിംഗ്സ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ നിരയിലെ വമ്പൻമാരെല്ലാം അനാവശ്യ ഷോട്ടുകൾക്ക് മുതിർന്ന് വിക്കറ്റ് വലിച്ചെറിഞ്ഞപ്പോൾ ക്ഷമയെന്ന ആയുധംകൊണ്ട് ആസ്ട്രേലിയൻ ബൗളർമാരെ നേരിട്ട് സെഞ്ച്വറി കടന്ന പുജാര വലിയൊരപകടത്തിൽ നിന്നാണ് ഇന്നലെ ഇന്ത്യയെ രക്ഷിച്ചത്.

മൂന്നാം ഒാവറിൽ കെ.എൽ. രാഹുലിന് പകരക്കാരനായി ക്രീസിലെത്തിയ പുജാര ആദ്യദിവസത്തെ അവസാന പന്തിൽ റൺ ഒൗട്ടാവുന്നത് വരെ നേരിട്ടത് 246 പന്തുകൾ. ഏഴ് ബൗണ്ടറികൾ, രണ്ട് സിക്സുകൾ, നേടിയത് 123 റൺസ്. ആദ്യദിനം ഇന്ത്യൻ ടീമിന്റെ ആദ്യ സ്കോർ 250/9.

തകർന്ന തുടക്കം

അഡ്‌ലെയ്ഡിലെ ബാറ്റിംഗ് പിച്ചിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി നിസംശയം ആദ്യബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാൽ സ്ളിപ്പിൽ ചോരാത്ത കൈകളൊരുക്കി ഒഫ് സ്റ്റംപിന് പുറത്തേക്ക് പന്തെറിഞ്ഞ കംഗാരുക്കളുടെ തന്ത്രം തിരിച്ചറിയാൻ മുൻനിരക്കാർ വൈകി. മൂന്നാം ഒാവറിൽത്തന്നെ ലോകേഷ് രാഹുൽ (2) മൂന്നാം സ്ളിപ്പിൽ ഫിഞ്ചിന് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ ഏഴാം ഒാവറിൽ മുരളി വിജയ്‌യും(11) കൂടാരം കയറി.

ഖ്വാജയുടെ ക്യാച്ച്

കുമ്മിൻസിന്റെ ഉമ്മ

ആസ്ട്രഷലിയക്കാർ ഏറെ ആഗ്രഹിച്ച ആ വിക്കറ്റ് വീണത് പാറ്റ് കുമ്മിൻസ് എറിഞ്ഞ 11-ാം ഒാവറിലാണ്. ഒാഫ് സ്റ്റംപിന് പുറത്തേക്ക് പോയ പന്തിനെ എത്തിപ്പിടിച്ച് ബാറ്റ് വച്ച കൊഹ്‌‌ലിയെ പുറത്താക്കാൻ ഗള്ളിയിൽ ഉസ്‌മാൻ ഖ്വാജ എടുത്ത ക്യാച്ച് സാക്ഷാൽ ജോണ്ടിറോഡ്സിനെ ഒാർമ്മിപ്പിച്ചു. ഇടത്തേക്ക് ഡൈവ് ചെയ്ത ഖ്വാജ ഒറ്റക്കൈ കൊണ്ടാണ് പന്ത് പിടിച്ചത്. അത്യാഹ്ളാദത്തോടെ ആ വിക്കറ്റ് ആഘോഷിക്കാൻ ആസ്ട്രേലിയക്കാർ ഒത്തുകൂടി. സന്തോഷം സഹിക്കാൻ വയ്യാതെ കുമ്മിൻസ് ഖ്വാജയുടെ നെറുകയിൽ ഒരു ചുംബനം നൽകി. 16 പന്തുകൾ നേരിട്ട ഇന്ത്യൻ നായകൻ നേടിയത് മൂന്നേ മൂന്ന് റൺസ്.

പുജാരയുടെ ധ്യാനം

തടാകക്കരയിൽ മീനിനുവേണ്ടി ഒറ്റക്കാലിൽ തപസുചെയ്യുന്ന കൊറ്റിയെ ഒാർമ്മിപ്പിക്കുന്നതായിരുന്നു പുജാരയുടെ ഇന്നലത്തെ ഇന്നിംഗ്സ്. എതിരാളികൾ ഒരുക്കിയ കെണികളിൽ ഒരിക്കലും വീണുപോകാതെ മഹർഷിയുടെ ഏകാഗ്രതയോടെ പുജാര ഒരറ്റത്ത് കരിമ്പാറ പോലെ ഉറച്ചങ്ങ് നിന്നു. ലീവ് ചെയ്യേണ്ട പന്തുകളെ അതിന്റെ വഴിക്കുവിട്ടും പ്രതിരോധിക്കേണ്ടവയെ പ്രതിരോധിച്ചും ലൂസ് ബാളുകളെ ശിക്ഷിച്ചും പുജാര നടത്തിയ പെർഫോമൻസ് എന്താണ് ടെസ്റ്റ് ബാറ്റിംഗ് എന്ന് പുതുതലമുറയ്ക്ക് കണ്ടുപഠിക്കാൻ തക്ക മൂല്യമുള്ളതായി.

അമ്പതോളം പന്തുകൾ നേരിട്ട ശേഷമാണ് പുജാരയുടെ സ്കോർ രണ്ടക്കം കടന്നത്. ഇതിനിടയിൽ അജിങ്ക്യ രഹാനെ (13) ഹേസൽ വുഡിന്റെ പന്തിൽ രണ്ടാം സ്ളിപ്പിൽ ക്യാച്ച് നൽകി കൂടാരം കയറിയിരുന്നു. 41/4 എന്ന നിലയിൽ രോഹിതിനൊപ്പം പുജാര പതിയെപ്പതിയെ ടീമിനെ മുന്നോട്ടുനയിച്ചു. ആദ്യ സെഷനിൽ ഇന്ത്യ 56/4 എന്ന നിലയിലായിരുന്നു.

രോഹിതിന്റെ ആവേശം

ഹനുമ വിഹാരിയെ ഒഴിവാക്കി പ്ളേയിംഗ് ഇലവനിൽ അവസരം ലഭിച്ച രോഹിത് ശർമ്മ (37) ഫോമിന്റെ ലക്ഷണം കാട്ടിയതാണ്. എന്നാൽ വമ്പൻ ഷോട്ടുകൾക്കുള്ള ആവേശം വിനയായി. നഥാൻ ലിയോണിനെ സിക്സിന് ശിക്ഷിച്ചതിന് തൊട്ടുപിന്നാലെ അടുത്ത പന്തിലും ഇറങ്ങിയടിക്കാൻ ഒരുങ്ങിയ രോഹിതിന്റെ കണക്കുകൂട്ടലുകൾ പിഴച്ചു. ഉയർന്നുപൊങ്ങിയ പന്ത് ഹാരിസ് നിഷ്‌പ്രയാസം കൈയിലൊതുക്കി. 61 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സുമാണ് രോഹിത് പറത്തിയത്.

വാലറ്റത്തിന്റെ പിന്തുണ

മുൻനിരയിൽ നിന്ന് കിട്ടാതിരുന്ന പിന്തുണ വാലറ്റത്തുനിന്ന് ലഭിച്ചതിനാലാണ് പുജാരയ്ക്ക് ടീമിനെ 250 ലെത്തിക്കാനായത്. ഋഷഭ് പന്ത് (25), അശ്വിൻ (25), ഇശാന്ത് (4) എന്നിവർ ഒപ്പം നിൽക്കാൻ കാട്ടിയ ക്ഷമ ഇന്ത്യയ്ക്ക് തുണയായി. 38 പന്തുകളിൽ രണ്ട് ഫോറും ഒരു സിക്സുമടിച്ച ഋഷഭ് പന്ത് ടീം സ്കോർ 127 ൽ പുറത്തായ ശേഷമിറങ്ങിയ അശ്വിനുമായി ചേർന്ന് പുജാര ചായ സമയത്ത് 143/6 ലെത്തിച്ചു.

ചായയ്ക്കു ശേഷമാണ് നേരിട്ട153 -ാമത്തെ പന്തിൽ പുജാര അർദ്ധസെഞ്ച്വറി കടന്നതുതന്നെ. പിന്നീടങ്ങോട്ട് പുജാരയുടെ ഒറ്റയാൻ പോരാട്ടമായിരുന്നു. 76 പന്തുകളിൽ 25 റൺസടിച്ച അശ്വിൻ ടീം 189 ലെത്തിയപ്പോൾ കൂടാരം കയറി. പിന്നെ ഇശാന്തിന്റെ പിന്തുണയിൽ പോരാട്ടം.

നേരിട്ട 231 -ാമത്തെ പന്തിലാണ് പുജാര സെഞ്ച്വറിയിലെത്തിയത്. പിന്നീട് 15 പന്തുകളെ കിട്ടിയുള്ളൂ. അതിൽ 23 റൺസടിച്ച് സ്കോർ ഉയർത്താൻ ശ്രമിക്കുകയും ചെയ്തു. 83-ാം ഒാവറിൽ പുറത്തായ ഇശാന്തിന് പകരമെത്തിയ ഷമിയുമായി (9) റൺസെടുക്കാനുള്ള ആശയക്കുഴപ്പത്തിനിടെയാണ് പുജാര റൺ ഒൗട്ടായത്.

എറിഞ്ഞിടണം കംഗാരുക്കളെ

ഇനി ബുംറയാണ് ഇന്ത്യൻ നിരയിൽ ഇറങ്ങാനുള്ളത്. ഇന്ത്യ ഇനി അധികം റൺസ് പ്രതീക്ഷിക്കുന്നില്ല. മറുപടി ഇന്നിംഗ്സിനിറങ്ങുന്ന ആസ്ട്രേലിയയെ എറിഞ്ഞു നിറുത്താൻ കഴിഞ്ഞില്ലെങ്കിൽ കളി ഇന്ത്യയുടെ കൈയിൽനിന്ന് വഴുതും.

ഇന്ത്യൻ ഇന്നിംഗ്സ് ഇങ്ങനെ

1-3

രണ്ടാം ഒാവറിന്റെ അവസാന പന്തിൽ ഇന്ത്യയ്ക്ക് ആദ്യവിക്കറ്റ് നഷ്ടമാകുന്നു. ഹേസൽ വുഡിന്റെ പന്തിൽ അനാവശ്യഷോട്ടിന് ശ്രമിച്ച ലോകേഷ് രാഹുലിനെ ആരോൺ ഫിഞ്ച് പിടികൂടിയത് തേഡ് സ്ളിപ്പിൽ.

രാഹുൽ സി ഫിഞ്ച് ബി ഹേസൽ വുഡ് 2

2-15

22 പന്തുകൾ നേരിട്ട് 11 റൺസെടുത്ത മുരളി വിജയ് ഏഴാം ഒാവറിന്റെ അവസാന പന്തിൽ വിക്കറ്റ് കീപ്പർ ടീം പെയ്‌നിന്റെ ഗ്ളൗസിലൊതുങ്ങി.

മുരളി വിജയ് സി പെയ്‌ൻ ബി സ്റ്റാർക്ക് 11.

3-19

ഇന്ത്യയ്ക്ക് കനത്ത ആഘാതമായി മാറിയ നായകന്റെ പതനം. ഒഫ് സ്റ്റംമ്പിന് പുറത്തേക്കുപോയ കുമ്മിൻസിന്റെ പന്തിൽ ബാറ്റുവച്ച കൊഹ്‌ലിയെ ഗള്ളി പൊസിഷനിൽ തകർപ്പനൊരു ഡൈവിംഗ് ക്യാച്ചിലൂടെ ഒറ്റക്കയിലൊതുക്കിയത് ഉസ്മാൻ ഖ്വാജ.

കൊഹ്‌ലി സി ഖ്വാജ ബി കുമ്മിൻസ് 3

4-41

31 പന്തുകൾ നേരിട്ട് പിടിച്ചുനിൽക്കാൻ ശ്രമിച്ച അജിങ്ക്യ രഹാനെ ടീം 50 റൺസ് തികയ്ക്കും മുമ്പേ കൂടാരം കയറി.

രഹാനെ സി ഹാൻഡ്സ് കോംബ് ബി ഹേ സൽവുഡ് 13

5-86

ഹനുമ വിഹാരിക്ക് പകരം അവസരം ലഭിച്ച രോഹിത് സ്പിന്നർ നഥാൻ ലിയോണിനെതിരെ തുടർച്ചയായ രണ്ടാം സിക്സിന് ശ്രമിച്ച് പുറത്തായി. രോഹിത് സി ഹാരിസ് ബി ലിയോൺ 37

6-127

പതിവ് ശൈലിയിൽ അടിച്ചുകളിക്കാൻ ശ്രമിച്ച ഋഷഭ് പന്തിനെയും പുറത്താക്കിയത് ലിയോണാണ്.

പന്ത് സി പെയ്ൻ ബി ലിയോൺ 25.

7-189

പുജാരയ്ക്ക് ഏറ്റവും മികച്ച പിന്തുണ നൽകിയ അശ്വിനെ പുറത്താക്കിയത് കുമ്മിൻസാണ്.

അശ്വിൻ സി ഹാൻഡ്സ് കോംബ് ബി കുമ്മിൻസ് 25.

8-210

ഇശാന്ത് ശർമ്മയെ കൂട്ടുനിറുത്തിയാണ് പുജാര ടീമിനെ 200 കടത്തിയത്. ഇശാന്ത് ബി സ്റ്റാർക്ക് 4

9-250

തുടർന്ന് ഷമിയെ കൂട്ടുനിറുത്തി മുന്നേറിയ പുജാരയെ ഇന്നലത്തെ അവസാന പന്തിൽ കുമ്മിൻസിന്റെ ഡയറക്ട് ത്രോ റൺ ഒൗട്ടാക്കി.

പുജാര റൺ ഒൗട്ട് 123.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN SPORTS
LATEST VIDEOS
YOU MAY LIKE IN SPORTS