ഏകദിനത്തിലും എറിക്കണേ!

Saturday 12 January 2019 1:19 AM IST

one-day

സിഡ്നി: ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യമത്സരം ഇന്ന് സിഡ്നിയിൽ നടക്കും. ഇന്ത്യൻ സമയം രാവിലെ 7.50 മുതലാണ് മത്സരം. ആസ്ട്രേലിയൻ മണ്ണിൽ ആദ്യമായി ടെസ്റ്ര് പരമ്പര സ്വന്തമാക്കാനായതിന്റെ ആഹ്ലാദത്തിലും ആത്മ വിശ്വാസത്തിലുമാണ് ടീം ഇന്ത്യ ആസ്ട്രേലിയയെ നേരിടാനൊരുങ്ങുന്നത്. ആസ്ട്രേലിയയെ ഫോളോ ഓൺ ചെയ്യിച്ച ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് വേദിയായ സിഡ്നി ക്രിക്കറ്ര് ഗ്രൗണ്ടിൽ തന്നെ ആദ്യ മത്സരം നടക്കുന്നത് ഇന്ത്യയുടെ ആത്മ ധൈര്യം കൂട്ടുന്നു. മറുവശത്ത് ടെസ്റ്റ് പരമ്പര കൈവിട്ടതിന്റെ ക്ഷീണം ഏകദിനത്തിൽ കണക്ക് പറഞ്ഞ് തീർക്കാമെന്നുറച്ചാണ് ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിൽ കംഗാരുക്കൾ ഇറങ്ങുന്നത്. അടുത്ത ജൂണിൽ ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പിന്റെ മുന്നൊരുക്കമായാണ് ഇരു ടീമുകളും ഈ പരമ്പരയെ കാണുന്നത്. ഏകദിന ലോകകപ്പിലെ നിലവിലെ ചാമ്പ്യൻമാരായ ആസ്ട്രേലിയ സമീപകാലത്തെ തിരിച്ചടികളിൽ നിന്ന് തിരിച്ചുവരവാണ് ലക്ഷ്യം വയ്ക്കുന്നത്. ഇത്തവണത്തെ ലോകകപ്പിലെ കപ്പ് ഫേവറിറ്രുകളായ ഇന്ത്യ മികവ് നിലനിറുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പാഡ് കിട്ടുന്നത്.

പ്രതീക്ഷയോടെ ഇന്ത്യ

ചാനൽ പരിപാടിയിൽ സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയതിന് സസ്പപെൻഷൻ കിട്ടിയ ഹാർദ്ദിക് പാണ്ഡ്യ,​ കെ.എൽ. രാഹുൽ എന്നിവരുൾപ്പെട്ട വിവാദം കൊടുമ്പിരികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നടക്കുന്ന ആദ്യ ഏകദിനം ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അതേ സമയം ഏത് പ്രതികൂല സാഹചര്യത്തെയും മറികടക്കാൻ കഴിവുള്ള മികച്ച താരങ്ങളുടെ സാന്നിധ്യം ഇന്ത്യയ്ക്ക് മുതൽക്കൂട്ടാണ്. ടെസ്റ്റ് പരമ്പര നേടിയ ടീമിൽ വലിയ മാറ്രങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ടെസ്റ്റിൽ ഇന്ത്യൻ പേസാകക്രമണത്തെ നയിച്ച ജസ്പ്രീത് ബുംറയ്ക്കക്ക് ഇന്ത്യ വിശ്രമം അനുവദിച്ചു. റിഷഭ് പന്തിന് പകരം എം.എസ്.ധോണിയേയും ടീമിൽ ഉൾപ്പെടുത്തി. യുവ പേസർ ഖലീൽ അഹമ്മദ് ഭുവനേശ്വറിനൊപ്പം ന്യൂബാൾ കൈകാര്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കുട്ടി ഉണ്ടായതിനെ തുടർന്ന് ടെസ്റ്റ് പരമ്പരയ്ക്കിടെ നാട്ടിലേക്ക് മടങ്ങിയ രോഹിത് ശർമ്മ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ഹാർദ്ദിക്കിനെയും രാഹുലിനെയും സെലക്ഷന് പരിഗണിക്കാനാവില്ല. പാണ്ഡ്യയ്ക്ക് പകരം ആൾറൗണ്ടറുടെ റോൾ രവീന്ദ്ര ജഡേജയ്ക്കായിരിക്കുമെന്നാണ് വിവരം.

സാധ്യത ടീം: രോഹിത്,​ ശിഖർ,​ കൊഹ്‌ലി,​ റായ്ഡു,​ ധോണി,​ കേദാർ,​ ജഡേജ,​ ഭുവനേശ്വർ,​ കുൽദീപ്,​ ഖലീൽ,​ ഷാമി

കുതിച്ചുകയറാൻ കംഗാരുക്കൾ

ഏകദിന പരമ്പര സ്വന്തമാക്കുകയെന്നത് ആസ്ട്രേലിയയ്ക്ക് അഭിമാന പ്രശ്നമാണ്. ഏറെ നാളുകൾക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ പേസർ പീറ്രർ സിഡിൽ ഇന്ന് കളിച്ചേക്കും. കാരേയ് ആയിരിക്കും ഫിഞ്ചിനൊപ്പം ഓപ്പണറുടെ റോളിൽ എത്തുക. ഉസ്‌മാൻ ഖവേജയും ഹാൻഡ്സ്‌കോമ്പും ഇന്ന് അവസാന ഇലവനിൽ ഉണ്ടായിരിക്കുമെന്നാണ് വിവരം. പന്ത് ചുരണ്ടൽ വിവാദത്തിൽ കുടുങ്ങിയ ബെഹ്റൻഡ്രോഫും ഇന്ന് കളിക്കാനാണ് സാധ്യത.

സാധ്യത ടീം: ഫിഞ്ച്,​ കാരെയ്,​ ഖവേജ,​ ഷോൺ മാർഷ്,​ ഹാൻഡ്സ്കോമ്പ്,​ സ്റ്റോയിനിസ്,​ മാക്സ്‌വെൽ,​ സിഡിൽ,​ റിച്ചാർഡ്സ്ൺ,​ ലിയോൺ,​ ബെഹ്റൻഡ്രോഫ്.

നോട്ട് ദ പോയിന്റ്

ഇതുവരെ സിഡ്നിയിൽ 16 ഏകദിനങ്ങളിൽ ഇരുടീമും മുഖാമുഖം വന്നിട്ടുണ്ട്. ഇതിൽ 13 എണ്ണത്തിലും ആസ്ട്രേലിയക്കായിരുന്നു ജയം. മൂന്നെണ്ണത്തിൽ ഇന്ത്യ ജയിച്ചു. അവസാനം (2016)​ ഇവിടെ നടന്ന മത്സരത്തിൽ ഇന്ത്യയ്ക്കായിരുന്നു ജയം.

ധവാന് 65 റൺസ് കൂടി നേടിയാൽ ഏകദിനത്തിൽ 5000 റൺസ് തികയ്ക്കാം. ഭുവനേശ്വർക്ക് ഒരു വിക്കറ്ര് കൂടി നേടാനായാൽ 100 വിക്കറ്ര് തികയ്ക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN SPORTS
YOU MAY LIKE IN SPORTS