വീണ്ടും വിദർഭയുടെ വിജയമുത്തം

Friday 08 February 2019 12:35 AM IST

ranji-trophy-cricket-matc

നാഗ്പൂർ:രഞ്ജി ട്രോഫി കിരീടത്തിൽ ഇത്തവണയും വിദർഭയുടെ വിജയമുത്തം. നാഗ്പൂർ വേദിയായ ഫൈനലിൽ സൗരാഷ്ട്രയെ 78 റൺസിന് കീഴടക്കിയാണ് വിദർഭ തുടർച്ചയായ രണ്ടാം തവണയും രഞ്ജി ട്രോഫി ചാമ്പ്യൻമാരായത്.മത്സരത്തിന്റെ അഞ്ചാം ദിനമായ ഇന്നലെ വിദർഭ ഉയർത്തിയ 206 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന് 58/5 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ സൗരാഷ്ട്ര 127 റൺസിന് ആൾ ഔട്ടാവുകയായിരുന്നു. 24 ഓവറിൽ 6 മെയ്ഡനുൾപ്പെടെ 59 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ വിദർഭയുടെ ഇടങ്കൈയൻ സ്പിന്നർ ആദിത്യ സർവാട്ടേയായിരുന്നു സൗരാഷ്ട്രയുടെ അന്തകനായത്. നേരത്തേ ഒന്നാം ഇന്നിംഗ്സിൽ സർവാട്ടേ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. ബാറ്റിംഗിലും മികവ് പുറത്തെടുത്ത സർവാട്ടേ വിദർഭയുടെ രണ്ടാം ഇന്നിംഗ്സിൽ 49 റൺസ്നേടി തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. സർവാട്ടേ തന്നെയാണ് മാൻ ഒഫ് ദമാച്ച്. സ്കോർ:വിദർഭ 312/10, 200/10, സൗരാഷ്ട്ര 307/10, 127/10.

58/5 എന്ന നിലിയിൽ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച സൗരാഷ്ട്രയെ 127 റൺസിൽ സർവാട്ടെയുടെ നേതൃത്വത്തിൽ വിദർഭ ബൗളർമാർ ചുരുട്ടിക്കെട്ടുകയായിരുന്നു. മക്വാനയെ (14) ക്ലീൻബൗൾഡാക്കിയാണ് സർവാട്ടെ ഇന്നലെ വിദർഭയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. മങ്കാദിനെ (2) വാഖ്റെ വിക്കറ്രിന് മുന്നിൽ കുടുക്കി.വിദർഭ ബൗളിംഗിനെതിരെ ഒറ്രയ്ക്ക് ചെറുത്ത് നിന്ന വിശ്വരാജ് ജഡേജയാണ് (52) പിന്നീട് വീണത് ജഡേജയെ സർവാട്ടെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ജഡേജയാണ് രണ്ടാം ഇന്നിംഗ്സിൽ സൗരാഷ്ട്രയുടെ ടോപ് സ്കോറർ. 137 പന്ത് നേരിട്ട് 6ഫോറുൾപ്പെട്ടതായിരുന്നു ജഡേജയുടെ ഇന്നിംഗ്സ്. സൗരാഷ്ട്ര ക്യാപ്‌ടൻ ജയദേവ് ഉനദ്കടും (7) സർവാട്ടെയുടെ പന്തിൽ എൽബിയായി മടങ്ങി. അവസാന നിമിഷങ്ങളിൽ ചെറുത്ത് നില്പ് നടത്തിയ ധർമ്മേന്ദ്രസിൻഹ് ജഡേജയെ (56 പന്തിൽ 17) സർവാട്ടെയുടെ കൈയിൽ എത്തിച്ച് വാഖ്റെയാണ് സൗരാഷ്ട്ര ഇന്നിംഗ്സിന് തിരശീലയിട്ടത്. വാഖ്റെ മൂന്നും ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

2-ാം തവണയാണ് വിദർഭ രഞ്ജി ചാമ്പ്യൻമാരാകുന്നത്.

നേരത്തേ 2017/18 സീസണിലും വിദർഭ രഞ്ജിട്രോഫി സ്വന്തമാക്കി.

സൗരാഷ്ട്ര മൂന്നാം തവണയാണ് രഞ്ജി ഫൈനലിൽ തോൽക്കുന്നത്

നേരത്തേ 2012/13, 2016/15 സീസണുകളിൽ മുംബയ്‌യോടാണ് സൗരാഷ്ട്ര ഫൈനലിൽ തോറ്രത്

ഇത്തവണ വിസ്മയക്കുതിപ്പ് നടത്തിയ കേരളം സെമിയിൽ തോറ്രത് വിദർഭയോടായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN SPORTS
YOU MAY LIKE IN SPORTS