കണക്ക് തീർക്കാൻ ഓസീസ് വരുന്നു

വിഷ്ണു ദാമോദർ | Thursday 07 February 2019 12:43 PM IST

ms-

ഡൽഹി: ടെസ്റ്റിൽ ദയനീയ പരാജയം. ഏകദിനത്തിൽ ഞെട്ടിപ്പിക്കുന്ന തോൽവി. സ്വന്തം നാട്ടിൽ കോഹ് ലി പടയ്ക്ക് മുന്നിൽ തകർന്നടിഞ്ഞ ഓസീസ് കണക്ക് തീർക്കാൻ ഈ മാസം ഇന്ത്യയിലെത്തും. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയും രണ്ട് ട്വന്റി 20 മത്സരങ്ങളുമാണ് പരമ്പരയിലുണ്ടാവുക. എന്നാൽ, മികച്ച ഫോമിലുള്ള ഇന്ത്യൻ ടീമിനെ സ്വന്തം മണ്ണിൽ തോൽപ്പിക്കാൻ ആസ്ട്രേലിയയ്ക്ക് പ്രയാസമായിരിക്കുമെന്നാണ് വിലയിരുത്തൽ.

പരമ്പരയുടെ സ്ഥലവും തീയതിയും ബി.സി.സി.ഐ പ്രഖ്യാപിച്ചു. ഈ മാസം 24 മുതൽ മാർച്ച് 13 വരെ. ആദ്യം ട്വന്റി 20 പരമ്പര. പിന്നീട് ഏകദിനം. ഫെബ്രുവരി 24ന് ആദ്യ ട്വന്റി 20 മത്സരം നടക്കും. 27ന് ബംഗളൂരുവിലാണ് രണ്ടാമത്തെയും അവസാനത്തേതുമായ മത്സരം. മാർച്ച് 2ന് ആദ്യ ഏകദിന മത്സരം ഹൈദരാബാദിൽ നടക്കും. 5ന് നാഗ്പൂർ, 8ന് റാഞ്ചി, 10ന് മൊഹാലി, 13ന് ഡൽഹി എന്നിവിടങ്ങളിലാണ് തുടർന്നുള്ള മത്സരങ്ങൾ. മേയിൽ ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ലോകകപ്പിന് ഒരുങ്ങാനുള്ള ഇരു ടീമുകളുടെയും അവസാന അവസരമാണ് വന്നുചേരുന്നത്.

ബുമ്ര തിരിച്ചെത്തും
ന്യൂസിലാന്റ് പര്യടനത്തിൽ നിന്നും വിശ്രമം അനുവദിച്ച ഇന്ത്യൻ പേസർ ജസ് പ്രീത് ബുമ്ര ആസ്‌ട്രേലിയൻ പരമ്പരയിൽ തിരിച്ചെത്തും. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന് ഓസീസിന്റെ ഇന്ത്യൻ പര്യടനം മുന്നിൽ കണ്ടാണ് ബി.സി.സി.ഐ വിശ്രമമനുവദിച്ചത്. ആസ്ട്രേലിയയ്ക്കെതിരായ നാല് ടെസ്റ്റുകളിലായി 157.1 ഓവറുകളെറിഞ്ഞ് ബുമ്ര 21 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ 2018ൽ ഏറ്റവും കൂടുതൽ ഓവറുകൾ ബോൾ ചെയ്ത താരങ്ങൾ ബുമ്രയും ഓസീസിന്റെ നേഥൻ ലയണുമാണ്. 511.3 ഓവറുകൾ ബൗൾ ചെയ്ത ബുമ്ര 78 വിക്കറ്റുകൾ നേടിയിരുന്നു. ലയണാകട്ടെ 636.3 ഓവറുകളാണ് എറിഞ്ഞത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN SPORTS
YOU MAY LIKE IN SPORTS