യുദ്ധം യു.എ.ഇയ്ക്കെതിരെ എ.എഫ്.സി ഏഷ്യൻകപ്പിൽ

Wednesday 09 January 2019 9:49 PM IST
afc-asian-cup-india-vs-ua
AFC ASIAN CUP INDIA VS UAE

അബുദാബിയിൽ നിന്ന്

സതീവൻ ബാലൻ

അബുദാബി : ആദ്യവിജയം നൽകിയ ആത്മവിശ്വാസവുമായി ഇന്ത്യ ഇന്ന് എ.എഫ്.സി ഏഷ്യൻ കപ്പിൽ ആതിഥേയർക്കെതിരെ അങ്കത്തിനിറങ്ങുന്നു. ഇന്ന് രാത്രി 9.30നാണ് ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള നിർണായ മത്സരത്തിന്റെ കിക്കോഫ്.

കഴിഞ്ഞ ഞായറാഴ്ച തങ്ങളുടെ ആദ്യ മത്സരത്തിൽ തായ്ലൻഡിനെ 4-1ന് തകർത്തെറിഞ്ഞ് എ ഗ്രൂപ്പിൽ ഒന്നാമൻമാരായാണ് ഇന്ത്യയുടെ വരവ്. ആതിഥേയരാകട്ടെ ഉദ്ഘാടന മത്സരത്തിൽ ബഹ്റിനുമായി 1-1ന് സമനിലയിൽ പിരിയേണ്ടിവന്നതിന്റെ സമ്മർദ്ദത്തിലും. എ ഗ്രൂപ്പിൽ നിന്ന് പ്രീക്വാർട്ടറിലേക്ക് കടക്കുന്ന ആദ്യ ടീമാകാൻ ഇന്നും വിജയിക്കാനുറച്ചിരിക്കുകയണ് ഇന്ത്യ. അതേസമയം ആതിഥ്യം വഹിക്കുന്ന ടൂർണമെന്റിൽ ആദ്യ റൗണ്ടിൽത്തന്നെ പുറത്താവുകയെന്ന നാണക്കേട് ഒഴിവാക്കാൻ യു.എ.ഇയ്ക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചേ മതിയാകൂ.

തായ്ലൻഡിനെതിരെ വിജയിച്ചു എന്നതിലല്ല, വിജയമാർജിനിലാണ് ഇന്ത്യയുടെ ആത്മവിശ്വാസം. സമീപകാലത്തെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന വിജയമാർജിനായിരുന്നു ഇത്. ആദ്യപകുതിയിൽ 1-1ന് സമനിലയിലായിരുന്നുവെങ്കിൽ രണ്ടാംപകുതിയിൽ അതിഗംഭീരമായ പ്രകടനത്തിലൂടെ മൂന്ന് ഗോളുകൾ വീഴ്ത്തുകയായിരുന്നു ഇന്ത്യ. ഇന്ത്യയിൽ നിന്ന് ഇത്ര മികച്ച മാർജിൻ ആരാധകരും പ്രതീക്ഷിച്ചിരുന്നില്ല. രണ്ട് ഗോളുകൾ നേടിയ നായകൻ സുനിൽ ഛെത്രി തന്നെയാണ് മികച്ചുനിന്നത്. ടീമിന് ആകെ ഉണർന്ന് പകരാൻ ഛെത്രിക്ക് കഴിയുന്നു. അനിരുദ്ധ് താപ്പ, ആഷിഖ് കുരുണിയൻ എന്നിവരുടെ മികച്ച പ്രകടനങ്ങളും എടുത്തുപറയേണ്ടതാണ്. ജെജെലാൽ പെഖുലയെ തായ്ലൻഡിനെതിരെ ബെഞ്ചിലിരുത്തി ആഷിഖിന് ആദ്യ ഇലവനിൽ അവസരം നൽകിയ കോച്ചിന്റെ തീരുമാനം ഇൗ മത്സരത്തിലും ആവർത്തിച്ചേക്കാം. ജെജെ പകരക്കാരനായിറങ്ങി ഗോൾ നേടിയിരുന്നു. അനിരുദ്ധ് താപ്പ ആദ്യപകുതിയിൽ നിരവധി മിസ് പാസുകൾ നടത്തിയിരുന്നുവെങ്കിലും രണ്ടാം പകുതിയിൽ അതിനെയെല്ലാം മറികടക്കുന്ന മികവ് കാട്ടാൻ കഴിഞ്ഞു.

തായ്ലൻഡിനെതിരായ മത്സരം ഇന്ത്യൻനിരയിൽ ആവേശം നിറയ്ക്കുന്നതിനൊപ്പം ആശങ്കകളും ഉണർത്തുന്നുണ്ട്. പ്രത്യേകിച്ച് ആദ്യപകുതിയിലെ പ്രകടനം. മുന്നേറ്റത്തിലേക്ക് കൃത്യമായി പന്തെത്തിക്കുന്നതിലും എതിരാളികളെക്കാൾ ശരീരിക ക്ഷമത പുലർത്തുന്നതിലും ഇന്ത്യ വിയർത്തിരുന്നു. പ്രതിരോധത്തിൽ സന്ദേശ് ജിംഗാനും അനസ് എടത്തൊടികയും മികവ് കാട്ടുന്നുവെങ്കിലും സെറ്റ് പീസുകളെ നേരിടുന്നതിൽ കൂടുതൽ ക്രിയാത്മകത പുലർത്തേണ്ടിയിരിക്കുന്നു. ഫുട്ബാൾ ഒരു ടീം ഗെയിമായതിനാൽ ഛെത്രി എന്ന ഒറ്റയാളിൽ മാത്രം പ്രതീക്ഷയർപ്പിച്ച് കളിക്കാനും കഴിയില്ല. മിഡ്ഫീൽഡിൽ ഉദാന്ത സിംഗിന്റെയും ആഷിഖ് കുരുണിയനിന്റെയും പ്രകടനമാകും ഇന്ത്യയ്ക്ക് നിർണായകമാവുക. കഴിഞ്ഞ മത്സരത്തിലേതുപോലെ ചാൻസുകൾ സൃഷ്ടിക്കാൻ ഇരുവർക്കും കഴിഞ്ഞാൽ മത്സരം ഇന്ത്യയുടേതാക്കി മാറ്റാൻ കഴിയും.

ബഹ്റിനെതിരെ യു.എ.ഇയ്ക്ക് പിഴച്ചത് ഫിനിഷിംഗിലാണ്. അവസാന സമയത്താണ് അവർക്ക് ഒരു ഗോൾ തിരിച്ചടിച്ച് സമനില പിടിക്കാനായത്. മിഡ്ഫീൽഡർ ഇസ്മായിൽ ഹമ്മാദിയാണ് അവരുടെ മികച്ച താരവും ആസൂത്രണ കേന്ദ്രവും. 2015 ലെ ഏഷ്യൻ പ്ളേയർ ഒഫ്ദ ഇയറായിരുന്ന അഹ്‌മദ് ഖലീലും അലി മബ്ഖൗത്തും യു.എ.ഇ നിരയിലുണ്ട്. മിഡ്ഫീൽഡാണ് ആതിഥേയരുടെ ശക്തി കേന്ദ്രം.

(കേരളത്തെ സന്തോഷ് ട്രോഫി ജേതാക്കളാക്കിയ പരിശീലകനാണ് ലേഖകൻ).

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN SPORTS
YOU MAY LIKE IN SPORTS