ലോകം തേങ്ങി, സല

Saturday 09 February 2019 12:08 AM IST

sala

എമിലിയാനൊ സല (1990-2019)

ലണ്ടൻ: പ്രാർത്ഥനകൾക്കും കാത്തിരിപ്പുകൾക്കും വിരാമം. ഫുട്ബാൾ മൈതാനത്ത് ആരാധകരെ ആവേശത്തിൽ ആറാടിക്കാൻ ഇനി എമിലിയാനൊ സല ഇല്ലെന്ന കാര്യം ഉറപ്പായി. കഴിഞ്ഞ ദിവസം ഇംഗ്ലീഷ് ചാനലിന്റെ അടിത്തട്ടിൽ നിന്ന് കണ്ടെത്തിയ വിമാന അവശിഷ്ടങ്ങൾക്കിടയിലുണ്ടായിരുന്ന മൃതദേഹം സലയുടേതാണെന്ന് ഡോർസെറ്റ് പൊലീസ് സ്ഥിരീകരിച്ചു. ബുധനാഴ്ചയായിരുന്നു വിമാനവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.എന്നാൽ ഒൗദ്യോഗിക സ്ഥിരീകരണം ഉണ്ടായത് ഇന്നലെയാണ്. അതേസമയം സലയ്ക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ഡേവിഡ് ഇബോട്സണെക്കുറിച്ച് ഇതുവരെ ഒരു വിവരവും ഇല്ല,.

ഇനുവരി 21നാണ് സല സഞ്ചരിച്ച ചെറുവിമാനം ഇംഗ്ലീഷ് ചാനലിനു മുകളിൽ ഗ്യൂൺസേ ദ്വീപിന് സമീപം വച്ച് കാണാതായത്. വിവരമൊന്നും ലഭിക്കാതിരുന്നതിനാൽ ഇടയ്ക്ക് വച്ച് തിരച്ചിൽ നിറുത്തിയത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. പിന്നീട് എംബാപ്പെയെ പോലുള്ള താരങ്ങൾ തെരച്ചിലിനുള്ള ചെലവ് വഹിക്കാമെന്നറിയിച്ച് രംഗത്തെത്തിയതോടെയാണ് തെരച്ചിൽ പുനരാരംഭിച്ചത്. പിന്നീടാണ് ഇംഗ്ലീഷ് ചാനലിന്റെ അടിത്തട്ടിൽ നിന്ന് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. റിമോർട്ടുകൊണ്ട് പ്രവർത്തിപ്പിക്കുന്ന തെരച്ചിൽ വാഹനം ഉപയോഗിച്ചാണ് എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് സലയുടെ മൃതദേഹം കണ്ടെത്തിയത്.

സലയുടെ മൃതദേഹം കിട്ടിയ വിവരം സലയുടെ കുടുംബാംഗങ്ങളുംസ്ഥിരീകരിച്ചു.

തന്റെ പഴയ ക്ലബ് നാന്റസ് വിട്ട് പ്രിമിയർ ലീഗ് ക്ലബായ കാഡിഫ് സിറ്രിക്കൊപ്പം ചേരുന്നതിനായുള്ള യാത്രയ്ക്കിടെയാണ് സല സഞ്ചരിച്ച ചെറുവിമാനം കാണാതാകുന്നത്. ജനുവരി 21ന് രാത്രി 8.30വരെ വിമാനം റഡാർ പരിധിയിൽ ഉണ്ടായിരുന്നു പിന്നീടാണ് വിവരമില്ലാതായത്. സിംഗിൾ ടർബൈൻ എഞ്ചിനുള്ള 'പൈപ്പർപി.എ-46 മാലിബു' ചെറുവിമാനത്തിലാണ് സല സഞ്ചരിച്ചത്.

വലിയ ദുഖം

സലയുടെ മരണ വാർത്ത സ്ഥിരീകരിച്ച വിവരം ലോകം തേങ്ങലോടെയാണ്ശ്രവിച്ചത്. എംബാപ്പെ,​ മെസ്യൂട്ട് ഓസിൽ,​ ലോവ്റൻ ഉൾപ്പെടെ നിവധി താരങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ സലയ്ക്ക് അനുശേചനം അറിയിച്ചു. വലിയ ദുഖം അവനെയോർത്ത് ഹൃദയം തകർന്ന് കരയുന്നു. പിന്തുണച്ച എല്ലാവർക്കും നന്ദി -സലയുടെ കുടുംബം പുറത്തിറക്കിയ കുറിപ്പിലെ വാക്കുകൾ.

9-ാം നമ്പർ നാന്റസ് പിൻവലിച്ചു

എമിലിയാനൊ സലയോടുള്ള ആദര സൂചകമായി അദ്ദേഹം ഉപയോഗിച്ചിരുന്ന ഒമ്പതാം നമ്പർ ജേഴ്സി നാന്റസ് പിൻവലിച്ചു. കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗിൽ തങ്ങളുടെ മത്സരത്തിനിടെ സലയോടുള്ള ആദരവ് ഒമ്പതാം മിനിറ്രിൽ കളി നിറുത്തിവച്ച് നാന്റസ് പ്രകടിപ്പിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN SPORTS
YOU MAY LIKE IN SPORTS