ഗോർഡൻ ബാങ്ക്സ് വിടവാങ്ങി

Tuesday 12 February 2019 9:44 PM IST
gordon-banks-died
gordon banks died

ലണ്ടൻ : 1966ൽ ചരിത്രത്തിലാദ്യമായി ഇംഗ്ളണ്ട് ഫുട്ബാൾ ടീം ലോകകപ്പ് നേടുമ്പോൾ വലകാത്ത, 1970 ലോകകപ്പിൽ സാക്ഷാൽ പെലെയുടെ ബുള്ളറ്റ് ഹെഡർ അസാധാരണ ഡൈവിലൂടെ സേവ് ചെയ്ത ഇതിഹാസ ഗോൾ കീപ്പർ ഗോർഡൻ ബാങ്ക്സ് അന്തരിച്ചു. 81 വയസായിരുന്നു. ലോകത്തിലെ എക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായി പരിഗണിക്കപ്പെടുന്ന ഗോർഡൻ ബാങ്ക്സ് സ്വവസതിയിൽ ഉറക്കത്തിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

1963 മുതൽ 72 വരെ ഇംഗ്ളണ്ട് ദേശീയ ടീമിന്റെയും 1973 വരെ പ്രൊഫഷണൽ ക്ളബ് സ്റ്റോക് സിറ്റിയുടെയും വലകാത്ത അസാമാന്യ പ്രതിഭയായിരുന്നു ബാങ്ക്സ്. 73 മത്സരങ്ങളിലാണ് ബാങ്ക്സ് വിടർന്ന കൈപ്പത്തികളുമായി ഇംഗ്ളണ്ടിന്റെ കാവലിനിറങ്ങിയത്. സ്റ്റോക് സിറ്റിക്കുവേണ്ടി 200 ഒാളം മത്സരങ്ങളിൽ ഗോളിയായി. 1973ൽ ഒരു വാഹനാപകടത്തിൽ കണ്ണിന് പരിക്കേറ്റതിനെത്തുടർന്നാണ് 33-ാം വയസിൽ കളിക്കളം വിടേണ്ടിവന്നത്.

1966 ലോകകപ്പിൽ ഇംഗ്ളണ്ടിന്റെ എല്ലാ മത്സരങ്ങളിലും ഗോൾ കീപ്പറായി ഇറങ്ങിയത് ബാങ്ക്‌സായിരുന്നു. പശ്ചിമ ജർമ്മനിക്കെതിരായ ഫൈനലിൽ 4-2 ന് വിജയം നേടുമ്പോൾ ബാങ്ക്‌സിന്റെ സേവുകളും നിർണായകമായി.

ഇംഗ്ളണ്ടിലെ ഷെഫീൽഡിൽ ജനിച്ച ബാങ്ക്സ് 1958ൽ ചെസ്റ്റർ ഫീൽഡ് ക്ളബിനുവേണ്ടിയാണ് ഫുട്ബാൾ ജീവിതം ആരംഭിച്ചത്. തൊട്ടടുത്ത വർഷം ലെസ്റ്റർ സിറ്റിയിലേക്കെത്തി. 1963 ലാണ് ആദ്യമായി ഇംഗ്ളണ്ടിന്റെ കുപ്പായം അണിയുന്നത്. 67ൽ സ്റ്റോക് സിറ്റിയിലേക്ക് കൂടുമാറി. അപകടത്തെത്തുടർന്ന് വിരമിച്ചെങ്കിലുംനാല് വർഷത്തിന് ശേഷം നോർത്ത് അമേരിക്കൻ സോക്കർ ലീഗ് ക്ളബ് ഫോർട്ട് ലോഡർ ഡേൽ സ്ട്രൈക്കേഴ്സിലൂടെ തിരിച്ചെത്തി.

സേവ് ഒഫ് ദ സെഞ്ച്വറി

1970 ലോകകപ്പിൽ ബ്രസീലും ഇംഗ്ളണ്ടും തമ്മിലുള്ള ഗ്രൂപ്പ് മത്സരത്തിലാണ് വിഖ്യാത സേവ് പിറന്നത്. വലതുവിംഗിൽ നിന്ന് ജയ്സീഞ്ഞോ നൽകിയ ക്രോസ് പെലെ ഉയർന്നു ചാടി തലവച്ചപ്പോൾ ഗോളെന്നാണ് കാണികളും പെലെയും കരുതിയത്. എന്നാൽ അസാമാന്യ മെയ്‌വഴക്കത്തോടെ ഡൈവ് ചെയ്ത ഗോർഡൻ ബാങ്ക്സ് തന്നെ കടന്നുപോയ പന്ത് കുത്തിയകറ്റുകയായിരുന്നു. സേവ് ഒഫ് ദ സെഞ്ച്വറിയെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ ഡൈവിനെ പെലെ പോലും അഭിനന്ദിച്ചു. 2008ൽ ബാങ്ക്സിന്റെ പ്രതിമ സ്റ്റോക് സിറ്റി ക്ളബിൽ ഉദ്ഘാടനം ചെയ്യാനെത്തിയ പെലെ ആ സേവിനെപ്പറ്റി വാതോരാതെ സംസാരിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN SPORTS
YOU MAY LIKE IN SPORTS