ഇന്ത്യൻ പുതുവർഷ പൊൻതിളക്കങ്ങൾ

അൻസാർ എസ്. രാജ് | Tuesday 08 January 2019 9:32 PM IST
new-year-india-victories
new year india victories

പുതുവർഷത്തിൽ ഇന്ത്യൻ കായിക പ്രേമികൾക്ക് എക്കാലവും അഭിമാനിക്കാൻ കഴിയുന്ന രണ്ട് വിജയങ്ങൾ പിറന്നിരിക്കുന്നു. ആദ്യത്തേത് അബുദാബിയിലാണെങ്കിൽ രണ്ടാമത്തേത് ആസ്ട്രേലിയയിലാണ്. ഒന്ന് ഇന്ത്യയുടെ ശക്തിദുർഗമായ ക്രിക്കറ്റിലാണെങ്കിൽ മറ്റൊന്ന് ഇനിയും കാലുറപ്പിച്ചു നിൽക്കാൻ കഴിഞ്ഞിട്ടില്ലാത്ത കാൽപ്പന്തുകളിയിലും.

യു.എ.ഇയിൽ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പിന്റെ ആദ്യ മത്സരത്തിൽ തായ്‌ലൻഡിനെതിരെയായിരുന്നു ഇന്ത്യയുടെ വിജയം. സാധാരണ ഒരു വിജയത്തേക്കാൾ 4-1 എന്ന മാർജിനാണ് ഇന്ത്യൻ ആരാധകരെ ഉത്തേജിതരാക്കിയത്. തങ്ങളെക്കാൾ റാങ്കിംഗിൽ മുന്നിലുള്ള ഒരു ടീമിനോട് ഇത്ര മികച്ച രീതിയിൽ കളിക്കാൻ കഴിയുമെന്ന് ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞപ്പോൾ ആ സമനിലയെങ്കിലും അവസാനം വരെ നിലനിറുത്താൻ കഴിയുമോ എന്നായിരുന്നു ഇന്ത്യൻ കാണികളുടെ സംശയം. എന്നാൽ ആദ്യ പകുതിയിൽ നിന്ന് വ്യത്യസ്തമായ ഒരു സമീപനമാണ് രണ്ടാം പകുതിയിൽ കണ്ടത്.

ഒരു പക്ഷേ ബ്രസീലിനെയും ജർമ്മനിയെയും പോലുള്ള ടീമുകൾ എതിരാളികളെ ചവിട്ടി മെതിക്കുന്നതുപോലെ തുരുതുരാ ഗോളുകൾ നേടുവാൻ ഇന്ത്യയ്ക്ക് കഴിഞ്ഞത് സമീപകാലത്തെങ്ങുമില്ലാതിരുന്ന കാഴ്ചയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കം തന്നെ ഛെത്രിയുടെ ഗോളിലൂടെയായിരുന്നു. ഈ ഗോളിന് പിന്നിൽ പ്രവർത്തിച്ചത് യുവ മലയാളി താരം ആഷിഖ് കുരുണിയനും ആദ്യ പകുതിയിൽ ഛെത്രിക്ക് ഗോളടിക്കാൻ കാരണമായ പെനാൽറ്റിയുടെ പിറവിക്ക് വഴിയൊരുക്കിയ ഇന്ത്യൻ മുന്നേറ്റത്തിന് പിന്നിലും ആഷിഖായിരുന്നു. 68-ാം മിനിട്ടിൽ ഇന്ത്യയുടെ മൂന്നാം ഗോളടിച്ച അനിരുദ്ധ് താപ്പ ആദ്യ പകുതിയിൽ എത്രയോ മിസ് പാസുകളാണ് നൽകിയത്. എന്നിട്ടും അടുത്ത പകുതിയിൽ ഗംഭീരമായി തിരിച്ചുവരാൻ താപ്പയ്ക്ക് കഴിഞ്ഞു. ആദ്യ അന്താരാഷ്ട്ര ഗോളും നേടി. അവസാന ഗോളടിച്ച ജെജെ ലാൽപെഖുല കഴിഞ്ഞ ജൂണിന് ശേഷം ആദ്യമായാണ് സ്കോർ ചെയ്യുന്നത്. ഫോമിലല്ലാത്തതുകാരണം ജെജെയെ പകരക്കാരന്റെ ബെഞ്ചിലിരുത്തിയശേഷമാണ് ആഷിഖിന് അവസരം നൽകിയത്.

ഇന്ത്യയുടെ ഈ വിജയത്തിന്റെ ക്രെഡിറ്റ് പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈനിന്റെ ആത്മവിശ്വാസത്തിനും സുനിൽ ഛെത്രിയുടെ പരിചയ സമ്പത്തിനുമുള്ളതാണ്. പരിശീലക പദവിയിൽ രണ്ടാം വട്ടമെത്തിയ കോൺസ്റ്റന്റൈൻ 150 നു ചുറ്റും വട്ടം കറങ്ങിയിരുന്ന ഇന്ത്യയുടെ ഫിഫ റാങ്കിംഗ് കഴിഞ്ഞ കുറച്ചുനാളായി നൂറിനുള്ളിൽ നിറുത്തുന്നു. നാട്ടിലും വിദേശത്തും ശരാശരിക്കും മുകളിൽ നിൽക്കുന്ന പ്രകടനം പുറത്തെടുപ്പിക്കുന്നു. 90 മിനിട്ട് കളിക്കളത്തിൽ ഓടി നിൽക്കാൻ ശേഷിയില്ലാത്തവരുടെ സംഘമെന്ന ദുഷ്പേര് മാറ്റിയെഴുതുന്നു. വലിയ ടൂർണമെന്റുകളിൽ വലിയ വിജയങ്ങൾ തന്നെ നേടാൻ കഴിയുമെന്ന് തെളിയിക്കുന്നു.

നായകന്റെ ആംബാൻഡ് ഗോൾ കീപ്പറെ ഏൽപ്പിച്ച് ഇറങ്ങിയ ഛെത്രി പക്ഷേ തന്റെ പരിചയ സമ്പത്ത് കൈമോശം വരുത്തിയിട്ടില്ല. രാജ്യത്തിന് വേണ്ടിയും ഐ.എസ്.എല്ലിലും ഗംഭീര പ്രകടന കാഴ്ച വയ്ക്കുന്ന ഛെത്രിയുടെ മാന്ത്രിക ടച്ചാണ് തായ്ലൻഡിനെതിരായ വിജയത്തിന് അടിത്തറയിട്ടത്. അന്താരാഷ്ട്ര ഗോൾ വേട്ടയിൽ സാക്ഷാൽ ലയണൽ മെസിയെ മറികടക്കാൻ കഴിഞ്ഞു എന്ന അപൂർവ നേട്ടത്തിനും അബുദാബിയിലെ ഇരട്ട ഗോളുകളോടെ ഛെത്രിക്ക് കഴിഞ്ഞു. ഇപ്പോൾ രംഗത്തുള്ള കളിക്കാരിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് ഇക്കാര്യത്തിൽ ഛെത്രിക്ക് മുന്നിൽ.

നല്ല തുടക്കം പാതി യുദ്ധം ജയിച്ചതിന് തുല്യമാണെന്ന് പറയാറുണ്ട്. 2011 ന് ശേഷം ആദ്യമായി എ.എഫ്.സി കപ്പിന് യോഗ്യത നേടിയ ഇന്ത്യയ്ക്ക് അബുദാബിയിൽ ലഭിച്ചിരിക്കുന്നത് ഗംഭീര തുടക്കമാണ്. എന്നാൽ പ്രീ ക്വാർട്ടറിലേക്ക് എത്തുവാൻ ഇനിയും വെല്ലുവിളികൾ നേരിടേണ്ടതുണ്ട്. തായ്‌ലൻഡിനെ തകർത്തെറിഞ്ഞ വീര്യം അതിന് ഊർജം പകരുമെന്ന് തീർച്ച.

തായ്ലൻഡിനെതിരായ വൻ വിജയം ഇന്ത്യയ്ക്ക് ഒരിക്കലെങ്കിലും ലോകകപ്പ് കളിക്കാനാവുമോ എല്ല ആരാധകരുടെ സ്വപ്നത്തെയും ഉണർത്തിയിരിക്കുകയാണ്. 24 ൽ നിന്ന് 48 ടീമുകളിലേക്ക് ലോകകപ്പ് വളരുമ്പോൾ ഇന്ത്യയ്ക്കു അതിലൊരു സ്ഥാനം ഇനി സ്വപ്നം കാണാം. ഇതുപോലെയുള്ള വിജയങ്ങൾ അതിന്റെ ശക്തി വർദ്ധിപ്പിക്കും. ഈ പുതുവർഷം അതിനുള്ള തുടക്കമാകണം.

അബുദാബിയിലേത് അപ്രതീക്ഷിത വിജയമായിരുന്നുവെങ്കിൽ സിഡ്നിയിൽ നിന്നുള്ളത് പ്രഖ്യാപിക്കാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. അവസാന ടെസ്റ്റിൽ ഇന്ത്യ 606/7 എന്ന കൂറ്റൻ സ്കോർ ഉയർത്തിയപ്പോൾ തന്നെ ആസ്ട്രേലിയയ്ക്ക് മത്സരം ജയിക്കാൻ കഴിയില്ലെന്ന് ഉറപ്പായിരുന്നു. അവർ ഒന്നാം ഇന്നിംഗ്സിൽ 300 ന് ആൾ ഔട്ടായപ്പോൾ ഇന്നിംഗ്സ് വിജയം പ്രതീക്ഷിച്ചാണ് ഇന്ത്യ ഫോളോ ഓൺ ചെയ്യിച്ചത്. എന്നാൽ മഴയും ഇരുട്ടും ചേർന്ന് വലിയൊരു പരമ്പരത്തോൽവിയിലെ കംഗാരുക്കണ്ണീർ അധികം പടരാതിരിക്കാൻ സഹായിച്ചു.

സ്വാതന്ത്ര്യം കിട്ടിയ കാലം തൊട്ടേ ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്ട്രേലിയയിൽ പര്യടനം നടത്തിയിട്ടും ഒരു പരമ്പര അവിടെ ജയിക്കാൻ കഴിയുന്നത് ഇതാദ്യമായാണ്. മറ്റ് പല ഏഷ്യൻ രാജ്യങ്ങൾക്കും ആസ്ട്രേലിയ ഇന്നും ബാലികേറാ മലയാണ്. ആ അപൂർവ്വ സുന്ദര ചരിത്രത്തിന്റെ മണിച്ചിത്രത്താഴാണ് മാന്ത്രികത്താക്കോലിട്ട് വിരാട് കൊഹ്‌ലി തുറന്നത്.

ഇന്ത്യയ്ക്ക് ആസ്ട്രേലിയൻ മണ്ണിൽ ഒരു പരമ്പര നേടാനുള്ള ഗോൾഡൻ ചാൻസാണിതെന്ന് പര്യടനത്തിന് മുമ്പേ വിലയിരുത്തപ്പെട്ടിരുന്നു. രണ്ട് ടീമുകളുടെയും നിലവാരത്തിലുണ്ടായിരുന്ന വ്യത്യാസമാണ് അതിന് കാരണം. വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിൽ സ്വന്തം മണ്ണിൽ തുരുതരാ ടെസ്റ്റ് പരമ്പരകൾ ജയിച്ചുവന്ന ഇന്ത്യൻ ടീം കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയിലും ഇംഗ്ളണ്ടിലും നടത്തിയ പര്യടനങ്ങൾ ഫലപ്രാപ്തിയിലേക്ക് എത്തിക്കാൻ കഴിഞ്ഞിരുന്നില്ല.

ഇത്തവണ അഡ്ലെയ്ഡിലെ ആദ്യടെസ്റ്റിലെ വിജയം തന്നെ ഇന്ത്യയ്ക്ക് പരമ്പര പ്രതീക്ഷ നൽകി. പെർത്തിൽ തിരിച്ചടി കിട്ടിയെങ്കിലും മുന്നിൽക്കണ്ട പ്രതിസന്ധികളെയെല്ലാം അപൂർവമായ ധൈര്യത്തിലൂടെ മറികടക്കാൻ മെൽബണിലായി. സിഡ്നിയിൽ വിജയിച്ചില്ലെങ്കിൽപ്പോലും പരമ്പര ലഭിക്കുമെന്ന ആത്മ വിശ്വാസത്തിലേക്ക് എത്താനും കഴിഞ്ഞു.

കഴിഞ്ഞ രണ്ട് വിദേശ പര്യടനങ്ങളിലെന്നപോലെ നായകൻ വിരാട് കൊഹ്‌ലിയിൽ പ്രതീക്ഷയർപ്പിച്ചാണ് ഇന്ത്യ ആസ്ട്രേലിയയിലേക്ക് എത്തിയത്. എന്നാൽ പിടിച്ചതിനേക്കാൾ വലുതാണ് അളയിൽ എന്ന മട്ടിൽ ചേതേശ്വർ പുജാരയുണ്ടായിരുന്നു. പ്രതീക്ഷകളുടെ അമിതഭാരം ഇല്ലാത്തതിനാലാവണം പുജാര വളരെ സുന്ദരമായി തന്റേതായ ശൈലിയിൽ മൂന്ന് സെഞ്ച്വറികൾ നേടിയത്. പുജാരയെപ്പോലെ നിറഞ്ഞുകളിക്കാൻ ശേഷിയുള്ള ഒരു ബാറ്റ്‌സ്‌മാന്റെ അഭാവമാണ് ആസ്ട്രേലിയ നേരിട്ട ഏറ്റവും വലിയ തിരിച്ചടി.

സ്റ്റീവൻ സ്മിത്തും ഡേവിഡ് വാർണറും ഇല്ലാത്തതുകൊണ്ടാണ് ആസ്ട്രേലിയയെ അരുടെ മണ്ണിൽ ചെന്ന് തോൽപ്പിക്കാനായതെന്ന് ചിലരെങ്കിലും വിമർശിക്കുന്നുണ്ട്. ഈ രണ്ട് മഹാരഥൻമാരുടെ അഭാവം ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കി എന്നത് നിസംശയം പറയാം. പക്ഷേ ഇവർ രണ്ടുപേരും ഉണ്ടായിരുന്നെങ്കിൽ ചരിത്രവിധി മാറ്റിയെഴുതാൻ കഴിയുമായിരുന്നുവോ? ഈ പരമ്പരയിലെ ആസ്ട്രേലിയൻ പേസർമാരുടെയും ബാറ്റ്സ്‌മാൻമാരുടെയും പ്രകടനം അങ്ങനെയൊരു സാങ്കൽപ്പിക ചോദ്യത്തിന് അരങ്ങൊരുക്കുന്നില്ല എന്നതാണ് വാസ്തവം.

സ്മിത്തിന്റെയും വാർണറുടെയും അഭാവം കൊണ്ട് പുജാരയുടെ ക്ളാസിക് പ്രകടനത്തിന്റെ മാറ്റു കുറയ്ക്കാനാവില്ല. വിരാട് കൊഹ‌ലിയുടെ നേതൃ ശേഷിയെ താഴ്ത്തിക്കെട്ടാനാവില്ല. ജസ്‌പ്രീത് ബുംറ, ഷമി. ഇശാന്ത് എന്നിവരുടെ കൂട്ടായ പേസ് ആക്രമണത്തെ ചെറുതാക്കാനാവില്ല. അരങ്ങേറ്റത്തിൽ ഒട്ടും പരിചയമില്ലാതെ ഓപ്പണിംഗിനിറങ്ങി അർദ്ധ സെഞ്ച്വറിയടിച്ച മായാങ്കിനെ മറക്കാനാവില്ല. രോഹിത്, ഹനുമ വിഹാരി, അജിങ്ക്യ രഹാനെ, കുൽദീപ് തുടങ്ങിയവരുടെ എണ്ണം പറഞ്ഞ പോരാട്ടങ്ങളെ തള്ളിക്കളയാനാവില്ല. ഗാവസ്കർ പറഞ്ഞപോലെ തങ്ങൾക്ക് ലഭിച്ച എതിരാളികളെ നന്നായിത്തന്നെ കീഴടക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരിക്കുന്നു.

ഇതുവരെ കീഴടക്കാൻ കഴിയാതിരുന്ന ഒരു കൊടുമുടിയാണ് വിരാടിന്റെ കാൽ ചുവട്ടിലെത്തിയിരിക്കുന്നത്. ഇനി ഇന്ത്യൻ ക്രിക്കറ്റിന്റെ കൊടിക്കൂറ അവിടെ പാറിക്കളിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN SPORTS
YOU MAY LIKE IN SPORTS