ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക്സ്

Sunday 10 February 2019 9:37 PM IST
national-school-athletics
national school athletics

# ഹൈജമ്പിൽ സ്വർണം നേടിയത് മെറിൻ ബിജു

# ജിഷ്ണാ ആൻസി സോജൻ, നിവ്യ ആന്റണി എന്നിവർക്ക് വെള്ളി

നദിയാദ് (ഗുജറാത്ത്) : ഗുജറാത്തിലെ നദിയാദിൽ നടക്കുന്ന പെൺകുട്ടികളുടെ ദേശീയ സീനിയർ സ്കൂൾ മീറ്റിന്റെ ആദ്യ ദിനം കേരളത്തിന് ഒരു സ്വർണം മാത്രം. മൂന്ന് വെള്ളി മെഡലുകൾ കൂടി നേടി 27 പോയിന്റുകളുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് കേരളം. 25 പോയിന്റുള്ള തമിഴ്നാട് രണ്ടാം സ്ഥാനത്തും 19 പോയിന്റുള്ള ഹരിയാന മൂന്നാം സ്ഥാനത്തുമാണ്.

ഹൈജമ്പിൽ കോതമംഗലം സെന്റ് ജോർജ് സ്കൂളിലെ മെറിൻ ജോയിയാണ് ആദ്യ ദിനത്തിലെ കേരളത്തിന്റെ സ്വർണത്തിളക്കത്തിന് അവകാശിയായത്. ഈയിനത്തിൽ സ്വർണ പ്രതീക്ഷയായിരുന്ന കേരളത്തിന്റെ തന്നെ ജിഷ്ണയെ മറികടന്നായിരുന്നു മെറിന്റെ സ്വർണം. കല്ലടി കുമരംപുത്തൂർ സ്കൂളിലെ വിദ്യാർത്ഥിയായ ജിഷ്ണയും 1-74 മീറ്ററാണ് ക്ളിയർ ചെയ്തതെങ്കിലും ചാൻസുകളുടെ മികവിലാണ് മെറിന് സ്വർണം ലഭിച്ചത്.

100 മീറ്ററിൽ നാട്ടിക ഫിഷറീസ് എച്ച്.എസ്.എസിലെ ആൻസി സോജന് വെള്ളിമെഡൽ ലഭിച്ചു. തമിഴ് നാടിന്റെ ഗിരിധരണിയാണ് 11.81 സെക്കൻഡിൽ ഫിനിഷ് ചെയ്ത് മീറ്റിലെ വേഗതയേറിയ താരമായത്. 11.82 സെക്കൻഡിലാണ് ആൻസി ഫിനിഷ് ചെയ്തത്.

പോൾവാട്ടിൽ കേരളത്തിന്റെ സ്വർണപ്പറവയായ നിവ്യ ആന്റണിയെ അട്ടിമറിച്ച് തമിഴ്നാടിന്റെ പവിത്ര സ്വർണം നേടി. നിവ്യയും പവിത്രയും 3.55 മീറ്റർ വീതമാണ് ക്ളിയർ ചെയ്തതെങ്കിലും ചാൻസുകളുടെ എണ്ണക്കൂടുതൽ നിവ്യയെ പിന്നിലാക്കി.

# രണ്ട് വർഷം മുമ്പാണ് ദേശീയ സ്കൂൾ കായികമേളയെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ സീനിയർ, ജൂനിയർ, സബ് ജൂനിയർ എന്നിങ്ങനെ മൂന്നായി തിരിച്ചത്.

# ഇപ്പോൾ സീനിയർ വിഭാഗത്തെ വീണ്ടും രണ്ടായി വേർതിരിച്ചു. ആൺകുട്ടികളുടേതെന്നും, പെൺകുട്ടികളുടേതെന്നും.

# ആൺകുട്ടികളുടെ മീറ്റ് 15-ാം തീയതി മുതൽ ഇതേ വേദിയിൽ നടക്കും.

# പെൺകുട്ടികളുടെ മീറ്റാണ് ഇന്നലെ ഗുജറാത്തിലെ നദിയാദിൽ ആരംഭിച്ചത്.

# ലോക അത്‌ലറ്റിക്സിൽ മിക്‌സഡ് റിലേ പോലുള്ള ഇനങ്ങളുമായി ലിംഗ വിവേചനം മാറ്റുമ്പോഴാണ് ഇന്ത്യയിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ച് മീറ്റ് നടത്തുന്നത്.

# നടത്തിപ്പിനുള്ള സൗകര്യത്തിന്റെ പേരിലാണ് ഇതെങ്കിലും ദേശീയ ഓവറാൾ സ്കൂൾ അത്‌‌ലറ്റിക്സ് ചാമ്പ്യൻമാരെന്ന കേരളത്തിന്റെ കുത്തക തകർക്കുകയും ഇതിന്റെ ലക്ഷ്യമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN SPORTS
YOU MAY LIKE IN SPORTS