കൊച്ചിക്ക് വീണ്ടും വിജയം

എം.എസ്. സജീവൻ | Monday 11 February 2019 10:44 PM IST
pro-volley
pro volley

കൊച്ചി: ആദ്യത്തെ രണ്ടു സെറ്റുകളിലെ തോൽവിക്ക് മറുപടി നൽകി വീറും വാശിയും നിറച്ച കളിയിലൂടെ കൊച്ചി ബ്ളൂ സ്പൈക്കേഴ്സ് ചെന്നൈ സ്പാർട്ടൻസിനെ കീഴടക്കി. നിർണായകമായ അഞ്ചാം സെറ്റിൽ അഞ്ചു പോയിന്റ് ലീഡുമായാണ് വിജയം ഉറപ്പിച്ചത്. പോയിന്റ് : 12-15, 10- 15, 15-11, 15-13, 15-10. ചെന്നൈയുടെ ആന്ദ്രേജ് പാറ്റക്കാണ് കളിയിലെ താരം.

ഒന്നാം സെറ്റിലാകെ പന്തടക്കം ചെന്നൈയുടേതായിരുന്നു. കൊച്ചിയെ ഏഴിൽ നിറുത്തി 11 ചെന്നൈ നേടി. കൊച്ചി വിളിച്ച സൂപ്പർ പോയിന്റും നേടി ചെന്നൈ 13 ലെത്തി. വാശിയോടെ കളിച്ച കൊച്ചി തുടർച്ചയായി പോയിന്റ് നേടി 11 ലെത്തി. റസ്‌ലാൻസ് സോറോകിൻസിന്റെ തകർപ്പൻ പ്ളേസിംഗിലൂടെയാണ് ചെന്നൈ വിജയം ഉറപ്പിച്ചത്.

അക്രമിച്ച് കളിച്ചാണ് രണ്ടാം സെറ്റിലും ചെന്നൈയുടെ വിജയിച്ചത്. ശക്തമായ സ്മാഷും പ്ളേസിംഗും വിജയം കണ്ടു. പോയിന്റിൽ തുടക്കം മുതൽ നേടിയ മുൻതൂക്കം നിലനിറുത്തി. ചെന്നൈ 9 ൽ എത്തുമ്പോൾ കൊച്ചി 12 ലായിരുന്നു. പോയിന്റ് നിലയുയർത്തിയ ചെന്നൈ റസ്‌ലാൻസ് സോറോകിൻസിന്റെ പ്ളേസിംഗിലൂടെ വിജയം നേടുകയായിരുന്നു.

മൂന്നാം സെറ്റിൽ ഒമ്പത് വരെ നേടുമ്പോൾ ചെന്നൈ ആറിലായിരുന്നു. കൊച്ചിയുടെ പിഴവുകൾ മുതലാക്കി ചെന്നൈ ഒമ്പതിന് സമനില പിടിച്ചു. ഒരു പോയിന്റ് കൂടി ലഭിച്ചതിന് പിന്നാലെ കൊച്ചി സൂപ്പർ പോയിന്റും നേടി 13 ലെത്തി. പ്രഭാകരന്റെ സ്മാഷ് ചെന്നൈ ചെറുത്തെങ്കിലും കളത്തിന് പുറത്തുവീണതോടെ കൊച്ചി വിജയം നേടി.

തുല്യശക്തികളുടെ പോരാട്ടമായിരുന്നു നാലാം സെറ്റിൽ. നാലിലും ഏഴിലും ഒൻപതിലും പത്തിലും സമനിലയായി. സൂപ്പർ പോയിന്റിലൂടെ കൊച്ചി ലീഡ് പിടിച്ചു. ഡേവിഡ് ലീയുടെ സ്‌മാഷിലൂടെ 14 ലെത്തി. രണ്ടു പോയിന്റുകൂടി നേടി ചെന്നൈ 13 ലെത്തി. ചെന്നൈയുടെ മലയാളിതാരം അഖിൻ ജി.എസ് പ്ളേസ് ചെയ്ത പന്ത് കളത്തിന് പുറത്തുവീണു.

അഞ്ചാം സെറ്റിൽ തുടക്കം മുതൽ കൊച്ചിയാണ് ലീഡ് നിലനിറുത്തിയത്. ചെന്നൈയുടെ റസ്‌ലാൻസിന്റെ സ്മാഷ് പുറത്തുപോയതോടെ സൂപ്പർ പോയിന്റ് നേടയ കൊച്ചി 11-6 ലെത്തി. മികച്ച നീക്കങ്ങളിലൂടെ ചെന്നൈ പത്തു പോയിന്റ് വരെയെത്തിച്ചു. ഡേവിഡ് ലീയും മുജീബ് എം.സിയുന മികച്ച സ്മാഷുകളിലൂടെ 14 ലെത്തിച്ചു. കെ. പ്രവീൺകുമാറിന്റെ കിടിലൻ സ്മാഷിലൂടെയാണ് കൊച്ചി അഞ്ചാം സെറ്റ് സ്വന്തമാക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN SPORTS
YOU MAY LIKE IN SPORTS