ഹൈദരാബാദിന് അട്ടിമറി വിജയം

എം.എസ്. സജീവൻ | Tuesday 12 February 2019 9:50 PM IST
pro-volleyball-league
PRO VOLLEYBALL LEAGUE

കൊച്ചി: തുല്യനിലയിൽ മുന്നേറി അവസാന സെറ്റിലെ ഉജ്വല നേട്ടത്തോടെ പ്രോ വോളിബാൾ ലീഗിൽ ഹൈദരാബാദ് ബ്ളാക്ക് ഹോക്സിന് വിജയം. യു. മുംബെയെയാണ് തുരത്തിയത്. പോയിന്റ് : 13-15, 15-11, 7-15, 15-11. മുംബയുടെ ദിപേഷ് കുമാർ സിൻഹയാണ് കളിയിലെ കേമൻ.

മികച്ച പോരാട്ടത്തിലൂടെയാണ് മുംബ ആദ്യ സെറ്റ് നേടിയത്. ലീഡ് നേടിയ മുംബയ്ക്കൊപ്പമെത്താൻ ഹൈദരാബാദും ശ്രദ്ധിച്ചു. 10-9 ൽ മുംബ സൂപ്പർ പോയിന്റ് വിളിച്ചുനേടി. പിന്നാലെ ഹൈദരാബാദും സൂപ്പർ പോയിന്റ് സ്വന്തമാക്കി. 14-13 ൽ ശുഭം ചൗധരിയുടെ സ്മാഷ് പിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മുംബെ വിജയിയായി.

ഹൈദരാബാദ് വിജയിച്ച രണ്ടാം സെറ്റിൽ പകുതിയിൽ മുംബെ ലീഡ് പുലർത്തി. ഏഴു പോയിന്റിലാണ് ഹൈദരാബാദ് മുന്നേറ്റം കുറിച്ചത്. സൂപ്പർ പോയിന്റിലൂടെ ലീഡ് നേടിയ ഹൈദരാബാദിനെ തളയ്ക്കാൻ മുംബ ശ്രമിച്ചു. മുംബയെ 11 ൽ നിറുത്തി റൈസൺ ബനറ്റിന്റെ സ്മാഷിലൂടെ ഹൈദരാബാദ് സെറ്റ് നേടുകയായിരുന്നു.

ലീഡുറപ്പിച്ചാണ് മൂന്നാം സെറ്റിൽ മുംബ കളിച്ചത്. ഏഴ് പോയിന്റ് നേടുമ്പോഴും ഹൈദരാബാദ് മൂന്നിലായിരുന്നു. ലഭിച്ച സന്ദർഭങ്ങളെല്ലാം സ്മാഷും പ്ളേസിംഗുമായി പോയിന്റ് വർദ്ധിപ്പിച്ചു. പങ്കജ് ശർമ്മ, വിനീത്കുമാർ, ദീപേഷ് കുമാർ എന്നിവർ മുന്നേറ്റത്തിൽ കാര്യമായ പങ്ക് വഹിച്ചു. 14-11 ൽ നിൽക്കെ പ്ളേസിംഗിലൂടെ സൂപ്പർ പോയിന്റ് നേടി വിനീത്കുമാർ വിജയം ഉറപ്പിച്ചു.

ഒപ്പത്തിനൊപ്പം മുന്നേറി ഹൈദരാബാദ് നാലാം സെറ്റ് വിജയം പിടിച്ചടുക്കുകയായിരുന്നു. ആറിലും പത്തിലും 13 ലും 14 ലും സമനില പിടിച്ചു. അമിത് കുറാറിന്റെ സ്മാഷ് മുംബ ബ്ളോക്ക് ചെയ്തെങ്കിലും പുറത്തുപോയതോടെ ഹൈദരാബാദ് വിജയിച്ചു.

അവസാന സെറ്റിൽ ആറു പോയിന്റ് വരെ മുംബ മുന്നേറി. മൂന്നിൽ നിന്ന് ആറിലേക്കെത്തിയ ഹൈദരാബാദ് സമനില പിടിച്ചു. കാൾസൺ മാർട്ടിന്റെ മിന്നൽ നീക്കങ്ങളാണ് പോയിന്റ് വർദ്ധിപ്പിച്ചത്. മുംബയെ ഏഴിൽ നിറുത്തി ഹൈദരാബാദ് പത്തു നേടി. സൂപ്പർ പോയിന്റിലൂടെ പത്തിലെത്തിയ ഹൈരാബാദ് 11ൽ സമനില പിടിച്ചതിന്റെ പിന്നാലെ സൂപ്പർ പോയിന്റും സ്വന്തമാക്കി 13 ലെത്തി. പങ്കജ് ശർമ്മയുടെ പിഴവിലൂടെ 14 ലെത്തിയ ഹൈദരാബാദ് വിനീത് കുമാറിന്റെ സ്മാഷ് തടഞ്ഞാണ് നിർണായക വിജയം കരസ്ഥമാക്കിയത്.

ഇന്ന് കൊച്ചിയിൽ കലാശം

കാലിക്കട്ട് ഹീറോസും അഹമ്മദാബാദ് ഡിഫന്റേഴ്സും തമ്മിലുള്ള പോരാട്ടത്തോടെ പ്രോ വോളിബാൾ ലീഗിൽ കൊച്ചിയിലെ മത്സരങ്ങൾ ഇന്നവസാനിക്കും. ബാക്കി മത്സരങ്ങൾ ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലാണ്.

നാലു കളിയിലും വിജയിച്ച് ഒമ്പത് പോയിന്റുമായി കോഴിക്കോട് ലീഗിൽ ഒന്നാം സ്ഥാനത്താണ്. എട്ടുമായി കൊച്ചി ബ്ളൂ സ്പൈക്കേഴ്സ് രണ്ടാം സ്ഥാനത്തുമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN SPORTS
YOU MAY LIKE IN SPORTS