'എന്റെ ഉമ്മാന്റെ പേര്', ഈ ദുനിയാവിൽ ആരും യത്തീമല്ല

ശ്രീരാഗ് കക്കാട്ട് | Friday 21 December 2018 1:14 PM IST
ente-ummante-peru

എഴുത്തുകാരും കലാകാരന്മാരും എക്കാലത്തും ആഴത്തിൽ ഇഴകീറിനോക്കിയിട്ടുളള മനുഷ്യബന്ധങ്ങളിൽ മുൻനിരയിലാണ് അമ്മയും മക്കളും തമ്മിലുള്ള ബന്ധം. മലയാളസിനിമചരിത്രത്തിൽ തന്നെ ഈ ബന്ധത്തെ പല തവണ, പല തരത്തിൽ ചിത്രീകരിച്ചിട്ടുളളതായി കാണാം. അക്കൂട്ടത്തിലെ ഏറ്റവും പുതിയ ചിത്രമാണ് 'എന്റെ ഉമ്മാന്റെ പേര്'. നവാഗതനായ ജോസ് സെബാസ്റ്റ്യൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നവാഗതനായ ശരത്തിനൊപ്പം അദ്ദേഹം തന്നെ ചിത്രത്തിന്റെ തിരക്കഥയും നിർവഹിച്ചിരിക്കുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയോടൊപ്പം നിരവധി പരസ്യചിത്രങ്ങളിലും, സമീപകാലത്തിറങ്ങിയ ഒരുപാട് മറാത്തി സിനിമകളിലും സഹസംവിധായകനായി പ്രവർത്തിച്ച പരിചയത്തിന്റെ പിൻപറ്റിയാണ് ജോസ് സെബാസ്റ്റ്യൻ സംവിധാനരംഗത്തേക്ക് കടന്നുവരുന്നത്. തിരക്കഥ പൂർത്തിയായി, ഏകദേശം നാലു വർഷത്തോളം കഴിഞ്ഞാണ് ഈ ചിത്രം തിയറ്ററുകളിലെത്തുന്നത്.

ente-ummante-peru

ഉപ്പയുടെ മരണത്തോടെ യത്തീം (അനാഥൻ) ആവുന്ന ഹമീദിന്റെ നിക്കാഹ്, ഹമീദിന് കുടുംബക്കാരില്ലെന്ന പേരിൽ മുടങ്ങുന്നു. ഹമീദ് തന്റെ ഉമ്മയെ തിരഞ്ഞ് ഉപ്പയുടെ പഴയ ഭാര്യമാരുടെ അടുത്തേക്ക് പോവുന്നതും, തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം. ഹമീദായി ടൊവിനൊ തോമസും ഹമീദിന്റെ ഉപ്പയുടെ ആദ്യഭാര്യയായി ശാന്തി കൃഷ്ണയും രണ്ടാമത്തെ ഭാര്യയായി ഉർവശിയും സ്‌ക്രീനിലെത്തുന്നു. ഇഴഞ്ഞുതുടങ്ങിയ സിനിമയുടെ ആദ്യപകുതിയുടെ അവസാനത്തോടടുപ്പിച്ച്, ഉർവശി സ്‌ക്രീനിൽ എത്തുന്നതോടെയാണ് ചിത്രം രസകരമായ കഥാഗതിയിലേക്ക് പ്രവേശിക്കുന്നത്.

'അച്ചുവിന്റെ അമ്മ', 'മമ്മി ആന്റ് മി' തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ അമ്മവേഷങ്ങൾ കൈകാര്യം ചെയ്തിട്ടുളള ഉർവശി 'എന്റെ ഉമ്മാന്റെ പേരി'ൽ എത്തുമ്പോൾ, മക്കളെക്കുറിച്ച് അനാവശ്യ വേവലാതികൾ ഉളള അമ്മയല്ല. തന്റെ സന്തോഷങ്ങൾക്ക് മുൻഗണന കൊടുക്കുന്ന, എന്നാൽ മകനെ ചീത്ത പറഞ്ഞും ഗുണദോഷിച്ചുമൊക്കെ മുന്നോട്ടു നീങ്ങുന്ന ഒരു സാധാരണ പൊന്നാനിക്കാരിയാണ്. സമീപകാലത്ത് ഉർവശി ചെയ്തിട്ടുളളതിൽ ഏറ്റവും കൈയടക്കത്തോടെ കൈകാര്യം ചെയ്തിട്ടുളള റോളാണ് ഈ സിനിമയിലെ ഐഷുമ്മ എന്ന കഥാപാത്രം.വണ്ടി ഓടിക്കാനറിയാത്ത, താനൊരു യത്തീമല്ലെന്ന് തെളിയിക്കാനിറങ്ങുന്ന നിഷ്‌കളങ്കനായ ചെറുപ്പക്കാരനായ ഹമീദ് എന്ന കഥാപാത്രത്തെ ടൊവിനോ നന്നായിത്തന്നെ കൈകാര്യം ചെയ്തിരിക്കുന്നു. ഹമീദിന്റെ സന്തതസഹചാരിയായ വീരാൻ ആയി ഹരീഷ് കണാരനും ഉടനീളം ചിത്രത്തിൽ ഉണ്ട്. ഹരീഷും ഉർവശിയും കൂടിയുളള കോംബിനേഷൻ രംഗങ്ങൾ ചിരിപ്പിക്കുമ്പോൾ, ക്ലൈമാക്സിലെ ടൊവിനോ-ഉർവശി കോംബിനേഷൻ രംഗം വളരെ വൈകാരികമാണെന്നു മാത്രമല്ല, രണ്ടു പേരും ഒട്ടും അതിഭാവുകത്വമില്ലാതെ ആ സീൻ കൈകാര്യം ചെയ്തിരിക്കുന്നു. വളരെക്കാലം ആരുമില്ലാതെ ജീവിച്ച ഒരുമ്മയുടെയും ഉമ്മയില്ലാതെ ജീവിച്ച ഒരു മകന്റെയും മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകൾ സംവിധായകൻ ഒരു സൂര്യാസ്തമനത്തിന്റെ പശ്ചാത്തലത്തിൽ ഒപ്പിയെടുത്തിരിക്കുന്നു. അതിനാൽ തന്നെ, ഒരൽപം കണ്ണുനീരോടെയല്ലാതെ നമുക്ക് തിയറ്റർ വിട്ടിറങ്ങാനാവില്ല.

ente-ummante-peru

ആദ്യപകുതിയിലെ ചില വൈകാരികരംഗങ്ങളിൽ ടൊവിനോക്ക് അൽപം അടിപതറുന്നുണ്ടെങ്കിലും, ക്ലൈമാക്സിൽ മനോഹരപ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്.


ടൊവിനോയുടെ നായികയായി സായിപ്രിയ വളരെ കുറച്ചുരംഗങ്ങളിൽ മാത്രമേ ഉളളൂവെങ്കിലും വളരെ നല്ല സ്‌ക്രീൻ പ്രസൻസുളള ഒരു അഭിനേത്രിയാണ്.
ഗോപിസുന്ദറിന്റെ പശ്ചാത്തലസംഗീതം കഥാഗതിയോടിണങ്ങിച്ചേർന്ന, ഹൃദ്യമായ അനുഭവം പകരുന്നുണ്ട്.

പ്രശസ്ത വിദേശ സിനിമറ്റോഗ്രഫർ ആയ ജോർഡി പ്ലനൽ കോസ്റ്റ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ഇന്ത്യയിലെത്തന്നെ മുൻനിര ചിത്രസംയോജകനായ മഹേഷ് നാരായണൻ ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. അതിനാൽത്തന്നെ ചിത്രത്തിന്റെ അണിയറപ്രവർത്തകരെല്ലാം പ്രശംസാവഹമായ ജോലിയാണ് നിർവഹിച്ചിരിക്കുന്നതെന്ന് പ്രത്യേകം എടുത്തുപറയേണ്ടതില്ല. സിദ്ദിഖ്, മാമുക്കോയ, രാഘവൻ തുടങ്ങിയ സഹനടന്മാരും അവരവരുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

ente-ummante-peru

ലശ്ശേരി, കോഴിക്കോട്, പൊന്നാനി, ലഖ്നൗ തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ സിനിമ ചിത്രുകരിച്ചിരിക്കുന്നത്. ലഖ്നൗ നഗരത്തെ ഒരുപക്ഷേ ആദ്യമായിട്ടാവും ഒരു മലയിള സിനിമയിൽ ഇത്രയും ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നത്. ഈ ദുനിയാവിൽ ആരും യത്തീമായി ജനിക്കുന്നില്ല, രക്തബന്ധങ്ങളേക്കാൾ വലിയ ആത്മബന്ധങ്ങൾ ഉളളപ്പോൾ ആർക്കും യത്തീമായി ജീവിക്കേണ്ടതുമില്ല, എന്നോർമ്മപ്പെടുത്തുന്ന മനോഹരമായ, കുടുംബസമേതം ധൈര്യമായി കയറാവുന്ന ചിത്രമാണ് 'എന്റെ ഉമ്മാന്റെ പേര്'.

റേറ്റിംഗ് 3/5

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS