ഒടിയൻ - ചതിയുടെ കഥ

ആർ.സുമേഷ് | Friday 14 December 2018 11:35 AM IST
odiyan

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒടിയൻ എന്ന സിനിമ ഒടിയെ ജീവിതത്തിലെ വലിയൊരു ചതിയുടെ കഥയാണ് പറയുന്നത്. ഇന്നത്തെ തലമുറയ്ക്ക് കഥകളിലൂടെ പറഞ്ഞുകേട്ടുള്ള അറിവ് മാത്രമുള്ള ഒടിയന്റെ കഥ ബിഗ് സ‌്ക്രീനിലെത്തിക്കുന്പോൾ അത് ഏറ്റവും വലിയ വെല്ലുവിളി ആയിരിക്കും. പരസ്യചിത്ര സംവിധായകനായ വി.എ.ശ്രീകുമാർ മേനോൻ തന്റെ കന്നി സംരംഭത്തിൽ ആ വെല്ലുവിളിയാണ് ഏറ്റെടുത്തതെങ്കിലും പക്ഷേ,​ ഒടിയൻ എന്ന എടുത്താൽ പൊങ്ങാത്ത മിത്തിനെ ഉദ്ദേശലക്ഷ്യത്തിൽ എത്തിക്കുന്നതിൽ പൂർണമായും പരാജയപ്പെടുകയാണ്.

odiyan1

പാലക്കാട് തേങ്കുറുശി ഗ്രാമത്തിൽ ഒരു കാലത്ത് ഒടിയനായി ജീവിച്ചിരുന്ന മാണിക്യൻ 15 വർഷത്തെ അജ്ഞ‍ാതവാസത്തിന് ശേഷം മടങ്ങിയെത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം. അയാൾ എന്തിന് അവിടെ നിന്ന് പോയി,​ എന്തുകൊണ്ട് ഇപ്പോൾ മടങ്ങിവന്നു. ഒടിയന്റെ ജീവിതം സിനിമയിൽ പുരോഗമിക്കുന്നത് ഇങ്ങനെയാണ്. ഒടിയൻ എന്നത് വലിയൊരു കെട്ടുകഥയുടെ ഒരറ്റം മാത്രമാണെന്ന് മനസിലാക്കാതെയുള്ള കഥാഖ്യാന രീതിയാണ് സംവിധായകൻ അവലംബിച്ചിരിക്കുന്നത്. അതിനാൽ തന്നെ സിനിമയ്ക്ക് വേണ്ട വലിയ ആവേശച്ചേരുവകളൊന്നും കൊണ്ടുവരാൻ സംവിധായകനായിട്ടില്ല. ഒരു നടൻ ഈ കഥാപാത്രത്തിന് വേണ്ടി എടുത്ത പ്രയത്നങ്ങൾ സംവിധായകന്റെ മികവില്ലായ്മ കൊണ്ട് നിഷ്ഫലമായാൽ എന്തുചെയ്യും. കൈത്തഴക്കമുള്ള ഒരു സംവിധായകൻ ചെയ്തിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ. ചിത്രത്തിന് തിരക്കഥയൊരുക്കിയത് ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്‌ണനാണ്. എന്നാൽ,​ തികച്ചും സാധാരണ രീതിയിലുള്ള ഫ്ലാറ്റായ കഥ പറച്ചിൽ സിനിമയെ നല്ലതുപോലെ ബാധിക്കുന്നുണ്ട്. മികച്ച രീതിയിൽ അണിയിച്ചൊരുക്കാമായിരുന്ന ഒന്നാം പകുതിയെ ശരാശരി നിലവാരത്തിൽ മാത്രം അവസാനിപ്പിക്കേണ്ടി വന്നതും ഇതുകൊണ്ടാണ്. ഒടിയന്റെ അല്ലെങ്കിൽ ഒടിയന്മാരുടെ ജീവിതം പറയാൻ ഉദ്ദേശിച്ച് ഒടുവിൽ അതിനെ ചതിയുടെ കഥയായി അനാവരണം ചെയ്യുമ്പോൾ യഥാർത്ഥ പ്ളോട്ടിൽ നിന്ന് സിനിമ വഴിമാറുന്നു. ഒടിയന്മാർ പണ്ട് കാലത്ത് ആളുകളെ പേടിപ്പിച്ചിരിക്കാം. ഈ പേടിപ്പിക്കൽ എന്ന ഒറ്റവരിയിൽ നിന്നുകൊണ്ട് ഇടയ്ക്കിടെ സിനിമയിലെ ചോരത്തിളപ്പുള്ള പുതുതലമുറയെ ഭയപ്പെടുത്തുന്നതൊഴിച്ചാൽ ഒടിയൻ സ്ക്രീനിൽ കാണിക്കുന്നതെല്ലാം വെറുമൊരു ഒടിവിദ്യയാണെന്ന് മനസിലാക്കാൻ അധികമൊന്നും ആയാസപ്പെടേണ്ടി വരില്ല. ചിത്രത്തിലെ പല ഒടി രംഗങ്ങളും സാമാന്യ യുക്തിക്കു പോലും നിരക്കാത്തതാണ്.

odiyan2

രണ്ടാംപകുതിയിൽ ഒടിയന്റെ ജീവിതത്തിലെ വൈകാരിക മുഹുർത്തങ്ങളെ കോർത്തിണക്കിയുള്ള മെലോഡ്രാമയാണ്. വികാരങ്ങൾക്ക് അപ്പുറത്ത് ഒടിയൻ എന്നത് ഒരു മിത്താണെന്ന കാര്യം പലപ്പോഴും സംവിധായകൻ മറന്നുപോകുന്നു. അങ്ങനെയുള്ള മിത്തായ കഥാപാത്രത്തെ സൂപ്പർഹീറോ പരിവേഷം നൽകി ബിഗ് സ്ക്രീനിൽ എത്തിക്കുമ്പോൾ അത് കെട്ടുകഥയിൽ നിന്ന് യാഥാർത്ഥ്യവും കടന്ന് നിയതമായ രൂപമില്ലാതാവുകയാണ്. തിരക്കഥയിൽ മാസ് ഡയലോഗുകളൊന്നും തിരക്കഥാകൃത്ത് കാത്തുവച്ചിട്ടില്ല. എന്നാൽ,​ ചില ഡയലോഗുകൾ നിറഞ്ഞ കൈയടിയോടെ പ്രേക്ഷകർ ഏറ്റെടുക്കുന്നുണ്ട്. മറ്റൊരു പ്രധാന പോരായ്മ സിനിമയുടെ ദൈർഘ്യമാണ്. 167 മിനിട്ടുള്ള സിനിമ നിങ്ങളെ ഒരുപക്ഷേ മടുപ്പിച്ചേക്കും. അനാവശ്യ രംഗങ്ങൾ പലതുണ്ട് സിനിമയിൽ. ഇതൊന്നുമില്ലായിരുന്നെങ്കിൽ സിനിമ ഇനിയും കൂടുതൽ ആസ്വാദ്യകരമായേനെ. നായകനെ വാഴ്ചത്തിപ്പാടുന്ന ഡയലോഗുകൾക്കും പഞ്ഞമൊന്നുമില്ല.


സ്റ്റണ്ട് രംഗങ്ങളിൽ മികച്ചു നിൽക്കുന്നുണ്ടെങ്കിലും ക്ളൈമാക്സിലെ ഒടിയന്മാരുടെ കൂട്ടയടി അവിശ്വസനീയമാണ്. ഗ്രാഫിക്സിന്റെ സഹായത്തോടെ പീറ്റർ ഹെയ്ൻ ഒരുക്കിയ ഈ ആക്ഷൻ രംഗങ്ങൾ പക്ഷേ,​ പുലിമുരുകൻ എന്ന സിനിമയിൽ ഹെയ്ൻ ഒരുക്കിയ ആക്ഷനൊപ്പം എത്തിയില്ലെന്ന് തന്നെ പറയേണ്ടി വരും. പശ്ചാത്തല സംഗീതവും മികച്ചതാണ്. ഗാനങ്ങൾ സിനിമയ്ക്ക് ചേരുന്നതായി.

odiyan4

ഒടിയാനാകാൻ സൂപ്പർ സ്റ്റാർ മോഹൻലാൽ സഹിച്ച ത്യാഗങ്ങൾ എന്തൊക്കെയാണെന്ന് അദ്ദേഹത്തിന്റെ അഭിനയത്തിൽ നിന്ന് മനസിലാക്കാം. അത്രയേറെ പൂർണതയോടെയാണ് ലാൽ ഓരോ രംഗവും ചെയ്തിരിക്കുന്നതെന്ന് പറയാതെ വയ്യ. സുന്ദരനായും അലസവസ്ത്ര വേഷധാരിയായും ലാൽ വിസ്‌മയിപ്പിക്കും.


ഒടിയന്റെ കാമുകിയുടെ വേഷത്തിൽ എത്തുന്ന മഞ്ജുവാര്യർ സൗന്ദര്യം കൊണ്ട് വിസ്‌മയിപ്പിക്കുന്നുണ്ട്. അത്രയേറെ അഭിനയ സാദ്ധ്യതയുള്ള വേഷമൊന്നുമല്ല മഞ്ജുവിന്റേത്. ലാൽ ഫാക്ടറിൽ കൂടെ മഞ്ജുവും എന്ന് മാത്രം പറയാവുന്ന ഒരു കഥാപാത്രമാണ് പ്രഭ. വില്ലനായെത്തുന്ന പ്രകാശ് രാജ് അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. നരേൻ,​ സിദ്ധിഖ്,​ ഇന്നസെന്റ്,​ കൈലാഷ്,​ സന അൽത്താഫ്,​ നന്ദു,​ മനോജ് ജോഷി, തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.

വാൽക്കഷണം: പൂർണമായും ഒടിവിദ്യയാണ്
റേറ്റിംഗ്: 2/5

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS