പ്രാണ, സ്വാതന്ത്ര്യത്തിന്റെ സംഗീതം

ശ്രീരാഗ് കക്കാട്ട് | Friday 18 January 2019 2:30 PM IST

prana

'പുനരധിവാസം' എന്ന തന്റെ ആദ്യസിനിമയിലൂടെ തന്നെ ദേശീയ പുരസ്കാരാർഹനായ സംവിധായകനാണ് വി.കെ.പ്രകാശ്. 'ട്രിവാൻഡ്രം ലോഡ്ജ്', 'മൂന്നാമതൊരാൾ', 'ത്രീ കിങ്‌സ്', 'കർമയോഗി' തുടങ്ങി കരിയറിലുടനീളം ഒരുപാട് വ്യത്യസ്തതയാർന്ന കഥകൾ തന്റെ സിനിമകളിൽ പരീക്ഷിച്ചിട്ടുളള സംവിധായകനാണ് അദ്ദേഹം. കഥയിൽ മാത്രമല്ല, ഓരോ ചിത്രങ്ങളുടെയും സാങ്കേതിക വശങ്ങളിലും എന്തെങ്കിലും നൂതന ആശയം കൊണ്ടുവരാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. 'മൂന്നാമതൊരാൾ' ഇന്ത്യയിൽ ആദ്യമായി ഹൈ ഡെഫിനിഷൻ കാമറ ഉപയോഗിച്ച് ചിത്രീകരിച്ച്, സാറ്റലൈറ്റ് വഴി ഡിജിറ്റൽ വിതരണം സാദ്ധ്യമാക്കിയ ചിത്രമായിരുന്നുവെങ്കിൽ, 'പോലീസ്' എന്ന ചിത്രം മലയാളത്തിൽ ആദ്യമായി സ്ലോ മോഷൻ കാമറയിൽ ചിത്രീകരിച്ച സിനിമയായിരുന്നു. എന്നാൽ, വി.കെ.പ്രകാശ് ഇന്നുവരെ ചെയ്തതിൽ വെച്ച് കഥാപരമായും, സാങ്കേതികപരമായും, ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമാണ് 'പ്രാണ' എന്ന് നിസംശയം പറയാം. മലയാളം, തമിഴ്, തെലുങ്ക്,​ കന്നട എന്നീ നാലുഭാഷകളിലായി ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ കാൻ ചലച്ചിത്രമേളയിലടക്കം പ്രദർശിപ്പിക്കുകയും ലോകമെമ്പാടുമുളള പ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കുകയും ചെയ്തിരിക്കുന്നു.

prana

ഒരൊറ്റ കഥാപാത്രം മാത്രമേ ഉളളൂ എന്നതാണ് 'പ്രാണ'യുടെ ഏറ്റവും വലിയ പ്രത്യേകത.

അതിനാൽത്തന്നെ ചിത്രം ഒരു ഏകാങ്കനാടകമായി അനുഭവപ്പെടരുത് എന്ന വെല്ലുവിളിയാണ് സംവിധായകന് മുന്നിൽ പ്രധാനമായും ഉളളത്. ഈ വെല്ലുവിളിയെ ചിത്രം അനായാസം മറികടക്കുന്നുവെന്ന് മാത്രമല്ല, മറ്റു കഥാപാത്രങ്ങളില്ലെന്ന തോന്നൽ ഒരിക്കൽ പോലും പ്രേക്ഷകനിലുണ്ടാകുന്നുമില്ല.

താര അനുരാധ (നിത്യ മേനൻ) പ്രമുഖ എഴുത്തുകാരിയാണ്. നിലനിൽക്കുന്ന വ്യവസ്ഥയ്ക്കെതിരെ എഴുത്തിലൂടെ പട പൊരുതുന്ന താര 'മ്യൂസിക് ഓഫ് ഫ്രീഡം' എന്ന പുസ്തകം എഴുതിയതോടെ വധഭീഷണിയടക്കം പല പ്രതിസന്ധികളും നേരിടുന്നു. ഈയവസരത്തിൽ, പ്രേതബാധയുളള ഒരു വീടിനെക്കുറിച്ച് അവരറിയാനിടവരികയും, കുറച്ചുകാലം അവിടെ താമസിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നതോടെ തുടർന്നുണ്ടാകുന്ന സംഭവങ്ങൾ ആണ് കഥയുടെ ഇതിവൃത്തം.

prana

ദക്ഷിണേന്ത്യൻ സിനിമകളിൽ, ഭാഷാഭേദമന്യേ സ്ഥിരസാന്നിദ്ധ്യമാണ് നിത്യ മേനൻ. വിവിധ ഭാഷകളിലായി പുറത്തിറങ്ങുന്ന 'പ്രാണ'യിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കാൻ വി.കെ.പ്രകാശ് നിത്യയെ തിരഞ്ഞെടുത്തതിൽ തെല്ലും അത്ഭുതമില്ല.


രണ്ടു മണിക്കൂറോളം ഒരു പ്രേക്ഷകനെ, മറ്റ് അഭിനേതാക്കളൊന്നുമില്ലാതെ തിയേറ്ററിൽ പിടിച്ചിരുത്താൻ കഴിയുകയെന്നത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല. ആ ജോലി ഭംഗിയായി തന്നെ നിത്യ നിർവഹിച്ചിരിക്കുന്നു. ഒരു പക്ഷേ, ഡയലോഗ് ഡെലിവറി അൽപം കല്ലുകടിയായി അനുഭവപ്പെടാമെങ്കിലും, ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിയായാണ് നിത്യ അഭിനയിച്ചിരിക്കുന്നതെന്നതിനാൽ അതത്ര കാര്യമാക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. പ്രേക്ഷകനോട് കഥാപാത്രം നേരിട്ട് സംസാരിക്കുന്ന ഫോർത്ത് വാൾ ബ്രേക്കിങ് എന്ന രീതി പലയിടങ്ങളിലായി സംവിധായകൻ അവലംബിച്ചിട്ടുണ്ടെന്നതും മലയാളിപ്രേക്ഷകരെ സംബന്ധിച്ച് ഒരു പുതുമയാണ്.

prana

സിങ്ക് സൗണ്ട് എന്ന സംവിധാനം മലയാളസിനിമയിൽ അടുത്ത കാലത്തായി ഒരുപാട് വിജയകരമായി പരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും, സിങ്ക് സൗണ്ട് സംവിധാനം ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായാണ് ഈ സിനിമയിലൂടെ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തലത്തിൽ ഉളള ശബ്ദങ്ങളെയും ലൈവായി ലൊക്കേഷനിൽ നിന്നു തന്നെ എടുത്ത് ഉപയോഗിക്കുന്ന ഈ രീതി അവലംബിച്ചിരിക്കുന്നത് മലയാളികളുടെ അഭിമാനമായ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയുടെ നേതൃത്വത്തിലാണ്.


ചിത്രത്തിന്റെ ആദ്യപകുതിയിലെ ത്രില്ലർ സ്വഭാവം അനുഭവയോഗ്യമാക്കുന്നതിൽ ശബ്ദവിഭാഗം കൈവരിച്ചിരിക്കുന്ന പങ്ക് വിസ്മരിക്കാനാവുന്നതല്ല. എന്നാൽ, ചിത്രം രണ്ടാം പകുതിയോടു കൂടി ഒരു നോൺ ലീനിയർ രീതി പിന്തുടരുന്നതോടെ, ഇതിന്റെ പ്രസക്തി തെല്ലൊന്ന് കുറയുന്നു. മണിരത്നം സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായ, ഒരുപാട് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുളള ഛായാഗ്രഹകൻ പി.സി.ശ്രീറാം നീണ്ട 34 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മലയാളസിനിമയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് 'പ്രാണ'യിലൂടെ.

ഒരൊറ്റ കഥാപാത്രം മാത്രമേ ഉളളൂ എന്നതിനാൽ, നിരവധി ക്ലോസ് അപ്പ് ഷോട്ടുകൾ സിനിമയിലുണ്ട്. അതിനു പുറമേ, മുഖ്യകഥാപാത്രം താമസിക്കുന്ന പ്രേതബാധയുളള വീടിനെ മറ്റൊരു കഥാപാത്രമായി ഉൾക്കൊളളിക്കുന്നതിൽ ഛായാഗ്രഹകൻ വിജയിച്ചിരിക്കുന്നു. വ്യത്യസ്തമായ കാമറ ആംഗിളുകൾ കൊണ്ടും മനോഹരമായ ഫ്രെയിമുകൾ കൊണ്ടും സമ്പന്നമായ 'പ്രാണ' ഛായാഗ്രഹണവിഭാഗം മാത്രം പരിഗണിക്കുകയാണെങ്കിൽ മലയാളത്തിൽ അടുത്തിറങ്ങിയ സിനിമകളിൽ വെച്ച് ഏറ്റവും മികച്ച സിനിമകളിലൊന്നാണ്.

prana

അരുൺ വിജയ് ആണ് പശ്ചാത്തലസംഗീതം നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തലസംഗീതം മനോഹരമായി വന്നിട്ടുണ്ടെങ്കിലും ചിത്രത്തിന്റെ ത്രില്ലർ സാദ്ധ്യതകളെ ഒന്നുകൂടി ഉപയോഗപ്പെടുത്താമായിരുന്നു.


'ഇന്ത്യൻ ജാസ് സംഗീതത്തിന്റെ ഗോഡ്ഫാദർ' എന്നറിയപ്പെടുന്ന ലൂയി ബാന്ക്സ് ചിത്രത്തിലെ ഒരു ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നു. നിത്യ മേനൻ തന്നെയാണ് 'ഒരു വാക്കിൻ മൗനം' എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്.


സുനിൽ.എസ്.പിളള ആണ് 'പ്രാണ'യുടെ ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്.


വളരെ സങ്കീർണമായ കഥാതന്തുവായതിനാൽ പാളിപ്പോകാവുന്ന വിഭാഗമായിട്ടും, സുനിൽ വൃത്തിയായി ചിത്രം എഡിറ്റ് ചെയ്തിട്ടുണ്ട്.

രാജേഷ് ജയരാമൻ കഥയും തിരക്കഥയും എഴുതിയ 'പ്രാണ' ഒരേസമയം, ഒരുപാട് കാര്യങ്ങൾ പറയാൻ ശ്രമിക്കുന്നു. എഴുത്തുകാരെ ആശയം കൊണ്ട് നേരിടാതെ, ആയുധം കൊണ്ട് നേരിടുന്നത്, വർദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങൾ, അസഹിഷ്ണുത തുടങ്ങി ഒരുപാട് അനീതികൾക്കെതിരെ മുഴങ്ങുന്ന ശബ്ദമായി 'പ്രാണ' മാറുമ്പോൾ, ചുരുങ്ങിയ സമയം കൊണ്ട്, അതും നടപ്പുരീതിയിൽ നിന്നും മാറിച്ചിന്തിച്ച് ചട്ടക്കൂടുകൾക്ക് പുറത്തുനിന്ന് സൃഷ്ടിച്ചിരിക്കുന്ന ഈ സിനിമക്ക് പറയാനുദ്ദേശിക്കുന്ന കാര്യം പ്രേക്ഷകനോട് എത്രത്തോളം സംവദിക്കാനായി എന്നത് ഒരു സംശയമായി നിലനിൽക്കുന്നു.

ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ മലയാളം ഇൻഡസ്ട്രിയിൽ നിന്ന് ഇത്തരമൊരു പരീക്ഷണചിത്രം പുറത്തുവരുമ്പോൾ, ആ കഥ, തട്ടുപൊളിപ്പൻ മസാലകളും, അതിമാനുഷികന്മാരായ ആണത്ത ആഘോഷങ്ങളൊന്നുമില്ലാതെ, സ്ത്രീകേന്ദ്രീകൃതമായി പറയാൻ കാണിച്ച ചങ്കൂറ്റത്തിന് അണിയറപ്രവർത്തകർ പ്രത്യേക അഭിനന്ദനമർഹിക്കുന്നു. അതിനാൽത്തന്നെ, വഴിമാറി നടക്കുന്ന പുതിയ ചിന്തകളെ എക്കാലത്തും സ്വീകരിക്കുന്ന, ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ധൈര്യമായി കയറിക്കാണാവുന്ന ചിത്രമാണ് 'പ്രാണ'.

കൂടാതെ, ചിത്രത്തിൽ ശബ്ദ സാന്നിദ്ധ്യമായി കുഞ്ചാക്കോ ബോബനും ദുൽക്കർ സൽമാനും നിത്യ മേനന്റെ താര എന്ന കഥാപാത്രത്തോടൊപ്പം ഉടനീളമുണ്ടെന്നതും ഒരാകർഷണമാണ്.

പാക്കപ്പ് പീസ്: നിത്യ മേനന്റെ 'വൺ വുമൺ ഷോ'

Rating 3/5

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS