നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബേറ് ഉണ്ടായ സംഭവത്തില്‍ ആര്‍.എസ്.എസ് ജില്ലാ കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്

Wednesday 09 January 2019 5:58 PM IST
news

1. ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബേറ് ഉണ്ടായ സംഭവത്തില്‍ ആര്‍.എസ്.എസ് ജില്ലാ കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്. നെടുമങ്ങാട് ആര്‍.എസ്.എസ് ജില്ലാ കാര്യലയത്തില്‍ നടന്ന റെയിഡില്‍ വാളുകളും കഠാരകളും ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഹൈഡ്രജന്‍ പെറോക്‌സൈഡും കണ്ടെത്തി.

2. ബോംബേറ് കേസിലെ പ്രതി പ്രവീണ്‍ ഒളിവില്‍ പോയതിന്റെ രേഖകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹര്‍ത്താല്‍ ദിവസം നാല് ബോംബുകള്‍ ആണ് പൊലീസ് സ്റ്റേഷനിലേക്ക് എറിഞ്ഞത്. ആര്‍.എസ്.എസ് ജില്ലാ പ്രചാരകന്‍ ബോംബ് എറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. സംഭവ ശേഷം ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച നൂറനാട് സ്വദേശി വിഷ്ണുവിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു

3. സാമ്പത്തിക സംവരണത്തിനുള്ള നിയമ ഭേദഗതി ബില്ലില്‍ നിലപാട് മാറ്റി കോണ്‍ഗ്രസ്. ബില്ല് തിടുക്കത്തില്‍ പാസാക്കാന്‍ ആവില്ല. വിശദമായ ചര്‍ച്ച വേണം. സര്‍ക്കാര്‍ സംവരണ രാഷ്ട്രീയം കളിക്കുക ആണ് എന്നും ആരോപണം. ഇന്നലെ ബില്ലിനെ അനുകൂലിക്കുന്ന നിലപാട് ആയിരുന്നു ലോക്സഭയില്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നത്. സംവരണം സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകം ആക്കണം എന്ന ഭേദഗതി മുന്നോട്ടുവച്ച് സി.പി.എം

4.എല്ലാ മത വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും സാമ്പത്തിക സംവരണത്തിന് അര്‍ഹത ഉണ്ടാകും എന്ന് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് സാമൂഹ്യ നീതി മന്ത്രി താവര്‍ ചന്ദ് ഗെഹ്‌ലോട്ട്. നിലവില്‍ സംവരണം ലഭിക്കുന്നവര്‍ക്ക് അര്‍ഹത ഉണ്ടാവില്ല. വാര്‍ഷിക വരുമാനം 8 ലക്ഷത്തില്‍ താഴെ എന്ന മാനദണ്ഡത്തില്‍ കാലോചിതമായി മാറ്റം വരും. ഭരണഘടനാ ഭേദഗതി ആയതിനാല്‍ 50 ശതമാനം സംവരണ പരിധി ലംഘിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയുള്ള സുപ്രീംകോടതി ഇടപെടല്‍ ഉണ്ടാവില്ല എന്നും ഗെഹ്‌ലോട്ട്

5.സാമ്പത്തിക സംവരണത്തെ തത്വത്തില്‍ അംഗീകരിക്കുന്നു എന്നും തിരക്കിട്ട് ബില്ല് കൊണ്ടുവന്ന സര്‍ക്കാരിന്റെ ഉദ്ദേശ്യ ശുദ്ധിയെ ആണ് ചോദ്യം ചെയ്യുന്നത് എന്ന് കോണ്‍ഗ്രസും സി.പി.എം നിലപാട് എടുത്തു. മെച്ചപ്പെട്ട ബില്ലിനായി പാര്‍ലമെന്ററി സമിതിയ്ക്ക് വിടണം എന്ന് കെ.വി തോമസ്. ബില്ലിനോടുള്ള എതിര്‍പ്പ് വ്യക്തമാക്കി എ.ഐ.എ.ഡി.എം.കെ എം.പിയും ഡപ്യൂട്ടി സ്പീക്കറുമായ തമ്പിദുരൈ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു

6. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കുരുക്ക് മുറുകുന്നു. ഫ്രാങ്കോയ്ക്ക് എതിരായ ബലാത്സംഗ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. സൂര്യനെല്ലി കേസിലെ അഡീഷണല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന അഡ്വ ജിതേഷ് ജെ ബാബു കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാവും. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. സര്‍ക്കാര്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് 109-ാം ദിവസം

7. കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ സെപ്തംബര്‍ 21ന്. അറസ്റ്റ് ചെയ്ത് 100 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ പ്രോസിക്യൂട്ടറെ നിയമിക്കാത്തത് വിവാദത്തിന് വഴിവച്ചിരുന്നു. നവംബറില്‍ തന്നെ അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയിട്ടും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ കാണിച്ച ശേഷമെ കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയൂ എന്നാണ് ചട്ടം. സര്‍ക്കാരിന്റെ നീക്കം, ഫ്രാങ്കോയ്ക്ക് എതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിക്ക് എതിരെ കഴിഞ്ഞ ദിവസം സന്യാസി സമൂഹം വിശദീകരണം തേടിയതിന് പിന്നാലെ

8. ശബരിമല തന്ത്രിയെ മാറ്റാന്‍ ആവില്ല എന്ന താഴ്മണ്‍ കുടുംബത്തിന്റെ നിലപാട് തള്ളി സര്‍ക്കാര്‍. തന്ത്രി കുടുംബം വിശദീകരണ കുറിപ്പ് ഇറക്കിയത് അനുചിതം. 2006-ല്‍ തന്ത്രിയെ മാറ്റിയതും ഇപ്പോഴത്തെ തന്ത്രിയെ നിയമിച്ചതും ദേവസ്വം ബോര്‍ഡ് ആണ്. വിവാദങ്ങള്‍ ഉണ്ടാക്കാതെ നട അടച്ചതിന് വിശദീകരണം നല്‍കുക ആണ് തന്ത്രി ചെയ്യേണ്ടത് എന്നും കടകംപള്ളി

9. തന്ത്രിയെ മാറ്റാന്‍ ആവില്ല എന്ന താഴ്മണ്‍ കുടുംബത്തിന്റെ നിലപാടിനെ പൂര്‍ണ്ണമായും തള്ളുന്നത് ആയിരുന്നു ദേവസ്വം മന്ത്രിയെ നിലപാട്. ശബരിമല തന്ത്രിസ്ഥാനം പാരമ്പര്യം ആണ് എന്ന കുടുംബത്തിന്റെ വാദത്തെ പരിഹസിച്ച മന്ത്രി കടുത്ത നിലപാട് ഉണ്ടാവും എന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തന്ത്രിയുടെ അധികാരത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന് അധികാരം ഇല്ലെന്നും പൂജകള്‍ക്ക് ദക്ഷിണയാണ് നല്‍കുന്നത് എന്നുമുള്ള താഴ്മണ്‍ കുടുംബത്തിന്റെ വാദത്തിന് മറുപടിയും ആയാണ് സര്‍ക്കാര്‍ രംഗത്ത് എത്തിയത്

10. സംയുക്ത തൊഴിലാളി യൂണിയന്‍ പ്രഖ്യാപിച്ച പണിമുടക്ക് രണ്ടാം ദിവസത്തില്‍. പാര്‍ലമെന്റിലേക്ക് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ഇന്ന് മാര്‍ച്ച് നടക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടും മോദി സര്‍ക്കാരിന്റെ തൊഴില്‍ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചും നടത്തുന്ന പണിമുടക്കിന് ഇന്നലെ ഉത്തരേന്ത്യയില്‍ സമ്മിശ്ര പ്രതികരണമായിരുന്നു.

11. കോടിയോളം തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് സംയുക്ത തൊഴിലാളി യൂണിയന്‍ വ്യക്തമാക്കുന്നത്. ഇന്നലെ ആരംഭിച്ച പണിമുടക്ക് ഉത്തരേന്ത്യയില്‍ ഭാഗികമായിരുന്നു. മഹാരാഷ്ട്രയില്‍ പണിമുടക്കിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. പശ്ചിമ ബംഗാളില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനം ചിലയിടങ്ങളില്‍ അക്രമാസക്തമായി. സ്‌കൂള്‍ ബസ് അടിച്ച് തകര്‍ത്തതിനെ തുടര്‍ന്ന് സി.പി.എം നേതാക്കള്‍ക്ക് ബാലാവകാശ കമ്മിഷന്‍ നോട്ടീസ് അയച്ചു. ഒഡീഷ അടക്കമുള്ള സ്ഥലങ്ങളില്‍ ട്രെയിന്‍ തടയല്‍ നടന്നതിനെ തുടര്‍ന്ന് പല ട്രെയിനുകളും റദ്ദാക്കി. ദേശീയപാത ഉപരോധിച്ചുള്ള സമരം ഇന്നും തുടരുന്നു

12.പണിമുടക്കിന്റെ രണ്ടാം ദിവസവും സംസ്ഥാനത്ത് ട്രെയിന്‍ തടഞ്ഞു. തിരുവനന്തപുരത്ത് പുലര്‍ച്ചെ വേണാട് എക്സ്പ്രസ് തടഞ്ഞവരെ അറസ്റ്റ് ചെയ്ത് നീക്കി. ശബരി എക്സ്പ്രസും സമരാനുകൂലികള്‍ തടഞ്ഞു. കൊച്ചി കളമശ്ശേരിയിലും ട്രെയിന്‍ തടഞ്ഞു. സംസ്ഥാനത്ത് ട്രെയിനുകള്‍ പലതും വൈകി ഓടുകയാണ്. സ്വകാര്യ ബസുകള്‍ ഇന്നും നിരത്തിലിറങ്ങില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS