കുപ്പിവെള്ളമാണോ എങ്കിൽ കുടിച്ച വെള്ളത്തെ വിശ്വസിക്കരുത്...

Wednesday 12 December 2018 10:45 AM IST
water

വിശ്വസിച്ച് കഴിക്കാവുന്ന ഭക്ഷ്യഉത്പ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരഞ്ഞെടുക്കുക ഇന്ന് എളുപ്പമല്ല. അറിഞ്ഞോ അറിയാതെയോ ഗുണമേന്മയുള്ളതും അല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ പണം നൽകി വാങ്ങി ഉപയോഗിക്കുകയാണ് നമ്മൾ ഓരോരുത്തരും. ഭക്ഷണപദാർത്ഥങ്ങൾ തൽക്കാലം മാറ്റിനിർത്താം. എന്നാൽ കുടിവെള്ളം അങ്ങനെയല്ല.


കുടിവെള്ളം പണം നൽകി വാങ്ങേണ്ടി വരുമെന്ന് പറഞ്ഞവരെ കളിയാക്കിയിരുന്ന ഒരു സമൂഹം നമുക്കുണ്ടായിരുന്നു. എന്നാൽ ഇന്ന് കുടിവെള്ളത്തിനായി എത്രരൂപ മുടക്കാനും തയ്യാറായി നിൽക്കുന്നവരായി നമ്മൾ മാറി കഴിഞ്ഞിരിക്കുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്ത് കുപ്പിവെള്ള വ്യവസായം രൂപം കൊണ്ടത്. കാലം 2018 ൽ എത്തിനിൽക്കുമ്പോൾ വൻകിട കമ്പനികൾ ഉൾപ്പടെ വിപണനത്തിനായി മത്സരിക്കുന്ന ഒരു കമ്പോളമായി അത് മാറിയിരിക്കുന്നു. എന്നാൽ എന്ത് സുരക്ഷ മുൻനിറുത്തിയാണ് നിങ്ങൾ ഓരോരുത്തരും അത് വാങ്ങി ഉപയോഗിക്കുന്നത്. കുപ്പിവെള്ളം എത്രത്തോളം സുരക്ഷിതമാണ് നേർക്കണ്ണിന്റെ അന്വേഷണം തുടരുന്നു...


1997 ലാണ് കേരളത്തിലാദ്യമായി അങ്കമാലിയിൽ ഗുഡ് ലക്ക് എന്ന പേരിൽ ഒരു കുപ്പിവെള്ള കമ്പനി ആരംഭിക്കുന്നത്. തുടർന്ന് തിരുവനന്തപുരത്ത് ഗോൾഡൻ വാലി എന്ന പേരിൽ നെസ്റ്റ് ഗ്രൂപ്പ് പുതിയ കമ്പനി ആരംഭിച്ചു. 2010 ൽ 60 കമ്പനികൾ പ്രവർത്തനമുണ്ടായിരുന്ന കേരളത്തിൽ ഇന്ന് 160 ഓളം കുപ്പിവെള്ള കമ്പനികളാണ് നിയമപരമായി പ്രവർത്തിച്ചുവരുന്നത്. എന്നാൽ ഇത്രയും അധികം കമ്പനികളെ മാത്രമല്ല വിപണിയിൽ നമുക്ക് കാണാൻ കഴിയുന്നത് എണ്ണമെടുത്താൽ കുപ്പിവെള്ള കമ്പനികൾ മൂന്നൂറ് കടക്കും. കൃത്യമായ ഗുണനിലവാരത്തോടെ ഒരു വിഭാഗം കമ്പനികൾ പ്രവർത്തിക്കുമ്പോൾ മറ്റൊരു വിഭാഗം അമിത ലാഭത്തിനായി ജനങ്ങളെ കബളിപ്പിച്ച് ജീവിച്ചുപോരുന്നു. മിനറൽ വാട്ടർ എന്നത് പേരിൽ മാത്രമാണ്. വി.ഐ.പികൾക്ക് മാത്രമാണ് അത് മിനറൽ വാട്ടറായി ലഭിക്കുന്നത്. നമ്മൾ ഉപയോഗിക്കുന്നതിൽ 99 ശതമാനവും മിനറൽ വാട്ടർ അല്ല. വെറും കുപ്പിവെള്ളം എന്നേ പറയാനാകൂ. മാത്രമല്ല ഇത് ഉപയോഗിച്ച് ശീലമായവർക്ക് മിനറൽസ് അടങ്ങിയ വെള്ളം നൽകിയാൽ പോലും വിജയിച്ചെന്ന് വരില്ല. അതാണ് നമ്മുടെ നാട്ടിലെ അവസ്ഥ

water

വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴും ദൂരയാത്രകളിലും ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് കുപ്പിവെള്ളമാണ്. കടയിൽ പോയി അത് വാങ്ങുമ്പോൾ ഏത് കമ്പനിയുടേത് എന്നോ അതിന്റെ വിലയോ ആരും തന്നെ കാര്യമാക്കാറില്ല. പണ്ടുകാലത്തേതിന് വ്യത്യസ്തമായ കല്യാണങ്ങൾക്ക് പോലും ഒരു ബോട്ടിൽ കുപ്പിവെള്ളം വിളമ്പുന്നതാണ് ക്രഡിറ്റ്. ഓഫീസുകളിൽ എമ്പാടും ക്യാനുകളിൽ കുടിവെള്ളം സജീവമായി കൊണ്ടിരിക്കുകയുമാണ്. കുപ്പിവെള്ള കമ്പനികളുടെ എണ്ണത്തിൽ ക്രമാതീതമായി ഉണ്ടായ വർധനവ് പരിഗണിച്ചാണ് അവ സുരക്ഷിതമാണോ എന്ന് മനസിലാക്കാൻ ഞങ്ങൾ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ വൻകിട കമ്പനികളുടേത് ഉൾപ്പടെയുള്ള സാമ്പിളുകൾ വിവിധ ഇടങ്ങളിൽ നിന്നായി ശേഖരിച്ചു. തുടർന്ന് തിരുവനന്തപുരത്തെ പബ്ളിക് ഹെൽത്ത് ലാബിൽ ഇവ പരിശോധനയ്ക്കായി നൽകി

ആറു സാമ്പിളുകൾ ഗവൺമെന്റ് ലാബിൽ പരിശോധനനടത്തിയപ്പോൾ ഉപയോഗിക്കാൻ പാടില്ലാത്തത് എന്ന് റിസൾട്ട് വന്നത് നാലു സാമ്പിളുകൾക്കാണ്. വൃത്തിഹീനമായ ചുറ്റുപാടിൽ നിന്നുണ്ടാകുന്ന പൂപ്പലുകൾ അഥവാ ഈസ്റ്റ് മോൾഡ് ആണ് നാലു സാമ്പിളുകൾക്കും. ഈ സാമ്പിളുകൾ ശേഖരിച്ചത് തലസ്ഥാന ജില്ലയിലെ ആശുപത്രി പരിസരങ്ങളിൽ നിന്നുമാണെന്നുള്ളത് ഗൗരവം വർദ്ധിപ്പിക്കുന്നു.

തിരുവനന്തപുരം പബ്ളിക് ലാബിൽ പരിശോധന നടത്തിയ ആറു കുപ്പിവെള്ള സാമ്പിളുകളുടെ പരിശോധന ഫലമാണ് ഈ കാണുന്നത്. നാലു സാമ്പിളുകളിലും ഈസ്റ്റ് മോൾഡ് അഥവാ പൂപ്പൽ സാന്നിധ്യം സ്ഥിരീകരിച്ചു. ഒപ്പം ഭക്ഷ്യ സുരക്ഷ മുൻനിറുത്തി ഇത് ഉപയോഗിക്കാൻ പാടില്ലാത്തതെന്ന് സർട്ടിഫൈയും ചെയ്യുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് അൺ സേഫ് എന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഞങ്ങൾ പരിശോധന നടത്തിയ ചില കുപ്പിവെള്ള കമ്പനികളുടെ ബോട്ടിലുകൾ നേരത്തേയും പരിശോധനയ്ക്ക് എത്തി ടെസ്റ്റ് പാസാകാതെ പോയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ചെറിയൊരു മേഖലയിൽ നിന്ന് ശേഖരിച്ച ചുരുക്കം ചില കമ്പനികളിൽ ഇതാണ് അവസ്ഥ എങ്കിൽ സംസ്ഥാനം ഒട്ടാകെ വിതരണം ചെയ്യുന്ന ഏതൊക്ക കമ്പനികളാണ് നമുക്ക് വിശ്വസിച്ച് ഉപയോഗിക്കാനാവുക. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പേരിന് എങ്കിലും പരിശോധന നടക്കുന്ന ഒരു ലിറ്ററിന്റേയും രണ്ടു ലിറ്ററിന്റേയും കുപ്പിയിൽ ഭക്ഷ്യസുരക്ഷ ഇങ്ങനെയെങ്കിൽ നമ്മുടെ ഓഫീസുകളിൽ എത്തുന്ന അഞ്ചും പത്തും ലിറ്ററുകളിലെ കുടിവെള്ളം എന്ത് അപകടകാരിയായിരിക്കും. നിരത്തിലൂടെ മിനിട്ടുകൾ ഇടവെട്ട് കുപ്പിവെള്ളവുമായി പായുന്ന മിനി വാനുകളിൽ ഒന്നും തന്നെ അടച്ചുറപ്പുള്ള സംവിധാനങ്ങളില്ല. കത്തുന്ന വെയിലിൽ മണിക്കൂറുകളോളം പ്ലാസ്റ്റിക് കുപ്പിയിൽ ഇരുന്ന് തിളച്ച ശേഷമാണ് അത് നമ്മുടെ ഉള്ളിലേയ്ക്ക് എത്തുന്നത് എന്ന് കൂടി ഓർക്കണം

പരിശോധനയ്ക്ക് വിധേയമാക്കിയ സാമ്പിളുകളിൽ ഒന്നിന്റെ ഉൽപ്പാദനം കേരള തമിഴ്നാട് അതിർത്തി മേഖലയിലാണ്. എത്രത്തോളം സുരക്ഷിതമായാണ് ഇവ് നിർമ്മിക്കുന്നത് എന്ന് അറിയാൻ ഞങ്ങൾ തീരുമാനിച്ചു. ഇതിനായി ആ കമ്പനിയിൽ തന്നെ ഞങ്ങൾ അന്വേഷണം നടത്തുകയുണ്ടായി. തിരുവനന്തപുരം ജില്ലയിൽ പാറശാലയ്ക്ക് സമീപം കേരള തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള കുപ്പിവെള്ള പ്ലാന്റിലേയ്ക്കാണ് ഞങ്ങൾ പോയത്. ബോർവെല്ലിന് പുറമെ പുറകുവശത്തെ വയലിനോട് ചേർന്ന് കുളം കുഴിച്ചാണ് വെള്ളമെടുക്കുന്നത്. കുപ്പിവെള്ളത്തിൽ ഈസ്റ്റ് മോൾഡിന്റെ അംശം സ്ഥിരീകരിച്ചതിന് കാരണം ഇവിടെ എത്തുന്നവർക്ക് മനസിലാകും. മാനുഷികമായുള്ള പ്രവർത്തനം ആയതിനാൽ തന്നെ ഗുണനിലവാരവും വൃത്തിയും എത്രത്തോളം ഉണ്ടെന്നതിൽ സംശയമാണ്. സംസ്ഥാനത്തെ ഒട്ടുമിക്ക കമ്പനികളും തുടങ്ങുമ്പോൾ പാലിക്കുന്ന സുരക്ഷയും മേൽനോട്ടവും പിന്നീട് നോക്കാറില്ല. ഇത് പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടവർ ആ വഴി പോകാറുമല്ല. മാത്രമല്ല ഇത്തരം വിദൂര മേഖലകളിൽ ആരും അന്വേഷിച്ച് എത്തില്ലെന്ന വിശ്വാസമാണ് പലർക്കുമുള്ളത്.

pratheesh

കോടികൾ മുടക്കി ഗുണമേന്മയുള്ള യന്ത്രങ്ങൾ വാങ്ങി ശുദ്ധമായ വെള്ളം വിതരണം ചെയ്യുന്ന പല കമ്പനികളും ഇന്ന് ആശങ്കയിലാണ്. ഏജൻസികളുമായി കുറഞ്ഞ വിലയ്ക്ക് കരാർ ഉറപ്പിച്ച് തട്ടിക്കൂട്ട് കമ്പനികൾ മുഴുവൻ വിപണി കീഴടക്കുകയാണ്. ഏതൊരു വസ്തുവും മനുഷ്യൻ തിരഞ്ഞെടുക്കുന്നത് സ്വന്തം അഭിരുചി അനുസരിച്ച് മാത്രമാണ്. എന്നാൽ കുടിവെള്ളത്തിൽ മാത്രം ആ ഒരു തലത്തിലേയ്ക്ക് എത്താൻ നമുക്ക് കഴിഞ്ഞിട്ടില്ല. കിട്ടുന്നത് ഏതാണോ അത് വാങ്ങി കുടിക്കുക. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന കമ്പനികളുടെ വെള്ളം അധികമായി വാങ്ങുന്നത് മിപ്പോഴും ചെറുകിട കച്ചവടക്കാരാണ്. സ്വഭാവികമായും വെള്ളം അധികമായി വിറ്റഴിക്കുന്നതും ഇത്തരം ഇടങ്ങളിൽ തന്നെയാണ്. സൂപ്പർ മാർക്കറ്റുകളിലോ മാളുകളിലോ പോയി ആരും കുപ്പിവെള്ളം വാങ്ങി ഉപയോഗിക്കാറില്ല എന്നത് തന്നെയാണ് അതിന് ഉദാഹരണം. മാത്രമല്ല ബ്രാൻഡഡ് കമ്പനികളുടെ സ്റ്റിക്കർ പതിച്ച് എത്തുന്ന പലതും വ്യജ കമ്പനികളുമാകാം. പലരിൽ നിന്നായി കടംവാങ്ങിയും ലോണെടുത്തും നല്ല രീതിയിൽ വ്യവസായം മുന്നോട്ട് കൊണ്ട് പോകണം എന്നാഗ്രഹിക്കുന്നവർ പരാജയപ്പെടുകയും കൊള്ളലാഭമുണ്ടാക്കാൻ തക്കം പാർത്ത് ഇരിക്കുന്നവർ ആ മേഖലയിൽ വിജയം കൈവരിക്കുകയും ചെയ്യുന്നു. അടിസ്ഥാന സൗകര്യങ്ങൾ തൊട്ടുനീണ്ടിയിട്ടില്ലാത്ത കുപ്പിവെള്ള നിർമ്മാണ പ്ലാന്റുകൾ സംസ്ഥാനത്ത് ഇന്ന് വ്യാപകമാണ്. കേട്ടുകേൾവി പോലും ഇല്ലാത്ത പേരുകളിൽ പ്രവർത്തിക്കുന്ന ഇവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. ഒറ്റമുറിയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന ഈ വ്യാജന്മാരാണ് ഗുണമേന്മയുള്ള കമ്പനികൾക്ക് കൂടി മോശം പേര് നേടിക്കൊടുക്കുന്നത് .

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS