കേരളത്തിൽ ജാതിയില്ല, മതമില്ല എന്ന് വാദിക്കുന്നവർ ഗോവിന്ദാപുരത്തേയ്ക്ക് ചെല്ലണം

Tuesday 23 October 2018 2:46 PM IST

govindapuram

എല്ലാം തികഞ്ഞ വിദ്യാസമ്പന്നരുടെ നാടായ കേരളത്തിൽ ഇപ്പോൾ ഉയർന്നു കേൾക്കുന്നത് മതത്തിന്റെയും ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടേയും കോലാഹലങ്ങളാണ്. ജാതിയില്ല, മതമില്ല എന്ന് വാദിക്കുന്നവർ പോലും പക്ഷം തിരിഞ്ഞ് ഏറ്റുമുട്ടുന്നു. വർഗീയ വാദികൾ ഒരു വശത്തും മതേതര വാദികളെന്ന് അവകാശപ്പെടുന്നവർ മറുവശത്തും നിൽക്കുമ്പോൾ വിഡ്ഡികളാക്കപ്പെടുന്നത് നടുവിൽ നിൽക്കുന്ന പൊതുജനമാണ്. ജാതിയുടെ പേര് പറഞ്ഞുള്ള പ്രത്യക്ഷ ഹിംസകൾ കേരളത്തിലും നടന്നുവരുന്നു എന്ന് പറഞ്ഞാൽ അത് നിഷേധിക്കാൻ നമുക്ക് ആകുമോ? വിശ്വാസ സംരക്ഷണത്തിനായി തെരുവിലിറങ്ങുന്നവർ മനുഷ്യ ജാതിയിലെ അസമത്വങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണോ? കേരളം ഇടക്കാലത്ത് ചർച്ച ചെയ്ത അയിത്ത ഭൂമിയായ ഗോവിന്ദാപുരത്ത് ഇന്നും നീതി തേടി ഒരു ജനത കാത്തുനിൽപ്പുണ്ട്. കൗമുദി ചാനലിലെ നേർക്കണ്ണ് ഗാവിന്ദാപുരത്ത് കണ്ട കാഴ്ചകൾ ഇതാണ്.

ഉറങ്ങാൻ അടച്ചുറപ്പുള്ള വീടില്ല. ഉപജീവനമാർഗങ്ങൾ ഉണ്ടായിട്ടും ജോലി നൽകാൻ ആരും സന്നദ്ധരല്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ എത്തണമെങ്കിൽ കിലോമീറ്ററുകൾ താണ്ടണം. കടകളിൽ സാധനം വാങ്ങുന്നതിൽ തുടങ്ങി ബാർബർ ഷോപ്പുകളിൽ പോലും വിലക്ക്. ഇതാണ് പാലക്കാട് തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ അവസ്ഥ. മേൽജാതി, കീഴ് ജാതി എന്ന വേർതിരിവിൽ നട്ടംതിരിയുന്നവരാണ് ഇവിടുത്തെ ചക്ലിയ സമുദായക്കാർ. അംബേദ്കർ കോളനി സ്ഥാപിതമായിട്ട് നാല് പതിറ്റാണ്ടോളമായി. ചക്ലിയർക്ക് വേണ്ടിയാണ് ആദ്യം അവിടെ കോളനി സ്ഥാപിതമായത്.

പിന്നീട് ഓബിസിക്കാരായ ഭവനരഹിതർക്ക് വേണ്ടി കോളനിയോട് ചേർന്ന് സ്ഥലം കണ്ടെത്തുകയും അവിടെ അവരെ പുനരധിവസിപ്പിക്കുകയുമായിരുന്നു. ഒ.ബി.സിക്കാരായ കൗണ്ടർ, ഈഴവ, ചെട്ടിയാർ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് പട്ടികജാതിക്കാരായ ചക്ലിയരോട് ജാതി വിവേചനം കാണിച്ചിരുന്നത്. ഒന്നര പതിറ്റാണ്ട് മുമ്പ് വരെ കൗണ്ടർമാരുടെ വീടുകളിലെ കാർഷിക തൊഴിലാളികളായ ചക്ലിയരോട് നാടുവാഴിത്ത കാലഘട്ടത്തിൽ നിലനിന്ന ജാതിവിവേചനമാണ് നടമാടിയിരുന്നത്. അംബേദ്കർ കോളനിയിലെ അയിത്തം പുറത്തുവന്നതോടെ രാഷ്ട്രീയ നേതൃത്വം ഒന്നടങ്കം പതിവ് പോലെ അവിടേയ്ക്ക് ഇരച്ചുകയറി ഒപ്പം മാധ്യമങ്ങളും. ഇരകൾക്കായി വിവിധ രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനങ്ങൾ നൽകാൻ മത്സരിക്കുകയായിരുന്നു. എന്നാൽ മാധ്യമ ശ്രദ്ധ കുറഞ്ഞെന്ന് മനസിലാക്കിയ നേതൃത്വം പതിവ് മാറ്റിയില്ല. പ്രഖ്യാപനം പ്രഖ്യാപനത്തിൽ മാത്രം ഒതുക്കി മുങ്ങി.അംബേദ്കർ കോളനിയിൽ അയിത്തം ഇല്ലെന്നാണ് സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ നിലപാട്. വലിയ പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ മുതലെടുപ്പിനും വേദിയായ ഗോവിന്ദാപുരത്തേയ്ക്ക് സഞ്ചരിക്കുമ്പോൾ നേരത്തെ ഉയർന്നകേട്ട വാഗ്ദാനങ്ങളിൽ ചിലതെങ്കിലും പാലിക്കപ്പെട്ടിട്ടുണ്ടാകുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു.

govindapuram

എന്നാൽ കോളനിയിൽ എത്തുമ്പോൾ അതെല്ലാം പൊള്ളയായ വാഗ്ദാനങ്ങളാണെന്ന് ബോധ്യപ്പെട്ടു. പഴയ കോളനിയുടെ മുഖം ഇന്നും മാറിയിട്ടില്ല. അടച്ചുറപ്പില്ലാത്ത വീട്ടിലും അമ്പലനടയിലും അന്തിയുറങ്ങുക തന്നെയാണ് ഇവർ ഇപ്പോഴും. ഈ കാണുന്ന ഓലക്കുടിലിൽ 11 അംഗങ്ങളാണ് തിങ്ങിപ്പാർക്കുന്നത്. സങ്കൽപ്പിക്കാവുന്നതിനും അപ്പുറമാണ് ഓരോരുത്തരടേയും ജീവിതം. മേൽജാതിക്കാർ ജോലി നിഷേധിച്ചതോടെ ആഹാരത്തിന് പോലും ഗതിയില്ല. അടുത്തെങ്ങും ഇവർക്കായി ഒരു റേഷൻകട പോലുമില്ല. അതിനുമപ്പുറം അതിശയകരമായ കാര്യം ഇവർക്ക് നൽകിയ റേഷൻകാർഡിന്റെ നിറമാകട്ടെ മുൻഗണനക്കാർക്കുള്ള നീലക്കാർഡും. ഭവന പദ്ധതി പ്രകാരം ലഭിച്ച വീട്ടിൽ കിടക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ബാക്കി തുക കിട്ടാത്തതോടെ അതും നിന്നു.സർക്കാർ ലിസ്റ്റിൽ പേരുണ്ടായിട്ടും വീട് കിട്ടാത്തവരാണ് അധികവും. ഒട്ടുമിക്ക ആളുകൾക്കും റേഷൻകാർഡില്ല. റേഷൻ കാർഡനായി സർക്കാർ ഓഫീസിൽ എത്തിയാൽ കെട്ടിട നമ്പർ ആവശ്യപ്പെടും, വീടിനായി ചെന്നാൽ റേഷൻകാർഡും. തമിഴ്നാട്ടിൽ ജാതിപീഡനത്തിൽ നിന്ന് രക്ഷപ്പെട്ട് കേരളത്തിലെത്തിയവരാണ് ചക്ലിയരുടെ പൂർവികർ. അയിത്തത്തിനും ജാതി വ്യവസ്ഥയ്ക്കും എതിരെ പ്രതിഷേധം നടത്തി വിജയിച്ചവരുടെ നാട്ടിൽ അവർ ഇപ്പോഴും നീതി തേടുകയാണ്. 10 ദിവസത്തിൽ ഒരിക്കലാണ് അംബേദ്കർ കോളനിയിലേക്ക് വെള്ളം എത്തുന്നത്. ഇത് ശേഖരിച്ചുവച്ചാണ് ഓരോരുത്തരും ദിവസങ്ങൾ കഴിച്ചുകൂട്ടുന്നത്.

ചക്ലിയ സമുദായക്കാർ വെള്ളം എടുക്കുന്ന ടാങ്കിൽ നിന്ന് മറ്റ് ജാതിക്കാർ വെള്ളമെടുക്കാറില്ല. തോട്ടങ്ങളിൽ ജോലിക്കായി തമിഴ്നാട്ടിൽ നിന്ന് ആളെ എത്തിക്കുകയാണ് മേൽജാതിക്കാർ ചെയ്യുന്നത്. പണിയില്ലാതെ വീട്ടിൽ ഇരിക്കുന്ന ഇവർക്ക് തോട്ടങ്ങളിൽ പോലും അയിത്തമാണ്. തിരിച്ചറിയൽ കാർഡും റേഷൻകാർഡും ആധാർ കാർഡും ഇല്ല. കോളനിക്കാർക്കായി കക്കൂസുകൾ നിർമ്മിച്ചുകൊടുക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. ഭർത്താവ് മരിച്ച് 35 വർഷമായ സ്ത്രീ പോലും വിധവാ പെൻഷന് വേണ്ടി കാത്തിരിക്കുന്നു. ദാരിദ്ര്യം മൂലം അംബേദ്കർ കോളനിയിൽ ജനിക്കുന്ന കുഞ്ഞുങ്ങളെ വിൽക്കുന്ന ഗൗരവകരമായ സാഹചര്യം കൂടിയാണ് നടന്നുവരുന്നത്. മൂന്നിലേറെ കുട്ടികളെ ആശുപ്ത്രിയിൽ വച്ച് തന്നെ കൈമാറി എന്നാണ് വെളിപ്പെടുത്താൽ. കോളനിക്കാരുടെ ദുരവസ്ഥ മുതലെടുക്കാൻ മാഫിയാ സംഘങ്ങൾ വരെ പ്രവർത്തിക്കുന്നു എന്നാണ് വിവരം. വാഗ്ദാനങ്ങൾ പാലിക്കപ്പെടണമെങ്കിൽ അത് വോട്ടായി മാറാണം. ഏതൊരു രാഷ്ട്രീയപാർട്ടിയടേയും നിലപാടാണത്. ഗോവിന്ദാപുരം അംബേദ്കർ കോളനിയിലും നടന്നത് അതു തന്നെ. രാഷ്ട്രീയത്തിന് അപ്പുറം സാമൂഹിക നീതി എന്നത് ഇവർക്ക് ഇപ്പോഴും അന്യമാണ്. സി.പി.എമ്മിലേയും കോൺഗ്രസിലേയും ബി.ജെ.പിയിലേയും സമുന്നതരായ നേതാക്കൾ ഗോവിന്ദാപുരത്ത് തമ്പടിച്ചായിരുന്നു വാഗ്ദാനങ്ങൾ അക്കമിട്ട് നിരത്തിയത്. അന്ന് സ്ഥലം സന്ദർശിച്ച സുരേഷ് ഗോപി എം.പി നൽകിയത് ആറു വീട് എന്ന് വാഗ്ദാനമാണ്. ഇതുവരെ വച്ചതാകട്ടെ രണ്ടുവീടും.

mg-pratheesh

ആ രണ്ടു കുടുംബക്കാരും ബി.ജെ.പി അംഗത്വം എടുത്തെന്ന് മാത്രം. 10 വീട് വച്ചുനൽകാമെന്നായിരുന്നു കോൺഗ്രസിന്റെ ഇന്നും പാലിക്കപ്പെട്ടിട്ടില്ലാത്ത വാഗ്ദാനം. വർഷങ്ങളായി മേൽജാതിക്കാർക്ക് ഒപ്പം ന്ിൽക്കുന്ന സി.പി.എമ്മിന് അയിത്തം സ്ഥിരീകരിക്കാൻ ഇന്നും ആയിട്ടില്ല. സ്ഥലം സന്ദർശിച്ച എം.പിയും എം.എൽ.യും പിന്നെ ആ വഴി വന്നിട്ടില്ല. രാഷ്ട്രീയത്തിന് അതീതമായി സംസാരിച്ചവരെല്ലാം ഗോവിന്ദാപുരത്തെ മറന്നു. സർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക ജോലി നൽകാമെന്ന വാഗ്ദനവും പൊള്ളയായിരുന്നു. സ്വന്തമായൊരു തൊഴിലിടമുണ്ടാക്കി എടുക്കാനും ഇവർക്ക് കഴിയുന്നില്ല. മുദ്രാ ലോണുൾപ്പടെ ആവശ്യപ്പെട്ട് ബാങ്കുകളിൽ ചെന്നാൽ അവിടെയുമുണ്ട് അയിത്തമത്രെ. മനുഷ്യനെ മേൽജാതി എന്നും കീഴ്ജാതി എന്നും വേർതിരിച്ച് കാണുന്നവരോട് അംബേദ്കാർ കോളിനിയിലുള്ളവർക്ക് പറയാൻ ചിലതുണ്ട്..അയിത്തവും ജാതിയും ചില പ്രത്യേക സന്ദർഭങ്ങളിൽ മാറ്റിനിർത്തപ്പെടുന്നതിന്റെ തെളിവുകളാണവ. പൊതു സമൂഹത്തിൽ എല്ലായിപ്പോഴും മാറ്റിനിർത്തപ്പെട്ടവരാണ് അംബേദ്കർ കോളനിയിലെ ചക്ലിയ സമുദായക്കാർ. എന്നാൽ ഇതിനിടയിലും ഇവരെ തേടിയെത്തുന്ന ചിലരുണ്ട്. രോഗക്കിടക്കിലായ ക്ഷേത്ര മേൽശാന്തിയുടെ ഭാര്യയെ ഒന്നര വർഷത്തോളമാണ് ഇവർ ഇരുവരും ശുശ്രൂഷിച്ചത്. അയിത്തം കൽപ്പിച്ചവർ പടി കടന്നു വന്നിട്ടും ഒന്നും സംഭവിച്ചില്ല. ജാതീയതയ്ക്കും അയിത്തത്തിനും കാരണക്കാർ രാഷ്ട്രീയക്കാർ എന്ന് പറയാനാകില്ല. എന്നാൽ ആ വ്യവസ്ഥിതിയോടുള്ള അവന്റെ സമീപനമാണ് അവരുടെ നിലപാട്. അയിത്തത്തിനും ജാതി വിവേചനങ്ങൾക്കും എതിരെ പോരാടുന്നവരെന്ന് സ്വയം അവകാശപ്പെടുന്നവർക്ക് പക്ഷേ വിഷയത്തെ നേരിടാൻ ആകുന്നില്ല.

പ്രശ്നങ്ങളെ പരിഹരിക്കാനും.ദൈവത്തിനായി തെരുവിലറങ്ങാൻ ലക്ഷോപലക്ഷം പേരുണ്ടായിട്ടും സ്വാഭാവിക നീതി നിഷേധങ്ങൾക്ക് ഇരയാകുന്ന മനുഷ്യനു വേണ്ടി പ്രതികരിക്കാനോ പ്രതിഷേധിക്കാനോ ആരും തന്നെയില്ല. മാധ്യമ ശ്രദ്ധയ്ക്കും രാഷ്ട്രീയ നേട്ടത്തിനും മാത്രം ജനങ്ങളെ വിഡ്ഢികളാക്കപ്പെടുന്നതിന്റെ നേർക്കാഴ്ചയാണ് അംബേദ്കർ കോളനിയിലേത്. വിഷയങ്ങൾ വിവാദമാകമ്പോൾ പുറത്തുചാടുന്ന ജനപ്രതിനിധികളെല്ലാം ആരവം ഒഴിയുമ്പോൾ മാളത്തിൽ ഒളിക്കുകയാണ്. കബളിപ്പിക്കപ്പെട്ട സാധു ജനങ്ങൾ കബളിപ്പിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS