തൊഴിൽ സുരക്ഷിതത്വമില്ലാത്ത ഐ.ടി രംഗത്തെ ചതിക്കുഴികൾ

Sunday 23 December 2018 3:59 PM IST
1

കേരളത്തിൽ തൊഴിൽ സുരക്ഷിതത്വം ഉറപ്പു നൽകാൻ കഴിയാത്ത മേഖലകളിൽ ഒന്നാണ് ഐ.ടി രംഗം. ലക്ഷക്കണക്കിന് യുവതി, യുവാക്കൾ തൊഴിലെടുക്കുന്ന ഇവിടം വിദേശ കമ്പനികളുടെ ഇഷ്ട താവളമായി മാറി കഴിഞ്ഞിരിക്കുന്നു. എന്നാൽ എന്ത് സുരക്ഷിതത്വമാണ് ഇക്കൂട്ടർ ഉപഭോക്താക്കൾക്കും ജോലിചെയ്യുന്ന ജീവനക്കാർക്കും നൽകുന്നത്.

ലക്ഷോപലക്ഷം പേർ തൊഴിലെടുക്കുന്ന ഐ.ടി മേഖലയിൽ കാര്യങ്ങൾ ഇപ്പോഴും ശുഭകരമല്ല. കൂട്ടപ്പിരിച്ചുവിടൽ ഭീഷണിയിലായിരുന്ന ആ രംഗത്തെ ജീവനക്കാർ ഇന്നും ആശങ്കയിലാണ്. അതേസമയം, കേരളത്തിൽ പലപ്പോഴും അതിന്റെ തീവ്രത ഏറി വന്നിട്ടില്ലെന്ന് മാത്രം. വിവര സാങ്കേതിക വിദ്യയ്ക്ക് ഏറെ വളക്കൂറുള്ള മണ്ണായ കേരളത്തിൽ വിദേശ കമ്പനികളുടെ അതിപ്രസരം കൂടിവരികയാണ്. എന്നാൽ ഇത്തരത്തിൽ കടന്നുവരുന്ന കമ്പനികൾ തന്റെ ജീവനക്കാർക്ക് മതിയായ തൊഴിൽ സുരക്ഷിതത്വം ഉറപ്പുനൽകാറുണ്ടോ? വിവിധ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന ഇവരുടെ പ്രവർത്തനങ്ങളിൽ കൃത്യമായ മേൽനോട്ടം വഹിക്കാൻ നമ്മുടെ ഭരണകൂടങ്ങൾക്ക് കഴിയുന്നുണ്ടോ. സംസ്ഥാനത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന ഐ.ടി വ്യവസായങ്ങളിൽ സാമൂഹ വഞ്ചനയുടെ തോത് എത്രത്തോളമാണ്. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകൾ മനുഷ്യനെ തന്നെ ചൂഷണം ചെയ്യുന്ന ഇക്കാലത്ത് ഇവയെ കൃത്യമായി നിരീക്ഷിക്കാൻ ബന്ധപ്പെട്ടവർക്ക് കഴിയുന്നുണ്ടോ എന്നതും അറിയേണ്ടതാണ്.

തിരുവനന്തപുരം ടെക്‌നോപാർക്കിൽ ഒന്നര വർഷം മുമ്പ് പ്രവർത്തനം തുടങ്ങിയ ഡബ്ള്യൂ ബി 21 എന്ന കമ്പനിയിൽ നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ പുറത്താക്കിയത് 30 ഓളം പേരെയാണ്. പറഞ്ഞുവിടുന്നതിന് മുമ്പ് പാലിക്കേണ്ട സാമാന്യ മര്യാദകൾ പോലും ലംഘിച്ചുകൊണ്ടായിരുന്നു കമ്പനിയുടെ നടപടി. അസാധാരണമായ പുറത്താക്കൽ തീരുമാനം ഞെട്ടലോടെയാണ് ഓരോരുത്തരും അറിഞ്ഞത്. വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്ന് ഒരു തൊഴിലിടം തിരഞ്ഞുപിടിച്ചവരാണ് അധികവും. ജോലി സാഹചര്യങ്ങളുമായി ഇണങ്ങിച്ചേർന്ന് അതിലൂടെ തന്റെ ജീവിതം കരുപ്പിടിപ്പിക്കയാണ് അസാധാരണമായ ആ ദിവസം ഇവരിലേയ്ക്ക് എത്തിയത്. നാളെ മുതൽ നിങ്ങളുടെ സേവനം ആവശ്യമില്ലെന്നുള്ള ധാർഷ്ഠ്യം നിറഞ്ഞ വാക്കുകളാണ് ഓരോരുത്തരും ഏറ്റു വാങ്ങിയത്. രാജി എഴുതി നൽകിയാൽ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എങ്കിലും കിട്ടും മറിച്ചായാൽ അതുമില്ല. പകുതിയോളം പേരും നിർബന്ധിത രാജി എഴുതി നൽകി. എന്നാൽ നിയമപരമായ അവകാശം നേടിയെടുക്കാൻ ഒരു കൂട്ടം യുവതി യുവാക്കൾ ലേബർ കമ്മിഷനിൽ പരാതി നൽകി. തടഞ്ഞുവച്ചിരിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് വ്യക്തിഗത പരാതി ഉൾപ്പടെ 17 പേരാണ് ലേബർ കമ്മിഷനെ സമീപിച്ചത്. എന്നാൽ മാസം ഒന്നു കഴിഞ്ഞിട്ടും യാതൊരു നീക്കുപോക്കുമില്ല.

2

ജോലി ചെയ്തിരുന്ന ഓഫീസ് കെട്ടിടത്തിൽ കടക്കാൻ പോലും അനുവദിക്കുന്നില്ലെന്നാണ് പരാതിക്കാർ പറയുന്നത്.ഐ.ടി. മേഖലയിൽ പിരിച്ചുവിടൽ സ്വാഭാവികമെന്നൊക്കെ പറയാമെങ്കിലും ഇത്ര ചുരുങ്ങിയ സമയത്തിനുള്ളിൽ അത്തരമൊരു സാഹചര്യം എങ്ങനെ ഉണ്ടായി? പുറത്താക്കിയ ജീവനക്കാരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര പണമിടപാടുകളാണ് ഡബ്ള്യൂ ബി 21 എന്ന കമ്പനിയുടേത്. വിദേശ രാജ്യങ്ങളിലെ ബിസിനസ് സംരംഭകർ ഡബ്ള്യൂ ബി 21 അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിക്കുകയും ഈ ശൃംഖല വഴി ഏതു രാജ്യത്തുനിന്നും നിക്ഷേപകർക്ക് പണം പിൻവലിക്കാൻ സംവിധാനം ഒരുക്കുകയുമാണ് കമ്പനിയുടെ ലക്ഷ്യം. മൈക്കിൾ ഗ്യാസ്റ്റർ എന്ന വ്യക്തി സ്ഥാപിച്ച ഡബ്ള്യൂ ബി 21 കമ്പനിക്ക് ഇന്ത്യയിലുള്ള ഏക ശാഖയാണ് തിരുവനന്തപുരം ടെക്‌നോപാർക്കിലേത്. 2017 ജൂണിൽ കമ്പനി ആരംഭിക്കുമ്പോൾ തലപ്പത്തുണ്ടായിരുന്ന യുവ മലയാളി സംരംഭകനെ ഒരു ഘട്ടം എത്തിയപ്പോൾ ഭീഷണിപ്പെടുത്തിയും ബലപ്രയോഗത്തിന് മുതിർന്നും പുറത്താക്കുകയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് കമ്പനിയിൽ നിന്ന് തുടർന്ന് പുറത്താക്കപ്പെട്ട ജീവനക്കാരുടെ വെളിപ്പെടുത്തൽ.

മൈക്കിളിന് എതിരെ 2015മുതൽ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ കേസുണ്ട് . മാത്രമല്ല ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഞങ്ങൾ ഇന്റർനെറ്റിൽ തന്നെ അന്വേഷണം നടത്തി. ഡബ്ള്യൂ ബി 21 സ്ഥാപകൻ മൈക്കിളിന് എതിരെയുള്ള കേസുകൾ സംബന്ധിച്ച കൂടുതൽ തെളിവുകൾ വിവിധ സൈറ്റുകളിൽ തന്നെ ലഭ്യമാണ്. വിവിധ വ്യക്തികളിൽ നിന്ന് ഭീമമായ തുക അക്കൗണ്ടിലേയ്ക്ക് സ്വീകരിച്ച് തിരികെ നൽകാതെ വൻതുക പലിശ ഇനത്തിൽ നേടിയെടുക്കുകയാണ് പതിവ്. മാസങ്ങൾ കഴിഞ്ഞാണ് പലപ്പോഴും നിക്ഷേപിച്ച പൈസ കസ്റ്റമറിന് തിരികെ ലഭിക്കുന്നത് പോലും. കൃത്യമായ ഉറവിടം കാണിക്കാതെയുള്ള ഇടപാടുകളായതിനാൽ മിക്കവരും പരാതിപ്പെടാറില്ല. ഡബ്ള്യൂ ബി 21 അക്കൗണ്ടിലേയ്ക്ക് എത്തുന്ന പണം മൈക്കിൾ തന്റെ വ്യക്തിഗത അക്കൗണ്ടിലേയ്ക്ക് മാറ്റുകയാണ് പതിവ്. ഇതു സംബന്ധിച്ച സ്ഥിരീകരണം ഈ ഡിജിറ്റൽ ബാങ്കിംഗ് സംവിധാനത്തെ കുറിച്ചുള്ള പ്രതികരണങ്ങളിൽ നിന്നു തന്നെ വ്യക്തമാണ്. പണം ലഭിച്ചാലുടൻ ഉപയോക്താവിന്റെ അക്കൗണ്ട് ക്‌ളോസ് ചെയ്ത് ആശയവിനിമയം അവസാനിപ്പിക്കും. ഇത്തരത്തിൽ കോടികളാണ് പലർക്കായി നഷ്ടപ്പെട്ടത്. ഇത്തരത്തിൽ തട്ടിപ്പിന് ഇരയായ അഹമ്മദാബാദ് സ്വദേശിയുമായി ഞങ്ങൾ ബന്ധപ്പെട്ടു. ഇദ്ദേഹത്തിന്റെ രണ്ടര കോടിയോളം രൂപയാണ് അക്കൗണ്ടിൽ കുടുങ്ങിയത്. മാനസികമായി തളർന്ന ഇദ്ദേഹം ഉണ്ടായ സംഭവം തുറന്നുപറയാൻ ഒടുവിൽ തയ്യാറാവുകയായിരുന്നു.

2

ഇത്തരത്തിൽ നിരവധി കമ്പനികളാണ് ഐ.ടി മേഖലയിൽ വിവിധ ഇടങ്ങളിലായി പ്രവർത്തിച്ചുവരുന്നത്. സ്ഥാപനത്തിന്റെ ക്രഡിബിലിറ്റിയെ സംബന്ധിച്ച് കാര്യമായ അന്വേഷണങ്ങൾ പോലും നടത്താൻ ആരും മെനക്കെടാറില്ല. സർക്കാർ അധീനതിയിലുള്ള ഇടത്ത് ഇത്തരം ഒരു സ്ഥാപനം എങ്ങനെയാണ് തുടർന്നുവരുന്നത്. ഡബ്ള്യൂ ബി 21 ന്റെ ചരിത്രം മറച്ച്വച്ചാണ് ഇവിടെ തൊഴിൽ ദാതാക്കളെ കണ്ടെത്തി നിയമനം നടത്തിയത്. ജോലിയിൽ പ്രവേശിക്കുമ്പോൾ ഇതിന്റെ ക്രിമിനൽ പശ്ചാത്തലമോ തട്ടിപ്പുകളോ ജീവനക്കാർക്ക് അറിയാൻ കഴിഞ്ഞിരുന്നില്ല. മലയാളി സംരംഭകനെ തന്നെ തെറ്റിദ്ധരിപ്പിച്ച് കമ്പനി രൂപീകരിച്ചതിന് പിന്നിലെ കാരണവും അതുതന്നെ. സ്ഥാപനത്തിന്റെ വിശ്വസ്യത ചോദ്യം ചെയ്യപ്പെടുന്ന തെളിവുകൾ ഒന്നും കമ്പനിയുമായി ബന്ധപ്പെട്ടവർ പുറത്തുവിടാറില്ല. ഇന്റർനെറ്റിൽ പോലും അത് കണ്ടെത്തുക പ്രയാസമാണ്. ആഗോള വ്യാപകമായി സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘം നമ്മുടെ നാട്ടിൽ വേരുറപ്പിച്ചത് പോലും അറിഞ്ഞവർ ചുരുക്കമാണ്.

ആർക്കു വേണമെങ്കിലും ഇത്തരത്തിൽ ഇവിടെ പ്രവർത്തിക്കാമെന്നാണോ ഇതിന്റെ ചുരുക്കം. വിശ്വാസ വഞ്ചനയ്ക്ക് ഇരയായത് ഒരു കൂട്ടം പേരാണ്. സ്ഥാപനത്തെ വിശ്വസിച്ച് പണം നിക്ഷേപിച്ചവരും സ്ഥാപനത്തിനായി പണിയെടു്ത്തവരും ഇന്ന് പുറത്താണ്. ഗുരുതരമായ കുറ്റകൃത്യം കണ്ടെത്തിയതോടെ മൈക്കിൾ ഗ്യാസ്റ്ററിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചെന്നാണ് വിവരം. ജർമ്മൻ സ്വദേശിയായ മൈക്കിൾ സ്വിറ്റ്സർലൻഡിൽ ഒളിവിൽ എന്നും സൂചനയുണ്ട്. ഇതൊരു പാഠമാണ് സുതാര്യമല്ലാത്ത ബാങ്കിംഗ് സംവിധാനങ്ങളിൽ പണം നിക്ഷേപിച്ച് കബളിപ്പിക്കപ്പെടുന്നവർക്കും വിശ്വസ്യത മറന്ന് സ്ഥാപനങ്ങളെ ആശ്രയിക്കുന്നവർക്കും. ഇനിയുള്ളത് തുടർ നടപടികളാണ.് ബന്ധപ്പെട്ട അധികാരികൾ അറിഞ്ഞു വരുമ്പോഴേയ്ക്കും കമ്പനി കടൽ കടന്നിരിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS