പ്രളയത്തിൽ പാഠം പഠിക്കാത്തവരെ തുറന്ന് കാട്ടി നേർക്കണ്ണ്

Monday 15 October 2018 10:27 AM IST
quarry

പ്രളയക്കെടുതിയിൽ നിന്ന് കേരളം ഉയർത്തെഴുന്നേറ്റിരിക്കുന്നു ഒരു പാഠവും പഠിക്കാതെ. കയ്യേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും അതിനായി തുരന്നെടുത്ത മണ്ണും മലയും മനുഷ്യന് നൽകിയ മറുപടി ചെറുതല്ല. ഉറച്ച തീരുമാനങ്ങൾ എന്ന് വാഴ്ത്തപ്പെട്ട പലതും പ്രഹസനങ്ങളായി മാറുമ്പോൾ അവ തുറന്നുകാട്ടുക തന്നെ വേണം..പ്രകൃതിയെ പിണക്കാതെയുള്ള പ്രവർത്തനങ്ങൾ. അതായിരുന്നു പ്രളയ ശേഷം ഉയർന്നുകേട്ട മഹത്തരമായ നിർദ്ദേശം. എന്നാൽ പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണോ ഇന്ന് നമ്മുടെ സംസ്ഥാനത്ത് നടന്നുവരുന്നത്. അതിനെയെല്ലാം പൊളിച്ചെഴുതുന്ന ഗൂഢനീക്കങ്ങളിലേക്കും നടപടികളിലേക്കുമാണ് കൗമുദി ടി.വിയിൽ സംപ്രേഷണം ചെയ്യുന്ന നേർക്കണ്ണിന്റെ ഇന്നത്തെ അന്വേഷണം.

കാലാവസ്ഥയിൽ വന്നുഭവിക്കുന്ന തകിടംമറിച്ചിൽ പരിസ്ഥിതി സൗഹൃദ മേഖലകളിൽ സൃഷ്ടിക്കുന്ന കനത്ത ആഘാതങ്ങൾ ഇവയെല്ലാമായിരുന്നു കേരളത്തിനുണ്ടായ പാരിസ്ഥിതിക ദുരന്തത്തിന്റെ ആണിക്കല്ല്. പ്രളയം പല പാഠങ്ങളും നമുക്ക് നൽകി എന്ന് പറയുമ്പോഴും അത് ഉൾക്കൊള്ളാൻ മലയാളി തയ്യാറായിട്ടുണ്ടോ എന്നതിൽ സംശയമാണ്. പ്രളയം നൽകിയത് പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്ന സന്ദേശമെന്ന് മുഖ്യമന്ത്രി തന്നെ പല വേദികളിൽ പറഞ്ഞുവച്ചിട്ടുമുണ്ട്. കേരളം പുനർനിർമ്മിതിയുടെ പാതയിലായിരിക്കെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് സർക്കാർ തന്നെ കട്ടായം പറയുന്നു. വടക്കൻ കേരളത്തിൽ സംഭവിച്ച ഉരുൾപൊട്ടലുകൾക്കും മണ്ണിടിച്ചിലുകൾക്കും പ്രധാനകാരണമായി വിലയിരുത്തപ്പെടുന്നത് അനധികൃത പാറഖനനമാണ്. ഉരുൾപ്പൊട്ടലുണ്ടായ ഇടങ്ങളിലൊക്കെ ക്വാറിയുടെ പ്രവർത്തനം സജീവമായിരുന്നു എന്ന് ഞങ്ങൾ തന്നെ പലകുറി റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ഇത്തരത്തിൽ ഗുരുതരമായ സ്ഥിതി വിശേഷം നിലനിൽക്കെ സ്വപ്ന പദ്ധതികളുടെ പേര് പറഞ്ഞ് പ്രകൃതിയെ വീണ്ടും പിടിച്ചുകുലുക്കാനുള്ള ഗൂഢനീക്കത്തിലാണ് നമ്മുടെ പ്രകൃതി സംരക്ഷർ.

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ പേരിൽ സംസ്ഥാനത്ത് ക്വാറികൾ തുറന്നിടുകയാണ്. വികസനത്തിന്റെ മറപിടിച്ചുള്ള നീക്കം കോടികളുടെ പണക്കൊയ്ത്തിന് കൂടി വഴിയൊരുക്കുമ്പോൾ ഇരയാക്കപ്പെടുന്നതിൽ അധികവും സാധു ജനങ്ങളാണ്. അതിന്റെ ചെറിയൊരു ഉദാഹരണം ആണ് നേർക്കണ്ണ് നിങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ട് നിർമ്മാണത്തിന് കല്ലുകിട്ടാനില്ലെന്ന വാദം പൊള്ളയാണെന്ന് കേരളകൗമുദി നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിഴിഞ്ഞത്തു നിന്ന് അഞ്ചുകിലോമീറ്റർ മാത്രം അകലെ വാഴമുട്ടത്ത് 22 ഏക്കർ സർക്കാർ ഭൂമിയിലെ തന്നെ ക്വാറിയിൽ ആവശ്യത്തിലുമധികം കല്ലുണ്ട്. മത്സ്യബന്ഘധന തുറമുഖത്തിനായി നേരത്തെ ഇവിടെ നിന്നു തന്നെ കല്ലെടുത്തിട്ടുമുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ കരിങ്കല്ല് മുറ്റത്തു തന്നെ ഉണ്ടായിട്ടും വികസനത്തിന്റെ പേര് പറഞ്ഞ് കൂടുതൽ ക്വാറികൾ തുറന്നുകൊടുക്കുന്നതിൽ സാമ്പത്തിക നേട്ടത്തിന് അപ്പുറം മറ്റൊന്നും തന്നെയില്ല. സ്വകാര്യ വ്യക്തികളുടേത് ഉൾപ്പടെ തിരുവനന്തപുരം, കൊല്ലം ജില്ലയിൽ നാലു വീതം ക്വാറികളാണ് എൻ.ഒ.സി നേടി കഴിഞ്ഞിരിക്കുന്നത്. പരിസ്ഥിതി മന്ത്രാലയത്തിന്റെയും പഞ്ചായത്തിന്റേയും അനുമതി കൂടി ലഭിക്കുന്നതോടെ മലതുരന്ന് തുടങ്ങാം.

quarry

പ്രകൃതി സംരക്ഷണം പ്രസംഗിക്കുന്നവരുടെ അറിവിലേക്കായി പറയട്ടെ ഈ തുറന്നുകൊടുക്കുന്ന ക്വാറികളുടെയും അവ ഉൾക്കൊള്ളുന്ന പ്രദേശത്തിന്റെ ചരിത്രവും സവിശേഷതയും നിങ്ങൾ അറിയണം. പരിസ്ഥിതി സൗഹൃദ പ്രദേശമായ പള്ളിക്കലിൽ ജനകീയ സമരത്തെ തുടർന്ന് താഴ് വീണ ക്വാറികൾ പലതും തുറന്ന് പ്രവർത്തിക്കാൻ ഒരുങ്ങുകയാണ്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ പേരിൽ നടത്തുന്ന ഈ നീക്കം ഒരു പ്രദേശത്തെ ഒന്നടങ്കം ഇല്ലാതാക്കുമെന്നതിൽ സംശയമില്ല. തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിന്റെ വടക്കേ അറ്റത്ത് കൊല്ലം ജില്ലയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് പള്ളിക്കൽ ഗ്രാമപഞ്ചായത്ത്. കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ വെളിയനല്ലൂർ, ചടയമംഗലം, തിരുവനന്തപുരം ജില്ലയിലെ മടവൂർ, നാവായ്ക്കുളം പഞ്ചായത്തുകളുമാണ് അതിർത്തി പ്രദേശങ്ങൾ. പ്രകൃതിയെ കാർന്നുതിന്ന് 25 ഓളം ക്വാറികളാണ് ഈ മേഖലയിൽ പ്രവർത്തിച്ചുവന്നത്. വർഷങ്ങൾ നീണ്ട ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി പൂട്ടിച്ച ക്വാറികളാണ് തുറന്ന് പ്രവർത്തിക്കാൻ ഒരുങ്ങുന്നത്. അതും വിഴിഞ്ഞത്തിന്റെ പേര് പറഞ്ഞ്.

ഇതു സംബന്ധിച്ച് കൂടുതൽ തെളിവുകൾ വേണമെന്നുള്ളവർ ഇത് കൂടി കാണുക. പള്ളിക്കൽ പഞ്ചായത്തിലെ 12ാം വാർഡിൽ പെട്ട ആയിരവല്ലി കലതിപ്പച്ച പാറമല സന്ദർശിക്കാൻ അദാനി ഗ്രൂപ്പ് അധികൃതർ എത്തിയതിന്റെ ദൃശ്യങ്ങൾ. വർഷങ്ങളോളം മലതുരന്ന് മനുഷ്യരുൾപ്പെട്ട ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ ഇല്ലാതാക്കിയിട്ടും മതിയായിട്ടില്ല. പാറമടയിൽ നിന്ന് മീറ്ററുകളുടെ വ്യത്യാസത്തിൽ നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. പച്ചപ്പ് നിറഞ്ഞ ഗ്രാമ പ്രദേശമായിട്ടുകൂടി കുടിവെള്ളം പോലും പണം കൊടുത്തു വാങ്ങേണ്ട അവസ്ഥ. സംസ്ഥാനത്തു കാൻസർ രോഗികൾ ഏറ്റവും കൂടുതലുള്ള പഞ്ചായത്തുകളിൽ ഒന്നാണ് പള്ളിക്കൽ പഞ്ചായത്ത്. ഹൃദോഗം, ശ്വാസകോശ രോഗങ്ങൾ വേറെയും. അശാസ്ത്രീയമായ പാറഖനനം ഒരു തലമുറയെ തന്നെ ഇല്ലാതാക്കുന്ന കാഴ്ചയാണ് ഇവിട നിന്ന് കണ്ടും കേട്ടും അറിഞ്ഞത്.പ്രതികരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കിയും ഭീഷണിപ്പെടുത്തിയും ഒതുക്കുമ്പോൾ അവരുടെ ശബ്ദമാകാൻ ആരും തന്നെയില്ല.

പള്ളിക്കൽ പഞ്ചായത്തിലെ കുളക്കുടി, ആയിരവല്ലി, കലതിപ്പച്ച, കാട്ടുപുതുശ്ശേരി വരെ വ്യാപിച്ചുകിടക്കുന്ന 600 ഏക്കറോളം പാറമലയാണ് അനധികൃത ഖനനത്താൽ നാശോന്മുഖമായത്. പരിസ്ഥിതിയെ ഇടിച്ചുതാഴ്ത്തിയുള്ള പ്രവർത്തനങ്ങൾ ഈ പ്രദേശത്തുള്ളവർക്ക് നൽകിയതാകട്ടെ മഹാരോഗങ്ങളും സ്വസ്ഥത നഷ്ടപ്പെട്ട ജീവിതവും. കാൻസർ രോഗികളുടെ എണ്ണം അതി തീവ്രമാണ് ഇവിടെ. ഹൃദോഗം ശ്വാസകോശ രോഗങ്ങൾ, അംഗവൈകല്യം തുടങ്ങി അനുഭവിക്കാനായി ഒന്നുമില്ല. ദുരന്തത്തിന്റെ തീവ്രത എടുത്തുകാട്ടുന്ന നിരവധി മുഖങ്ങൾ നമുക്ക് ഇവിടെ കാണാം. പ്രതികരിക്കുന്നവരെ സ്വാധീനിച്ചും എതിർക്കുന്നവരെ ഭീഷണിപ്പെടുത്തിയും കള്ളക്കേസുകളിൽ പെടുത്തിയും വേട്ടയാടപ്പെടുന്നു. പ്രകൃതിയെ പിണക്കാതെ ജീവിച്ചുവളർന്ന സമൂഹം ബാഹ്യപ്രവർത്തനങ്ങളാൽ ഇരകളായി മാറുന്ന കാഴ്ച. ടൂറിസം രംഗത്ത് ഏറെ സാധ്യതയുള്ള ഒരിടം കൂടിയാണ് പള്ളിക്കൽ പഞ്ചായത്ത്. അപൂർവ ദൃശ്യങ്ങളാൽ സമ്പന്നമാണ് ഓരോ പ്രദേശങ്ങളും. കുന്നിന് മുകളിലെ വറ്റാത്ത ഉറവകളും പുലിമടയുമെല്ലാം നമുക്ക് ഇവിടെ കാണാം. ഭാവി തലമുറയ്ക്ക് കൂടി അത് കരുതി വയ്ക്കണമെങ്കിൽ അധികാര വർഗം കൂടി കനിയണമെന്ന് മാത്രം. പ്രകൃതി സൗന്ദര്യം കൊണ്ടും അപൂർ സസ്യ വൃക്ഷങ്ങളാലും സമ്പന്നമാണ് ഇവിടം. മലനിരകളും, താഴ് വരകളും നീർച്ചാലുകളും കാവുകളും കുളങ്ങളും കൃഷിഭൂമിയാലും ചുറ്റപ്പെട്ട് കിടക്കുന്നു. കിഴക്ക് ഇളമ്പ്രക്കോട് തുടങ്ങി കലതിപ്പച്ച, കുരങ്ങൻപാറ, ആയിരവില്ല, പെരുമ്പക്കാല മാല, പുതൂർപാറ, വെള്ളൂർപ്പാറ തുടങ്ങി നീണ്ടുകിടക്കുന്ന വനമേഖലകളിൽ നിരവധി വന്യജീവികൾ അതിവസിക്കുന്നുണ്ട്. പുതൂർപാറയുടെ മുകളിലെ പുലിമടയും വറ്റാത്ത നീരുറവയും പുതിയ കാലത്തെ കൗതുകങ്ങളാണ്. വിശേഷപ്പെട്ട ഔഷധ സസ്യങ്ങളും വംശനാശം വന്നുകൊണ്ടിരിക്കുന്ന വൃക്ഷങ്ങളും ഇവിടെ കാണാനാകും.

pratheesh-mg

ഇതെല്ലാം എന്നേന്നേയ്ക്കുമായി ഇല്ലാതാക്കി സാമ്പത്തിക ലാഭം മാത്രം മുന്നിൽ കണ്ടുള്ള നീക്കങ്ങൾ മാത്രമാണ് ഇവിടെ നടന്നുവരുന്നത്. പഴമയ്ക്ക് അപ്പുറം പുതിയകാലത്തെ പകിട്ടുകൾ മാത്രം തേടിപ്പോകുന്നവർ.. സംസ്ഥാനത്ത് പാറഖനനത്തിന് അനുമതി നൽകുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ എന്താണ്? മലതുരക്കാൻ അനുവാദം നൽകുന്ന അധികാരികൾ പദ്ധതി പ്രദേശത്ത് കൃത്യമായ പരിസ്ഥിതി പഠനം നടത്താറുണ്ടോ? ജനങ്ങളുടെ ജീവനും സ്വത്തിനും എന്ത് സുരക്ഷയാണ് ഇക്കൂട്ടർ ഉറപ്പ് നൽകുന്നത്. പരിസ്ഥിതിയുമായി ഇണങ്ങിച്ചേർന്നു നിൽക്കുന്ന ഒരു പ്രദേശം തുരന്നെടുക്കാൻ എന്ത് അടിസ്ഥാനത്തിലാണ് സാധിക്കുക. ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന പ്രാദേശിക താൽപ്പര്യം അവഗണിച്ച് ക്വാറി മാഫിയകൾക്ക് വഴിയൊരുക്കുന്നവർ പ്രകൃതി സംരക്ഷകരല്ല. പരിസ്ഥിതിയുടെ അന്തകരാണ്. പഞ്ചായത്തിൽ നിന്നും ബന്ധപ്പെട്ട വകുപ്പിൽ നിന്നും ലഭിക്കുന്ന വിവര പ്രകാരം 7 ക്വാറികളാണ് എൻ.ഒ.സി നേടിയത്. പ്രളയ ശേഷം ഇത്തരമൊരു നടപടി എങ്ങനെയാണ് അനുവദിക്കുക. പ്രഥമ ദൃഷ്ട്യാൽ പരിസ്ഥിതി ലോല പ്രദേശമെന്ന് ബോധ്യപ്പെടുന്ന ഇവിടെ ഇടിച്ചുതാൽക്കാൽ രാഷ്ട്രീയ നേതൃത്വം ഒന്നടങ്കം കൂട്ടുനിൽക്കുകയാണോ? എന്തു പാഠമാണ് നമ്മൾ ഇതുവരെയും പഠിച്ചത്. കൃത്യമായ പാരിസ്ഥിതിക പഠനം നടത്താതെ ഒറ്റ ക്വാറികൾക്ക് പോലും പ്രവർത്തനാനുമതി നൽകരുത്. ഇനിയൊരു ആഘാതം താങ്ങാൻ പ്രകൃതിക്കും മനുഷ്യനും കഴിഞ്ഞെന്ന് വരില്ല. ഒരാൾ ചിലപ്പോൾ അത് കൊണ്ട് വളർന്നേയ്ക്കാം. എന്നാൽ അത് തളർത്തുന്നത് നിരവധി കുടുംബങ്ങളെയാകും. വികസനങ്ങൾക്ക് ആരും എതിരല്ല. ഇരിക്കുന്ന കൊമ്പ് മുറിച്ചുകൊണ്ടാകരുത് എന്ന് മാത്രം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS