ബ്‌ളോഗിലും ഇൻസ്റ്റഗ്രാമിലും കവിത പ്രസിദ്ധീകരിക്കുന്ന കാലത്ത് അത് മോഷ്ടിച്ച് സ്വന്തം പേരിൽ പ്രസിദ്ധീകരിക്കുന്നവരെ എന്ത് വിളിക്കണം?

Monday 10 December 2018 2:06 PM IST
news

പണ്ടൊക്കെ റഷ്യയിൽ നിന്നും ജർമ്മനിയിൽ നിന്നും ലാറ്റിൻഅമേരിക്കയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മഹത്തായ കൃതികൾ മലയാളത്തിൽ സ്വന്തം പേരിൽ അച്ചടിച്ചിരുന്ന വിദ്വാൻമാർ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ബ്‌ളോഗിലും ഇൻസ്റ്റഗ്രാമിലും കവിത പ്രസിദ്ധീകരിക്കുന്ന കാലത്ത് അത് മോഷ്ടിച്ച് സ്വന്തം പേരിൽ പ്രസിദ്ധീകരിക്കുന്നവരെ എന്ത് വിളിക്കണം? അങ്ങനെയൊരു മഹാ കവയത്രി നമുക്കുണ്ട്. പേര് ദീപ ടീച്ചർ. സോറി ദീപ നിശാന്ത്. കവിതാ മോഷണവും സുരേന്ദ്രൻ ജിക്ക് ജാമ്യം കിട്ടിയ വിശേഷങ്ങളുമായി കൗമുദി ട്രെൻഡിംഗ് ന്യൂസ് തുടങ്ങട്ടെ. നമസ്‌കാരം ഞാൻ ശ്രീജീത്ത് ബാലകൃഷ്ണൻ.

മോഷണം ഒരു തെറ്റാണോ എന്ന് ചോദിക്കരുത്. അങ്ങനെ സംഭവിച്ചുപോയി എന്ന് നമ്മുടെ ദീപ ടീച്ചർ പറയും. അദ്ധ്യാപകർക്ക് മോഷ്ടിക്കാം. കൂട്ടുകാരൻ കൊണ്ടുതരുന്ന കവിത സ്വന്തം പേരിൽ അച്ചടിക്കാം. സ്വന്തം കവിത മറ്റൊരാളുടെ പേരിൽ കാണുമ്പോൾ ഏത് കവിക്കും ഹൃദയം നുറുങ്ങുന്ന വേദനയുണ്ടാകും. കവിതയുടെ യഥാർത്ഥ ഉടമസ്ഥനായ കലേഷ് ദീപ ടീച്ചറോട് പറഞ്ഞതും അതാണ്. ആ കവിത ദീപയുടേത് അല്ല കലേഷിന്റേത് ആണെന്ന് പറയണം. അവിടെ ടീച്ചർക്ക് പണി പാളി. ഫേസ് ബുക്കിൽ ഓരോ മണിക്കൂറിലും സമാന്യ മര്യാദയെ കുറിച്ചും സ്ത്രീ ശക്തിയെ കുറിച്ചും സാഹിത്യത്തെ കുറിച്ചും തള്ളി വിടുന്ന ടീച്ചർ കലേഷിന്റെ ആവശ്യം നിഷ്‌കരുണം തള്ളി. അതോടെ കളി മാറി. നടിയെ ആക്രമിച്ച കേസിലും ശബരിമല വിഷയത്തിലും അടക്കം ദീപ നിഷാന്ത് നടത്തിയ എല്ലാ ഫേസ് ബുക്ക് പ്രഖ്യാപനങ്ങളും ഓർത്തുവെച്ചിരുന്ന ശത്രുക്കൾ ശരിക്കും പണി തുടങ്ങി. തലങ്ങും വിലങ്ങും ട്രോളുകൾ. പോരാഞ്ഞിട്ട് പരസ്യ പ്രതിഷേധം വേറെ. ഒടുവിൽ എല്ലാം പ്രിയ സുഹൃത്ത് ശ്രീചിത്രന്റെ തലയിൽ കെട്ടിവെച്ച് ടീച്ചർ പിന്നെയും കവിയായി. പഴയ സുഹൃത്തുക്കൾ പണി തരുന്ന കാലമാണ് എന്ന് ആർക്കും മനസിലാകാത്ത ഭാഷയിൽ ഫേസ് ബുക്ക് ലേഖനം എഴുതിയ ടീച്ചർ സാഹിത്യകാരൻമാർക്ക് വീണ്ടും മാതൃകയായി. അപ്പോഴും ശ്രീചിത്രൻ എന്ന കൂട്ടുകാരൻ ഇതൊന്നും അറിയാതെ ശബരിമലയെ കുറിച്ചും ആചാരങ്ങളെ കുറിച്ചും സംസാരിക്കുക ആയിരുന്നു. കവിത മോഷണം മറ്റൊരു ആചാരം എന്നതാണ് ശ്രീചിത്രന്റെ നിലപാട്. ഏറ്റവും ഒടുവിൽ ആലപ്പുഴയിൽ തുടങ്ങിയ കുട്ടികളുടെ കലോത്സവത്തിൽ ദീപ ടീച്ചറെ ഉപന്യാസത്തിന്റെ വിധി കർത്താവായി ക്ഷണിച്ച് നമ്മുടെ വിദ്യാഭ്യാസ വകുപ്പ് മോഷ്ടാക്കൾക്ക് ആദരം അർപ്പിച്ചു. ഒടുവിൽ അവിടെയും മാപ്പ് പറഞ്ഞ് ദീപ ടീച്ചർ വീണ്ടും മാതൃകയായി.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്ന കാര്യം ഏതാണ്ട് തീരുമാനം ആയി. ബി.ജെ.പി നടത്തി വന്ന സമരം തണുത്തതോടെ അയ്യപ്പനെ കാണുന്ന കാര്യത്തിൽ യുവതികളും തണുത്തു. അതോടെ പിണറായി പ്ലാൻ മാറ്റി. ഭക്തപുത്രൻമാർ കുലസ്ത്രീകളെ ഇറക്കിയാണ് സമരം നയിച്ചത് എങ്കിൽ വനിതാ മതിൽ നിർമ്മിക്കാനാണ് പിണറായിയുടെ പരിപാടി. സാമൂഹിക, സാമുദായിക സംഘടനകളെ വിളിച്ച് ചായ കൊടുത്തിട്ട് പിണറായി മതിൽ കെട്ടാൻ തീരുമാനിച്ചു. ജനുവരി ഒന്നിന് 620 കിലോമീറ്റർ നീളത്തിൽ മതിൽ കെട്ടാൻ വനിതകളെ ഇറക്കാൻ പിണറായി തീരുമാനിച്ചത് ചെന്നിത്തലാ ജിക്ക് ഇഷ്ടമായിട്ടില്ല. നവോത്ഥാന മൂല്യ സംരക്ഷണ സമിതി കെട്ടുന്ന മതിൽ പൊളിക്കാൻ തന്നെയാണ് ചെന്നിത്തലയുടെ തീരുമാനം. അത് പിന്നെ ചെന്നിത്തലയ്ക്ക് അങ്ങനെയല്ലേ പറയാൻ പറ്റൂ. ശബരിമലയിൽ ബി.ജെ.പി സമരം തുടങ്ങിയപ്പോ കോൺഗ്രസും സമരം തുടങ്ങി. കെ. സുരേന്ദ്രനും ശശികലും മലകയറിയപ്പോ ചെന്നിത്തലയും ഉമ്മൻചാണ്ടിയും പമ്പ വരെ പോയി. ബി.ജെ.പി മലയിറങ്ങി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം തുടങ്ങിയപ്പോ ചെന്നിത്തലയുടെ എം.എൽ.എമാർ നിയമസഭയിൽ നിരാഹാരം തുടങ്ങി. ബി.ജെ.പി എന്ത് ചെയ്യുന്നോ അത് റിപ്പീറ്റ് അടിക്കാനാണ് ചെന്നിത്തല കോൺഗ്രസുകാർക്ക് നൽകിയ നിർദ്ദേശം.

പീഡനം പല രൂപത്തിലാണ്. കേസെടുത്ത് പീഡിപ്പിക്കുക എന്നൊരു പുതിയ തരം പീഡനം വന്നിട്ടുണ്ട്. അതാണ് സുരേന്ദ്രന്റെ കാര്യത്തിൽ സംഭവിച്ചത്. ശബരിമലയിൽ 52 വയസുള്ള മാളികപ്പുറത്തിനെ ആചാരത്തിന്റെ ഭാഗമായി തടഞ്ഞ് രണ്ട് തല്ലും കൊടുത്ത് പരിപാവനമായ ഇരുമുടിക്കെട്ട് പൊലീസ് സ്റ്റേഷനിൽ വലിച്ചെറിഞ്ഞ് ജയിലിൽ പോയത് മറ്റൊരു ആചാരം ആണെന്നാണ് സുരേന്ദ്രൻ പറയുന്നത്. ഇതൊക്കെ അയ്യപ്പനും കോടതിയും കാണുന്നുണ്ടായിരുന്നു. അതാണ് കോടതി ചോദിച്ചത്, സംഘർഷം ഉണ്ടായ ദിവസം സുരേന്ദ്രൻ എന്തിന് ശബരിമലയിൽ പോയി എന്ന്. പക്ഷേ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് കേരളത്തിലെ സകല കോടതിയും ജയിലും കാണിച്ചിട്ടും വല്യ വക്കീലായ ശ്രീധരൻ പിള്ള ഒന്നു തിരിഞ്ഞുപോലും നോക്കാഞ്ഞത് വലിയ മോശമായിപ്പോയി. അതോടെ ബി.ജെ.പിയിൽ പിള്ളയുടെ കസേര തെറിപ്പിക്കാൻ കാത്തിരുന്നവർക്ക് അതൊരു അവസരമായി. മിസോറാമിലേക്ക് പോയ കുമ്മനത്തെ തിരിച്ചുകൊണ്ടുവരണം എന്ന് പറയുന്നവരുണ്ട്. അല്ലെങ്കിൽ അയ്യപ്പന് വേണ്ടി ഒരു ആയുസ് മുഴുവൻ ജയിലിൽ കിടക്കാൻ തയ്യാറായ സുരേന്ദ്രനെ തന്നെ വീണ്ടും ബി.ജെ.പിയുടെ തലപ്പത്ത് പ്രതിഷ്ടിക്കണം. അല്ലെങ്കിൽ വേറൊരാളുണ്ട്. ശോഭാ സുരേന്ദ്രൻ ജി. ആള് കിടിലം ആണ്. പക്ഷേ ചെറിയൊരു പ്രശ്നമുണ്ട്. സമയം ഇല്ലാത്ത സമയത്ത് കോടതിയുടെ സമയം കളഞ്ഞതിന് ശോഭേച്ചിയോട് ഹൈക്കോടതി 25000 രൂപ പിഴ അടയ്ക്കാൻ പറഞ്ഞു. പക്ഷേ കോടതി വിധി ആചാര ലംഘനം ആണെന്ന് പറഞ്ഞ ശോഭേച്ചി പിഴ അടയ്ക്കില്ലാന്ന് തറപ്പിച്ച് പറഞ്ഞു. സുപ്രീംകോടതിയിൽ പോകാനാണ് ചേച്ചിയുടെ അടുത്ത തീരുമാനം. സുപ്രീംകോടതിക്ക് ധാരാളം സമയം ഉള്ളതുകൊണ്ട് അവിടയും മാപ്പ് പറയാനാകും ശോഭാ സുരേന്ദ്രൻ ജിയുടെ വക്കീലിന്റെ വിധി.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഉദ്ഘാടനം ചെയ്ത കണ്ണൂർ വിമാനത്താവളം വീണ്ടും ഉദ്ഘാടനം ചെയ്യാൻ പോകുകയാണ്. പക്ഷേ പിണറായി തന്നെ വിളിച്ചത് ശരിയായില്ല എന്ന് പറഞ്ഞ കേരളത്തിന്റെ കേന്ദ്രമന്ത്രി അൽ കണ്ണന്താനവും ഉമ്മൻചാണ്ടിയെ വിളിക്കാത്തോണ്ട് താൻ വരില്ലാന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. മധ്യപ്രദേശിലും

രാജസ്ഥാനിലും ഭരണം കിട്ടുമെന്ന് എക്സിറ്റ് പോൾ പറഞ്ഞതുകൊണ്ട് ചെന്നിത്തലയ്ക്ക് ഇനി ശ്വാസം നീട്ടി വിടാം. അതിന് കാരണമുണ്ട്. തെലങ്കാനയിൽ കോൺഗ്രസിന് ഭരണം കിട്ടൂല്ല എന്നും എക്സിറ്റ് പോൾ പറഞ്ഞിട്ടുണ്ട്. എങ്ങാനും കിട്ടിയാൽ ആന്ധ്ര പ്രദേശിന്റെ ചുമതലയുള്ള ഉമ്മൻചാണ്ടി അതിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റിയേനെ. ഇതിനിടെ കേരളത്തിന്റെ സ്വന്തം സിനിമാ മേള തിരുവനന്തപുരത്ത് തുടങ്ങി. 2000 രൂപയുടെ പാസ് എടുത്ത് സിനിമ കാണുന്ന എല്ലാ ആശ്വാസകർക്കും അഭിവാദ്യം പറഞ്ഞുകൊണ്ട് ഇന്നത്തേക്ക് വിടപറയുന്നു. അടുത്തയാഴ്ച വീണ്ടും കാണും വരെ എല്ലാവർക്കും നല്ല നമസ്‌കാരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS