മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം രാഹുൽ ഗാന്ധിക്ക് വലിയൊരു ആശ്വാസമായി

Sunday 16 December 2018 7:57 PM IST
trending

അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നു. അതിന്റെ ഫലവും വന്നു. എക്സിറ്റ് പോൾ ഫലങ്ങൾ പോലെ തന്നെ കൈപ്പത്തിക്ക് ശ്വാസം കിട്ടി. അമിത് ഷാജിയുടെ പാർട്ടി ഭരിച്ചിരുന്ന മൂന്ന് സംസ്ഥാനങ്ങൾ ഇനി കൈപ്പാർട്ടി ഭരിക്കും. കേരളത്തിൽ ഒരു ബലിദാനിയെ കിട്ടിയ സന്തോഷത്തിൽ തുള്ളിക്കളിക്കുന്ന താമരപ്പാർട്ടിയുടെ വിശേഷങ്ങളുമായി കൗമുദി ട്രെൻഡിംഗ് ന്യൂസ് തുടങ്ങട്ടെ... നമസ്‌കാരം ഞാൻ ശ്രീജിത്ത് ബാലകൃഷ്ണൻ.

മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം രാഹുൽ ഗാന്ധിക്ക് വലിയൊരു ആശ്വാസമായി. പപ്പുമോൻ എന്ന വിളിയിൽ നിന്ന് തൽക്കാലം രക്ഷപ്പെട്ടു എന്ന് പറയാം. പക്ഷേ ജയിച്ച മൂന്ന് സംസ്ഥാനങ്ങളിലും രാഹുൽ ഇനി വിയർക്കാൻ പോകുന്നതേ ഉള്ളൂ. രാജസ്ഥാനിലും മധ്യപ്രദേശിലും പഴയ മുഖങ്ങൾക്ക് മുഖ്യമന്ത്രിക്കസേര നൽകിയപ്പോൾ സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നി യുവ തുർക്കികളോട് കാത്തിരിക്കാൻ രാഹുൽ പറഞ്ഞു. ഇതാണ് കോൺഗ്രസ്. അധികാരം കിട്ടിയാൽ അപ്പൊ തുടങ്ങും... കടിപിടി. മിസോറാം കൂടി കൈവിട്ടതോടെ വടക്ക് കിഴക്കൻ മേഖലിയിൽ കോൺഗ്രസ് എന്ന ദേശീയ പാർട്ടി പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്ന അവസ്ഥയായി. തെലങ്കാനയിലും മിസോറാമിലും കോൺഗ്രസിനെയും ബി.ജെ.പിയെയും മാറ്റി നിറുത്തി തെലുങ്കാന രാഷ്ട്ര സമിതിക്കും മിസോ നാഷണൽ ഫ്രണ്ടിനും ഭരണം നൽകിയ ജനാധിപത്യ ബോധമുള്ള സാധാരണക്കാരൻ ഒരു കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങൾക്കൊപ്പം നിൽക്കുന്നവർക്കാണ് വോട്ട്. അല്ലാതെ പശുവിനും രാമനും അയ്യപ്പനുമല്ല... രാജസ്ഥാനിൽ ബി.ജെ.പിയുടെ പശുമന്ത്രിയെ വരെ തോൽപ്പിച്ച ജനം അത് കൂടുതൽ തറപ്പിച്ചു പറഞ്ഞു. പ്രധാനമന്ത്രിയാകാൻ കൊതിച്ചിരിക്കുന്ന ചന്ദ്രബാബു നായിഡു, മായാവതി, മമതാ ബാനർജി, ചന്ദ്രശേഖര റാവു എന്നിവർക്ക് ഒപ്പം ആയിരിക്കും ഇനി രാഹുലിന്റെയും മത്സരം. അതുവരെ തല്ലും പിടിയും കൂടാതെ മുന്നോട്ട് പോകാൻ കോൺഗ്രസുകാരോട് സോണിയാ ഗാന്ധി തന്നെ പറയേണ്ടി വരും. തിരഞ്ഞെടുപ്പ് ഫലം വന്നതോടെ പെട്രോളിനും ഡീസലിനും വീണ്ടും വില കൂടുന്നുണ്ട് എന്ന കാര്യം കൂടി പറയുന്നു.

ഒരു ബലിദാനിയെ കിട്ടാൻ ശബരിമലയിൽ പഠിച്ച പണി പതിനെട്ടും പയറ്റിയ പാർട്ടിയാണ് ബി.ജെ.പി. ശബരിമലയിലെ സമരം പാളിയപ്പോ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നിരാഹാരം മാറ്റി. അപ്പോൾ അതാ വരുന്നു ഒരാൾ. ജീവിതം മടുത്തു. സമൂഹത്തോട് വെറുപ്പ്. ആത്മഹത്യ അല്ലാതെ വേറെ മാർഗ്ഗമില്ല. അപ്പൊ പിന്നെ ബി.ജെ.പിയുടെ നിരാഹാര പന്തൽ തന്നെ അതിനുള്ള വേദിയായി. അതാണ് ബി.ജെ.പി സ്വപ്നം കണ്ട ബലിദാനി. ആത്മഹത്യയ്ക്ക് ശ്രമിച്ച മനുഷ്യൻ മരിച്ച വാർത്ത അറിഞ്ഞ ഉടൻ ബി.ജെ.പി ഹർത്താൽ പ്രഖ്യാപിച്ചു. അങ്ങനെ വേണം. അയ്യപ്പന് വേണ്ടി മാത്രം ഈമാസം നാല് ഹർത്താൽ. അയ്യ

പ്പന് നെയ്യഭിഷേകം എന്നൊക്കെ കേട്ടിട്ടുണ്ട്. ഹർത്താൽ ഇനി അയ്യപ്പന് വേണ്ടിയുള്ള ആചാരം ആകുമോ എന്നാണ് സുപ്രീംകോടതിയുടെ പേടി. ശശികലയുടെ അറസ്റ്റ് മുതൽ ബലിദാനിക്ക് വേണ്ടി വരെ ഹർത്താൽ. എന്തിനാണ് ഹർത്താൽ എന്ന് ചോദിച്ചാൽ പിണറായി വിജയൻ രാജിവെയ്ക്കണം എന്ന് ബി.ജെ.പിക്കാർ പറയും. ഇനി ഹർത്താൽ എന്നും പറഞ്ഞ് വന്നാൽ ജനം ചെരിപ്പൂരി അടിക്കും എന്ന നിലയിലേക്ക് ബി.ജെ.പിയുടെ ഹർത്താൽ കേരളത്തെ കൊണ്ട് എത്തിച്ചു എന്നു കൂടി പറയേണ്ടി വരും.

പക്ഷേ ഹർത്താൽ പ്രഖ്യാപിച്ച ദിവസത്തിൽ ചെറിയൊരു ട്വിസ്റ്റ്. അന്നാണ്... ലാലേട്ടന്റെ ഒടിയൻ മാലോകരെ കാണാനായി വരാൻ റെഡിയായി ഇരുന്നത്. ബി.ജെ.പിയുടെ ഹർത്താൽ എന്ന് കേട്ടപാടെ ഒടിയൻ വരെ പേടിച്ചു. അതോടെ ഒടിയന്റെ കാര്യം അതോടെ തീരുമാനമായി. അയ്യപ്പൻ ക്ഷമിച്ചാലും ബി.ജെ.പിയോട് ലാലേട്ടൻ ക്ഷമിക്കൂലാ... ലാലേട്ടനെ ഒടിയനാക്കി ഓടി രക്ഷപെട്ട ശ്രീകുമാർ മേനോനോടും ലാലേട്ടൻ ക്ഷമിക്കുന്ന ലക്ഷണമില്ല. മേനോന്റെ കാര്യം പോക്കാണെന്ന് നേരത്തെ മനസിലാക്കിയത് കൊണ്ടായിരിക്കും നമ്മുടെ സ്വന്തം എം.ടി വാസുദേവൻ നായർ തന്റെ എല്ലാം എല്ലാമായ രണ്ടാമൂഴം മേനോന്റെ കയ്യിൽ നിന്ന് വാങ്ങി സിനിമ ആക്കാതെ സ്വന്തം വീട്ടിലെ അലമാരയിൽ വെക്കാൻ തീരുമാനിച്ചത്.

ശബരിമലയുടെ കാര്യത്തിൽ ഒരു തീരുമാനം ആകാതെ നിൽക്കുമ്പോഴാണ് പിണറായിക്ക് പിറവം പള്ളിയെ കുറിച്ച് ഓർമ്മ വന്നത്. അവിടയെും സുപ്രീംകോടതി വിധി തന്നെയാണ് പ്രശ്നം. പൊലീസുകാർ നേരെ പിറവത്തേക്ക് വെച്ചുപിടിച്ചു. പൊലീസിന്റെ രഹസ്യ ഓപ്പറേഷൻ നേരത്തെ മനസിലാക്കിയ അച്ചൻമാരും വിശ്വാസികളും ചേർന്ന് പ്ലാൻ എ നടപ്പിലാക്കി. വിശ്വാസം കൂടിയ ചില ക്രിസ്തീയ കുല പുരുഷൻമാർ പള്ളിയുടെ മുകളിൽ മണ്ണെണ്ണയും തീപ്പെട്ടിയും ആയി റെഡിയായി. ചില ക്രിസ്തീയ കുലസ്ത്രീകൾ പള്ളിമേടയിൽ കയറി കഴുത്തിൽ കുരുക്കിട്ടു. പൊലീസ് ഗേറ്റ് പൊളിച്ചതോടെ വലിയ വിശ്വാസിയായ അച്ചൻ തല ഗേറ്റിന് അകത്തിട്ടു. പ്ലാൻ എ കംപ്ലീറ്റ് ആത്മഹത്യാശ്രമം. പൊലീസിനും ഇതേ വേണ്ടൂ... കോടതി വിധി വിശ്വാസത്തിന് മുകളിൽ അല്ല എന്ന് കോടതിയെ തന്നെ അറിയിക്കുക. യാക്കോബായക്കാരുടെ കയ്യിൽ നിന്ന് പള്ളി ഓർത്തഡോക്സുകാർക്ക് കൊടുക്കണം എന്ന കോടതി വിധി പിന്നെയും സ്വാഹ. പൊലീസ് നടത്തിയത് ഉഡായിപ്പ് ഇടപാടാണ് ആണെന്ന് അപ്പവും വീഞ്ഞും കഴിക്കുന്ന എല്ലാവർക്കും മനസിലായി. ഏതെങ്കിലും മതത്തിന്റെ പേരിൽ ആത്മഹത്യാ വിശ്വാസികൾ കൂടി വരുന്ന കേരളം പ്രബുദ്ധമാണ്... മതനിരപേക്ഷമാണ്... സാക്ഷരമാണ്.... നവോത്ഥാന പാരമ്പര്യമാണ് എന്നൊന്നും തള്ളിക്കൊണ്ട് ആരും ഇതുവഴി വരേണ്ട.

പഴയൊരു കഥയുണ്ട്. ഈദി അമീൻ എന്ന ഒരു ഏകാധിപതിയെ കുറിച്ചാണ് കഥ. ഉഗാണ്ട എന്ന രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു. അദ്ദേഹം പണത്തിന് ആവശ്യം വന്നപ്പോ ഉഗാണ്ടയുടെ റിസർവ് ബാങ്ക് ഗവർണറെ പുറത്താക്കി തനിക്ക് ഇഷ്ടമുള്ള ആളെ നിയമിച്ചു എന്നാണ് കഥ. ശേഷം സ്വന്തം ഇഷ്ടത്തിന് കറൻസി അച്ചടിച്ച് വരെ ഇറക്കിയെന്നും കഥയിൽ പറയുന്നു. ഇതിവിടെ പറഞ്ഞത് നമ്മുടെ രാജ്യത്ത് റിസർവ് ബാങ്ക് ഗവർണറായിരുന്ന ഊർജിത് പട്ടേലിന്റെ രാജിയും ചരിത്രം പഠിച്ച ശക്തികാന്ത ദാസ് എന്നൊരാൾ റിസർവ് ബാങ്ക് ഗവർണർ ആകുന്നതും കണ്ടത് കഴിഞ്ഞ ആഴ്ചയാണ്. നമ്മുടെ റിസർവ് ബാങ്കിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി കുറച്ച് കായ് ചോദിച്ചിരുന്നു. ഇതിന് ശേഷമാണ് ഈ പറഞ്ഞതെല്ലാം സംഭവിച്ചത്. എന്തായാലും നമ്മുടെ റിസർവ് ബാങ്ക് ചരിത്രം ആകുന്നത് കാണാനുള്ള ഭാഗ്യം ഈ ജന്മത്തിൽ ഉണ്ടാകാതിരിക്കട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് ഇന്നത്തേക്ക് വിട പറയുന്നു. അടുത്തയാഴ്ച വീണ്ടും കാണും വരെ എല്ലാവർക്കും നല്ല നമസ്‌കാരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS