നിങ്ങളുടെ മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ടാബ് തുടങ്ങി എല്ലാം ഇനി നമ്മുടെ പ്രധാനമന്ത്രിയും സംഘവും കുത്തിയിരുന്ന് നിരീക്ഷിക്കും

Sunday 23 December 2018 9:44 PM IST
trending

നിങ്ങളുടെ മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ടാബ് തുടങ്ങി എല്ലാം ഇനി നമ്മുടെ പ്രധാനമന്ത്രിയും സംഘവും കുത്തിയിരുന്ന് നിരീക്ഷിക്കും. അതിനായി 10 അന്വേഷണ ഏജൻസികളെ ഏൽപ്പിച്ചു. സംശയമുള്ള ആരുടെയും കമ്പ്യൂട്ടറിൽ അനുമതി ഇല്ലാതെ കടന്നു കയറി എന്തും പരിശോധിക്കാനും പിടിച്ചെടുക്കാനും മോദിജിക്ക് സാധിക്കും. മോദിജിയുടെ പുതിയ പരിഷ്‌കാരങ്ങളുടെ വിശേഷങ്ങളുമായി കൗമുദി ട്രെൻഡിംഗ് ന്യൂസ് തുടങ്ങട്ടെ. നമസ്‌കാരം ഞാൻ ശ്രീജിത്ത് ബാലകൃഷ്ണൻ.

പൗരന്മാരുടെ സ്വകാര്യതയിൽ ഏതു വിധത്തിലും ഇടപെടാൻ സർക്കാർ ഏജൻസികൾക്ക് സാധിക്കും എന്നതാണ് പുതിയ പരിഷ്‌കാരം. എന്ത് ചെയ്താലും അത് രാജ്യ സുരക്ഷയുടെ പേരിലാണ് എന്ന് പറയാനുള്ള മിടുക്കാണ് മോദിജിയെ വ്യത്യസ്തനാക്കുന്നത്. ഈ രാജ്യത്തെ പൗരൻമാരുടെ കിടപ്പുമുറിയിലേക്ക് വരെ ആർക്കും കടന്നു കയറാൻ അനുമതി നൽകുന്ന ആ വലിയ മനസുണ്ടല്ലോ... അത് അംഗീകരിക്കാതെ വയ്യ. അതിനിടെയിൽ മോദി ജി പണ്ട് പറഞ്ഞൊരു കാര്യം വീണ്ടും ഓർമ്മ വന്നു. വേറൊന്നുമല്ല... എല്ലാവരുടെ അക്കൗണ്ടിലേക്കും 15 ലക്ഷം വീതം ഇട്ടുതരുന്ന കാര്യമാണ്. പെട്ടെന്ന് ഓർക്കാൻ കാരണം. മോദിജിയുടെ മന്ത്രിസഭയിലെ പ്രധാനിയാണ് രാംദാസ് അത്താവാലെ. നല്ല മനുഷ്യനാണ് അദ്ദേഹം. മോദി മറന്നുപോയെങ്കിലും ശ്രീമാൻ രാംദാസിന് 15 ലക്ഷത്തെ കുറിച്ച് നല്ല ഓർമ്മയുണ്ട്. 15 ലക്ഷം എല്ലാവർക്കും കിട്ടും പക്ഷേ കുറച്ചു വൈകും എന്നാണ് രാംദാസ് പറഞ്ഞത്. ഘട്ടം ഘട്ടമായി എല്ലാവരുടേയും അക്കൗണ്ടിലേക്ക് കായ് വരുന്നതും കാത്തിരിക്കുകയാണ്. ഈ മഹാരാജ്യത്ത് നിന്ന് കടത്തിക്കൊണ്ടു പോയ കള്ളപ്പണം തിരിച്ചുകൊണ്ടു വന്ന് എല്ലാ അക്കൗണ്ടും നിറയ്ക്കും എന്നായിരുന്നു പണ്ട് പറഞ്ഞത്. ആ എന്തേലും ആകട്ടെ... തരാമെന്ന് പറഞ്ഞ കായ് കിട്ടിയാ മതി.

കേരള സർക്കാർ എന്തേലും നല്ല കാര്യം ചെയ്യാൻ തീരുമാനിച്ചാ... അത് മുടക്കാൻ ചിലർ ഇറങ്ങും. അതാണിപ്പോ ഒരു സ്ഥിരം പരിപാടി. ജലീൽ സാഹിബ് സ്വന്തക്കാരനെ സ്വന്തം വകുപ്പിൽ നിയമിച്ചപ്പോ അത് മുടക്കി. ഇപ്പോഴത്തെ പ്രശ്നം ഒരു മതിലാണ്. വനിതാ മതിൽ... 15 വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരിച്ചു വന്ന മാണിക്യന് കഞ്ഞി കൊടുക്കാൻ വലിയ മനസ് കാണിച്ച മഞ്ജുവാര്യർ ആദ്യം പറഞ്ഞത് മതില് കെട്ടാൻ കൂടെ വരാം എന്നാണ്. ഇപ്പോ വാര്യർ ചേച്ചി പറയുന്നു മതിൽ കെട്ടാൻ ഇല്ലെന്ന്. മഞ്ജു വാര്യരോട് മതില് പണിക്ക് പോകണ്ടാന്ന് പറഞ്ഞ മഹാൻ ആരാണോ ആവോ. മഞ്ജു പിൻമാറിയതോടെ പെരുത്ത നായരായ സുകുമാരൻ നായർക്ക് കാര്യം പിടികിട്ടി. നായരും വാര്യരും മതില് പണിക്ക് പോകാൻ പാടില്ല. അതാണ് ഈ നാട്ടിലെ നടപ്പുവശം. അവര് രണ്ട് പേരും കൂടി ഇനി സർക്കാരിന്റെ മതിലിൻമേൽ ഭക്തപുത്രൻമാരുടെ അയ്യപ്പ ജ്യോതി തെളിയിക്കും. നായരും വാര്യരും മതില് പണിക്ക് വരില്ലാന്ന് പറഞ്ഞതോടെ ശ്രീമാൻ പിണറായി പ്ലാൻ മാറ്റി... സകല മതന്യൂനപക്ഷങ്ങളേയും മതില് പണിയാൻ വിളിച്ചു. പിന്നെ പിണറായി മുഖ്യനോട് ഒരു കാര്യം പറഞ്ഞോട്ടെ... വർഗ്ഗീയതയ്ക്ക് എതിരെ മതില് പണിയാനുള്ള താങ്കളുടെ ഉദ്യമത്തിന് അഭിനന്ദനം. പക്ഷേ പ്രളയത്തിന് ശേഷം നവ കേരളം നിർമ്മിക്കും എന്ന് പറയുന്ന കൂട്ടത്തിൽ വീട് നഷ്ടപ്പെട്ടവരെ കൂടി പരിഗണിക്കണം. കിടപ്പാടം പോലുമില്ലാതെ സർക്കാർ സഹായം ലഭിക്കാതെ ആയിരങ്ങൾ ഇപ്പോഴും ഇവിടെയുണ്ട് എന്ന കാര്യം മറക്കരുത്.

മലയാള സിനിമയും അധോലോകവും തമ്മിൽ എന്താണ് ബന്ധം എന്ന് ചോദിച്ചാൽ ഒരു ബന്ധവും ഇല്ല. പക്ഷേ കൊച്ചിയിൽ സിനിമാ നടിയുടെ ബ്യൂട്ടി പാർലറിന് നേരേ വെടിവെയ്പ്പ് എന്ന് കേട്ടാൽ നമ്മുടെ പൊലീസിന് പോലും പേടിയാണ്. കാരണം നടി ലീന മരിയാ പോളിന്റെ ബ്യൂട്ടിപാർലർ അധോലോക കേന്ദ്രം ആണെന്നാണ് പൊലീസ് പറയുന്നത്. ബോംബെ അധോലോകത്തെ കിടുകിടാ വിറപ്പിച്ച ദാവൂദ് ഇബ്രാഹിന്റെ പെരുത്ത ചങ്ങായിയായ രവി പൂജാരി എന്ന പാവം അധോലോക ഗുണ്ടാത്തലവനുമായി ലീനയ്ക്ക് ഭയങ്കര ബന്ധം ആണത്രേ... ഇവനൊക്കെ പൂജാരി എന്ന് പേരിട്ടവരെ സമ്മതിക്കണം. സാധാരണ ബോംബെയിലെ നടൻമാരും നടിമാരുമാണ് തോക്ക്, വെടിവെയ്പ്പ്, അധോലോകം എന്നൊക്കെ പറഞ്ഞു നടക്കുന്നത്. അതിൽ കൊച്ചിയെ കൂടി ഉൾപ്പെടുത്തിയ നടി ലീനയ്ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

പടച്ചോനേ നിന്നെ നീ തന്നെ കാത്തോണേ എന്നേ പറയാനുള്ളൂ. കാരണം ശ്രീരാമന്റെ എല്ലാം എല്ലാം ആയ ഹനുമാൻ ഇനി മുതൽ മുസൽമാൻ സഹോദരൻ ആയിരിക്കും. ജ്ജ് ഹനുമാൻ അല്ല സുലൈമാൻ ആണെന്ന് പറഞ്ഞത് മലയാളിയുടെ പ്രിയപ്പെട്ട നടൻ കുതിരവട്ടം പപ്പു ആണ്. ഹനുമാൻ മുസൽമാൻ ആണെന്ന് പറഞ്ഞത് കൗമുദി ട്രെൻഡിംഗ് ന്യൂസ് അല്ല. ശ്രീരാമന് വേണ്ടി അയോദ്ധ്യയിൽ അമ്പലം പണിയാൽ കല്ലുകൊണ്ടുപോയ ഉത്തർപ്രദേശിലെ ബി.ജെ.പി നേതാവ് ബുക്കൽ നവാബ് ആണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് ഹനുമാൻ ദളിതൻ ആണെന്നാണ്. എന്നാൽ ബുക്കൽ നവാബ് പറയുന്നത് റഹ്മാൻ, റംസാൻ, ഫർമാൻ, സീഷാൻ, ഖുർബാൻ എന്നിവരൊക്കെ മുസൽമാൻമാർ ആണ്. സോ ഹനുമാൻ മുസൽമാൻ തന്നെ എന്നാണ് ബി.ജെ.പി നേതാവ് പറയുന്നത്. എന്തായാലും ഹനുമാന്റെ ബന്ധുക്കൾ ആരും പരാതിയുമായി വരില്ല എന്ന് ബി.ജെ.പി നേതാവിന് ഉറപ്പുള്ളത് കൊണ്ട് പ്രശ്നമില്ല. ഹൈദരാബാദിന്റെ പേര് മാറ്റി ഭാഗ്യനഗർ എന്നും അഹമ്മദാബാദിന്റെ പേര് കർണാവതി എന്നും ഗുഡ്ഗാവ് ഗുരുഗ്രാം എന്നും മാറ്റാൻ ശ്രമിക്കുന്ന ബി.ജെ.പി, ഹനുമാനെ സുലൈമാൻ ആക്കിയത് ശരിയായില്ല. കേരളത്തിന്റെ പൂജ്യം കളഞ്ഞ് വെറും കേരള എന്നാക്കി മാറ്റാൻ ഒരു ആലോചന നടക്കുണ്ട്. കേരളം കേരള ആകുന്നത് കാണാൻ കൊതിച്ചുകൊണ്ട് ഇന്നത്തേക്ക് വിടപറയുന്നു. അടുത്തയാഴ്ച വീണ്ടും കാണും വരെ എല്ലാവർക്കും നല്ല നമസ്‌കാരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS