തന്റെ ബ്രഹ്മചര്യം കളയാനായി ഏതേലും ഭക്ത യുവതി പതിനെട്ടാം പടി കയറി വരുമോ എന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് അതാ വരുന്നു ഒരു സംഘം ഭക്ത യുവതികള്‍

Sunday 30 December 2018 9:55 PM IST
trending

തന്റെ ബ്രഹ്മചര്യം കളയാനായി ഏതേലും ഭക്ത യുവതി പതിനെട്ടാം പടി കയറി വരുമോ എന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് അതാ വരുന്നു ഒരു സംഘം ഭക്ത യുവതികള്‍. പേര് മനിതി. ചെന്നൈയില്‍ നിന്നാണ് വരവ്. അതിര്‍ത്തി കടന്നുവന്ന മനിതികളെ ഭക്ത പുത്രന്‍മാര്‍ കണ്ടം വഴി ഓടിച്ച കഥയുമായി കൗമുദി ട്രെന്‍ഡിംഗ് ന്യൂസ് തുടങ്ങട്ടെ. നമസ്‌കാരം ഞാന്‍ ശ്രീജിത്ത് ബാലകൃഷ്ണന്‍.

കോടതിയെ പേടിച്ച് മിണ്ടാതിരുന്ന അയ്യപ്പനെ കാണാന്‍ മലകയറും എന്ന് പറഞ്ഞ മനിതികള്‍ കണ്ടം വഴി ഓടുന്ന കാഴ്ച അത്ര മനോഹരം ആയിരുന്നില്ല എന്ന് വേണം പറയാന്‍. ബി.ജെ.പി സമരം തലസ്ഥാനത്തേക്ക് മാറ്റിയതോടെ ശബരിമലയിലെ ബഹളവും സംഘര്‍ഷവും ഒരുവിധം അവസാനിച്ചു എന്ന് വിചാരിച്ച് ഇരിക്കുമ്പോഴാണ് മനിതികള്‍ വന്നത്. കോടതി വിധിയും കയ്യില്‍ പിടിച്ച് വന്ന മനിതികള്‍ അയ്യപ്പനെ കാണാന്‍ മാല ഇടണം, ഇരുമുടിക്കെട്ട് വേണം എന്നൊക്കെ അറിഞ്ഞത് പമ്പയില്‍ എത്തിയപ്പോഴാണ്. മനിതികള്‍ മലകയറിയതോടെ ഭക്തപുത്രന്‍മാര്‍ സംഘടിച്ചു. പിന്നെ അവിടെ നടന്നത് ടെമ്പിള്‍ റണ്‍ എന്ന ആചാരമാണ്. ഇവിടെ മനിതികളേക്കാള്‍ വേഗത്തില്‍ ഓടിയ നമ്മുടെ പൊലീസുകാരും മാദ്ധ്യമസുഹൃത്തുക്കളും ഒന്നാംസമ്മാനം വീതിച്ചെടുത്തു. ഏത് യുവതി വന്നാലും അയ്യപ്പനെ കാണിക്കാം എന്ന് പറഞ്ഞ് മലകയറ്റി പകുതി വഴിയില്‍ എത്തിച്ച ശേഷം ഇനി നാളെ മലകയറാം എന്ന് പറഞ്ഞ് തിരികെ ഇറക്കാന്‍ മനസ് കാണിക്കുന്ന കേരള പൊലീസിന് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിക്കണം. ധനുമാസത്തിലെ തിരുവാതിര നാളില്‍ പമ്പയിലേക്ക് മനിതികള്‍ നടത്തിയ ഓട്ടം ഇനി പമ്പാ ഓട്ടം എന്ന പേരില്‍ ആചാരമായി മാറുമോ എന്നാണ് സംശയം. തലങ്ങും വിലങ്ങും ശബരിമലയ്ക്ക് വേണ്ടി സമരം ചെയ്തിട്ടും ആരും തിരിഞ്ഞുനോക്കാത്ത സാഹചര്യത്തില്‍ കുമ്മനം ജിയെ തിരിച്ചു കൊണ്ടുവരാണ് ഒരു പ്ലാന്‍ ഉണ്ട്. കുമ്മനം വന്നാല്‍ എല്ലാം ശരിയാവും എന്ന പ്രതീക്ഷയില്‍ ശോഭ സുരേന്ദ്രന്‍ ജി നിരാഹാര സമരം അവസാനിപ്പിച്ചു. നിരാഹാരം കിടക്കുമ്പോള്‍ ഹോര്‍ളിക്സ് കുടിക്കാം എന്നതാണ് ബി.ജെ.പി സമരം കേരളത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവന. ഇവിടെ കുലസ്ത്രീകള്‍ ആചാര സംരക്ഷണത്തിനായി ജ്യോതി തെളിയിച്ച് വഴിയില്‍ കാത്തു നില്‍ക്കുമ്പോ... മ്മ്‌ടെ മോദി സര്‍ക്കാര്‍ ഒരു യുവതിയെ അടക്കം മൂന്ന് പേരെ ബഹിരാകാശത്തേക്ക് വിടാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കി. സ്ത്രീകള്‍ ബഹിരാകാശത്തേക്ക് പോകുന്നത് ആചാര ലംഘനം ആണെന്ന് പറഞ്ഞ് ആരും വരാതിരുന്നാ മതി.... അതിന്റെ പേരില്‍ മതിലും ജ്യോതിയും കെട്ടി ഈ നാടിനെ ബഹിരാകാശത്ത് നിന്ന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തരുത്.

കേരളത്തില്‍ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് ചോദിച്ചാല്‍ ഒരു മതിലാണ്. സര്‍ക്കാര്‍ മതില് കെട്ടാന്‍ തീരുമാനിച്ചപ്പോ അയ്യപ്പന്റെ പാര്‍ട്ടിക്കാര്‍ ജ്യോതി തെളിയിച്ചു. 10 ലക്ഷം പേര്‍ ജ്യോതി തെളിച്ചെന്നും 15 ലക്ഷം പേര്‍ വിളക്കും പിടിച്ച് റോഡില്‍ ഇറങ്ങി എന്നും അതല്ല 21 ലക്ഷം പേര്‍ അയ്യപ്പന് വേണ്ടി ജ്യോതി തെളിയിച്ചെന്നും പത്രങ്ങള്‍ പറയുന്നു. പൊലീസ് പണി വിട്ട് അയ്യപ്പന്റെ പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ ഡി.ജി.പി സെന്‍കുമാറും സുരേഷ് ഗോപിയും കേരളത്തിന്റെ നല്ലതിന് വേണ്ടി ജ്യോതി തെളിച്ചു. അതിനിടെ, നവോത്ഥാന മൂല്യം സംരക്ഷിക്കാന്‍ വനിതാ മതില് കെട്ടാന്‍ തീരുമാനിച്ച കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെത്തുകാരന്റെ മകനാണ് എന്ന് കണ്ടുപിടിച്ച മലയാള ദിനപത്രത്തോട് സഹതാപം മാത്രം. സര്‍ക്കാരിന്റെ മതിലിന് എതിരെ അയ്യപ്പന്റെ പാര്‍ട്ടിക്കാര്‍ ജ്യോതി തെളിച്ചപ്പോള്‍ ചെന്നിത്തലയുടെ പാര്‍ട്ടി ബദല്‍ മതില്‍ കെട്ടി. എന്തായാലും 2018 അവസാനിക്കുമ്പോള്‍ മതില്‍ കെട്ടി മതില്‍ കെട്ടി കേരളം ഒരു വഴിക്കാകും എന്നാണ് തോന്നുന്നത്. സര്‍ക്കാരിന്റെ മതില്‍ പൊളിക്കാന്‍ പെരുന്ന നായരും അയ്യപ്പന്റെ പാര്‍ട്ടിയും കൂടി തീരുമാനിച്ചത് അറിഞ്ഞ വെള്ളാപ്പള്ളി മതില്‍ കെട്ടാന്‍ കട്ടയ്ക്ക് കൂടെ നില്‍ക്കാം എന്ന് പിണറായിക്ക് ഉറപ്പുകൊടുത്തു. രണ്ട് വള്ളത്തില്‍ നിന്ന മോന്‍ വെള്ളാപ്പള്ളിയേയും നടേശന്‍ മുതലാളി കട്ടയ്ക്ക് കൂടെ നിറുത്തി. എന്തായാലും പുതുവര്‍ഷത്തില്‍ കേരളം മതില്‍ സംസ്ഥാനമായി മാറുന്നത് സ്വപ്നം കാണുന്ന പിണറായിക്ക് അഭിവാദ്യം.

കേരളത്തില്‍ നിന്ന് ജയിച്ച് ഡല്‍ഹിക്ക് പോയാല്‍ കേരളഹൗസില്‍ നിന്ന് കാപ്പിയും കുടിച്ച് അടുത്ത വണ്ടിക്ക് നാട്ടിലേക്ക് മടങ്ങണം എന്നത് പഴയ പരിപാടിയാണ്. മുത്തലാഖ് ബില്ലില്‍ പാര്‍ലമെന്റില്‍ കൊണ്ടുപിടിച്ച ചര്‍ച്ച നടക്കുമ്പോ കൂട്ടുകാരന്റെ വീട്ടില്‍ കല്യാണത്തിന് പോയി കോയി ബിരിയാണി കയിക്കുന്നതാണ് പുതിയ ഫാഷന്‍. കുഞ്ഞാലിക്കുട്ടി സാഹിബ് ഒരു കല്യാണത്തിന് പോയത് ഇത്രയും വലിയ പുകില്‍ ആക്കണോ എന്ന് ഒരു വിഭാഗം ലീഗന്‍മാര്‍ ചോയിക്കുന്നുണ്ട്. ഒരിടത്ത് നിക്കാഹ് ഒരിടത്ത് മുത്തലാഖ്. കുഞ്ഞാപ്പ ശരിക്കും പെട്ടു. പക്ഷേ പാര്‍ലമെന്റിലെ മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ എതിര്‍ത്ത് വോട്ട് ചെയ്യാതെ മുസ്ലീംലീഗ് എന്ന് പാര്‍ട്ടിക്ക് പേരുമിട്ട് നടക്കുന്ന കുഞ്ഞാപ്പ ശരിക്കും പെട്ടു. പാര്‍ലമന്റില്‍ വേറൊരു വിഷയത്തിലും അഭിപ്രായം പറയാത്ത ലീഗ് മുത്തലാഖില്‍ എങ്കിലും അഭിപ്രായം പറയുമെന്ന് പാണക്കാട്ട് തങ്ങള്‍ വിചാരിച്ചു. സംഭവത്തില്‍ കുഞ്ഞാപ്പയോട് വിശദീകരണം തേടിയ തങ്ങളോട്, പഹയാ നിക്കാഹിന്റെ ബിരിയാണി പെരുത്ത് ഇഷ്ടായി എന്ന് നാല് വരി വിശദീകരണം നല്‍കി ലീഗിന്റെ പുലിക്കുട്ടിയായ കുഞ്ഞാലി തടിയൂരും. പക്ഷേ ബന്ധുനിയമനത്തില്‍ നല്ല പണി കിട്ടിയ ജലീല്‍ മന്ത്രിയും പുതുതായി എല്‍.ഡി.എഫിന്റെ പടി കയറിയ ഐ.എന്‍.എല്ലും കുഞ്ഞാപ്പയെ ഇതിന്റെ പേരില്‍ വറുത്ത് പൊരിച്ചെടുക്കും എന്ന് ഉറപ്പാണ്.

ഈ ബഹളത്തിന് ഇടയില്‍ വരാപ്പുഴയില്‍ പൊലീസുകാര്‍ തല്ലിക്കൊന്ന ശ്രീജിത്തിന്റെ കേസിലെ പ്രതികളായ എല്ലാ പൊലീസ് ഏമാന്‍മാരുടേും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ജോലിയില്‍ തിരിച്ചെടുക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചു. നല്ല കാര്യം ആ കുടുംബത്തോട് അങ്ങനെ തന്നെ ചെയ്യണം. വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി വീരന്‍, പിള്ള, ഐ.എന്‍.എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് തുടങ്ങിയ തട്ടുകട പാര്‍ട്ടികളെ എല്‍.ഡി.എഫില്‍ ചേര്‍ത്തു. ആര്‍ക്കും ഇപ്പോ ഒന്നും വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ ലോക്സഭാ തിരഞ്ഞെടുപ്പ് വരുമ്പോ എ.കെ.ജി സെന്ററിന്റെ മുന്നില്‍ സീറ്റു തന്നില്ലേ ഇപ്പോ മുന്നണി വിടും എന്നും പറഞ്ഞ് നില്‍ക്കരുത്. ബാലകൃഷ്ണപിള്ളയെ എല്‍.ഡി.എഫില്‍ ചേര്‍ത്ത കാര്യം അച്യുതാനന്ദന്‍ സഖാവ് ലേശം വൈകിയാണ് അറിഞ്ഞത്. പെരുത്ത നായരായ പിള്ളയെ ഇടതേക്ക് വലിച്ചതില്‍ വി.എസിന് നല്ല വിഷമം ഉണ്ട്. പണ്ട് പിള്ളയെ അകത്താക്കാന്‍ കോടതി കയറിയിറങ്ങിയ വി.എസിന് പിന്നെ വിഷമം കാണാതിരിക്കുമോ??

ഒരു വര്‍ഷം കൂടി അവസാനിക്കുകയാണ്. മോദിയും പിണറായിയും കൂടി എല്ലാം ശരിയാക്കും എന്ന പ്രതീക്ഷയിലാണ് ഈ രാജ്യത്ത് ജീവിക്കുന്നത്. ജി.എസ്.ടിയില്‍ അവശ്യസാധനങ്ങളുടെ വില കുറയും എന്ന മോദിജിയുടെ പ്രഖ്യാപനം കേട്ട് ചെന്നപ്പോ അവശ്യ സാധനങ്ങളുടെ ലിസ്റ്റില്‍ വീഡിയോ കാമറ, വി.സി.ആര്‍ എന്നിവ മാത്രം. അരിയും പലവ്യഞ്ജനവും ഇപ്പോഴും അവശ്യസാധനം അല്ലാത്ത ഈ നാട്ടില്‍ അടിസ്ഥാന ശമ്പളം ഇല്ലാത്തവരുടെ അക്കൗണ്ട് നിറയ്ക്കും എന്നും മോദി പറയുന്നുണ്ട്. ആ കാശ് എങ്കിലും അക്കൗണ്ടില്‍ വരുമെന്ന പ്രതീക്ഷയില്‍ ഈ വര്‍ഷത്തോട് വിടപറയുന്നു. അടുത്ത വര്‍ഷം കാണും വരെ എല്ലാവര്‍ക്കും നല്ല നമസ്‌കാരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS