മോദിയെ വിറപ്പിച്ച് അലോക് പുറത്ത് | ആലപ്പാട്ടെ ഖനന സമരം ആർക്ക് വേണ്ടി | ട്രെണ്ടിംഗ് ന്യൂസ്‌

Sunday 13 January 2019 10:09 PM IST
trending

നമ്മുടെ മോദിജിയോട് കളിക്കരുത് എന്ന് പണ്ടേ പറഞ്ഞതാണ്. അതിനി സി.ബി.ഐ ആയാലും ശരി കോടതി ആയാലും ശരി മോദിക്ക് പുല്ലാണ്. സി.ബി.ഐ ഡയറക്ടറുടെ കസേര പുല്ലുപോലെ തെറിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചില്ലറ തമാശകളുമായി കൗമുദി ട്രെൻഡിംഗ് ന്യൂസ് തുടങ്ങട്ടെ. നമസ്‌കാരം ഞാൻ ശ്രീജിത്ത് ബാലകൃഷ്ണൻ.

തനിക്ക് ഇഷ്ടമില്ലാത്ത ഉദ്യോഗസ്ഥരുടെ തലവെട്ടുന്ന കാര്യത്തിൽ നരേന്ദ്ര ദാമോദർ ദാസ് മോദിയോളം പോന്ന ഒരു പ്രധാനമന്ത്രിയെ ഇന്ത്യ അടുത്തെങ്ങും കണ്ടിട്ടില്ല. മോദിയോട് ഏറ്റുമുട്ടി പരാജയപ്പെട്ട റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിവെച്ചതിന്റെ ക്ഷീണം മാറും മുൻപാണ് സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വർമ്മയെ മോദി പറപ്പിച്ചത്. റഫാൽ യുദ്ധ വിമാന ഇടപാടിൽ അഴിമതി ഇല്ലാ ഇല്ലാ എന്ന് ബി.ജെ.പി ആവർത്തിച്ച് പറയുന്നതിന്റെ രഹസ്യവും മനസിലായി. ഈ മാസം 31ന് വിരമിക്കേണ്ട ഉദ്യോഗസ്ഥനെ കേന്ദ്രസർക്കാരിന് നല്ല പേടിയുണ്ട്. കോടാനുകോടികളുടെ അഴിമതി നിറഞ്ഞ റഫാൽ വിമാനക്കരാറിൽ അലോക് വർമ്മ അന്വേഷണം നടത്തുമെന്നും അത് താമരപ്പാർട്ടിക്ക് പണിയാകും എന്ന് സാരം. അങ്ങനെയെങ്ങാനും സംഭവിച്ചാൽ പ്രധാനമന്ത്രിയുടെ കസേര വലിച്ചിട്ട് രാഹുൽ ഗാന്ധി അതിൽ കയറി ഇരിക്കും. മോദിക്ക് ഗുജറാത്തിലേക്ക് മടങ്ങാം. മോദിയെ പേടിപ്പിച്ച അലോകിനോട് സി.ബി.ഐ ഡയറക്ടറുടെ കസേരയിൽ കയറി ഇരിക്കാൻ പറഞ്ഞത് സുപ്രീംകോടതിയാണ്. ആ കോടതി വിധി ഒറ്റരാത്രികൊണ്ട് മോദിജി മലർത്തിയടിച്ചു. സത്യത്തിൽ സുപ്രീംകോടതിക്ക് വരെ മോദിയെ പേടിയാണ്. ജനാധിപത്യം പുലരട്ടെ...

തൊപ്പിയും കസേരയും തെറിപ്പിക്കുന്നതുപോലെ ഈസിയായ പരിപാടിയല്ല, ജനങ്ങളുടെ വോട്ട് പെട്ടിയിൽ ആക്കുന്നത് എന്ന് നരേന്ദ്രമോദിജിക്ക് മനസിലായത് ഒരു മാസം മുൻപാണ്. അതുകൊണ്ട് പുതിയൊരു പരിപാടി പുള്ളിക്കാരൻ ആസൂത്രണം ചെയ്തിട്ടുണ്ട്. പേര് സാമ്പത്തിക സംവരണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്ത് ശതമാനം സംവരണം ഏർപ്പെടുത്തുന്ന നിയമം പാർലമെന്റ് പാസാക്കി. ആ കാര്യത്തിൽ ചെങ്കൊടിപ്പാർട്ടിയും കൈപ്പാർട്ടിയും അടക്കം സകലമാന പാർട്ടികളും മോദിക്ക് ജയ് വിളിച്ചു. സംവരണത്തിന്റെ പേരിൽ ഇത്രനാൾ സർക്കാർ ജോലികളിൽ നിന്ന് മാറ്റിനിറുത്തപ്പെട്ട ലക്ഷങ്ങളുടെ വികാരം വോട്ടാക്കി മാറ്റാനുള്ള സൈക്കോളജിക്കൽ മൂവ് കലക്കി. പെട്ടിയിൽ വീഴുന്ന വോട്ടിന്റെ കണക്കിൽ ജാതിയും മതവും കൂട്ടിക്കുഴച്ച് കുറച്ച് സംവരണം കൂടി ചേർക്കേണ്ട വിദ്യ ഇനിയും നമ്മുടെ രാഷ്ട്രീയക്കാർ പയറ്റും. അതിൽ മയങ്ങി ഈ രാജ്യം ഇങ്ങനെ തന്നെ മുന്നോട്ട് പോകും. അതുതന്നെയാണ് രാഷ്ട്രീയ പാർട്ടികളും ആഗ്രഹിക്കുന്നത്. സംവരണം ജയിക്കട്ടെ...

ജനകീയ സമരങ്ങൾ ക്ലച്ച് പിടിക്കണം എങ്കിൽ സോഷ്യൽ മീഡിയ തന്നെ വിചാരിക്കണം. അതാണ് ഇപ്പോ കേരളത്തിലെ അവസ്ഥ. മുഖപുസ്തകം തുറക്കുമ്പോൾ ആദ്യം കാണുന്നത് വൈറൽ ആകും. പിന്നെ എല്ലാ മാദ്ധ്യമങ്ങളും അത് ഏറ്റെടുത്തോളും. അങ്ങനെയൊരു സമരമാണ് കരുനാഗപ്പള്ളിക്ക് അടുത്ത് ആലപ്പാട് എന്നൊരു ചെറിയ തീര പ്രദേശത്തെ ഖനന വിരുദ്ധ സമരം. ആരും നോക്കാനില്ലാത്ത സമരപ്പന്തലിലേക്ക് നടൻ ടൊവിനോ എത്തിയത് മുഖപുസ്തക സുഹൃത്തുക്കൾ വൈറലാക്കി. ഒടുവിൽ തീരം വിഴുന്ന ആലപ്പാട്ടുകാരെ പിണറായി മുഖ്യൻ ചർച്ചയ്ക്ക് വിളിച്ചു. സ്വർണത്തേക്കാൾ വിലയുള്ള കരിമണലാണ് വിഷയം. അങ്ങ് യൂറോപ്പിൽ വരെ ആവശ്യക്കാരുള്ള ഒന്നാന്തരം കരിമണലിനെ ചൊല്ലിയാണ് സമരം. സമരത്തിന്റെ മറുവശത്ത് കേന്ദ്രസർക്കാർ സ്ഥാപനം ആയതുകൊണ്ട് പ്രശ്നം ഇവിടെ തീരുന്നില്ല. അടുത്ത വർഷം കരാർ തീരുന്ന കേന്ദ്രസർക്കാർ സ്ഥാപനത്തിൽ നിന്ന് ഖനനത്തിനുള്ള അവകാശം തട്ടിയെടുക്കാനുള്ള സ്വകാര്യ കമ്പനികളുടെ ശ്രമമാണ് സമരത്തിന് പിന്നിൽ എന്നും ആക്ഷേപമുണ്ട്. എന്തായാലും കേരളത്തിൽ സോഷ്യൽ മീഡിയ ഏറ്റെടുത്ത സമരങ്ങളിൽ പലതും ആദ്യം ആളിക്കത്തുകയും പിന്നെ ഒന്നും അല്ലാതായി മാറുകയും ചെയ്തത് നാം കണ്ടതാണ്. അങ്ങനെ ഒന്നായി ആലപ്പാട്ടെ സമരം മാറാതിരിക്കട്ടെ എന്ന് മാത്രം ആശംസിക്കുന്നു. സമരത്തോടൊപ്പം...

പി.സി ജോർജിനെ കുറിച്ച് പറഞ്ഞാൽ ഒരുപാട് പറയാനുണ്ട്. എതിരാളികളെ തെറിയഭിഷേകം കൊണ്ട് സ്വീകരിക്കുന്ന ആ മഹാത്മാവിന് മോഹിപ്പിച്ച് കടന്നുകളയാനുള്ള പ്രത്യേക കഴിവുണ്ടെന്നും കഴിഞ്ഞ ദിവസം മനസിലായി. ആദ്യം സ്‌നേഹം ചെങ്കൊടിപ്പാർട്ടിയോട് ആയിരുന്നു. പിന്നെ അത് കേരളത്തിന്റെ ആദരണീയനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വഴി മാണി സാറിലെത്തി. മാണി സാറിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി ഒടുവിൽ കേട്ടാൾ അറയ്ക്കുന്ന തെറിയും വിളിച്ച് പാലായിൽ നിന്ന് വണ്ടി കയറിയ പി.സി ഒടുവിൽ എത്തിയത് താമരപ്പാർട്ടിയുടെ മടയിൽ. നിയമസഭയിൽ ഗിരിവരാസന എം.എൽ.എ രാജേട്ടൻ കറുത്ത ഷർട്ട് ഇട്ടപ്പോൾ തനി അയ്യപ്പനായി കറുത്ത മുണ്ടും ഷർട്ടും ഇട്ട് വന്നപ്പോൾ ബി.ജെ.പി വിചാരിച്ചു ഇപ്പോ തന്നെ പി.സി താമരപ്പാർട്ടിയിൽ മെമ്പർഷിപ്പ് എടുക്കുമെന്ന്. ഒടുവിൽ ഇതാ അദ്ദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നു. എല്ലാ മുന്നണികളും ഒരു പോലെയാണ്. അതുകൊണ്ട് ഉമ്മൻചാണ്ടി സാറിന്റെ യു.ഡി.എഫിലേക്ക് പോകുകയാണ് എന്ന്. നന്നായി ഇപ്പോ കുറച്ച് സമാധാനം ഉള്ള മുന്നണി യു.ഡി.എഫാണ്. അവിടെ ലേശം കുട്ടിച്ചോർ ആക്കാനുണ്ട്. മകൻ ഷോൺ ജോർജിന് ലോക്സഭയിലേക്ക് പോകാൻ വേണ്ടി കോട്ടയമോ, ഇടുക്കിയോ ചോദിക്കും. കിട്ടിയില്ലെങ്കിൽ ഉമ്മൻചാണ്ടിയുടെ തന്തയ്ക്ക് വിളിച്ചിട്ട് നേരെ പോയി താമരപ്പാർട്ടിയിൽ ചേരും. എന്തും സംഭവിക്കാം.. അതാണ് പി.സി ജോർജ്.

ഹർത്താലിന്റെ ക്ഷാമം തീർന്നപ്പോൾ അതാ വരുന്നു പണിമുടക്ക്. ഹർത്താലിൽ തുടങ്ങിയ പുതുവർഷത്തിൽ എത്തിയ ദേശീയ പണിമുടക്ക്, ട്രെയിൻതടയൽ, ബാങ്ക് ഓഫീസ് അടിച്ചുതകർക്കൽ അങ്ങനെ സംഭവബഹുലമായി. കേരളത്തിൽ മിന്നൽ ഹർത്താൽ നിരോധിച്ച് ഹൈക്കോടതി ഉത്തരവ് ഇറക്കി തൊട്ടടുത്ത ദിവസമാണ് 48 മണിക്കൂർ പണിമുടക്ക് തുടങ്ങിയത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ ഒരു തീരുമാനം ആയതോടെ ആ കാര്യത്തിൽ ഇനി ഹർത്താൽ ഉണ്ടാകില്ലെന്ന് സ്വപ്നം കണ്ടുകൊണ്ട് ഇന്നത്തേക്ക് വിടപറയുന്നു. അടുത്തയാഴ്ച വീണ്ടും കാണും വരെ എല്ലാവർക്കും നല്ല നമസ്‌കാരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS