കാലിഫോർണിയ നിശാക്ളബിൽ വെടിവയ്‌പ്പ്; 13 മരണം

Thursday 08 November 2018 10:42 PM IST
shooting

കാലിഫോർണിയ :അമേരിക്കയിൽ കാലിഫോർണിയയിലെ നിശാക്ളബിൽ കോളേജ് വിദ്യാർത്ഥികളുടെ സംഗീത പരിപാടിക്കിടെ ഒരു അക്രമി നടത്തിയ വെടിവയ്പ്പിൽ പൊലീസ് ഉദ്യോഗസ്ഥനടക്കം 13 പേർ കൊല്ലപ്പെട്ടു. പൊലീസ് സർജന്റ് റോൺ ഹെലൂസ് (29)ആണ് കൊല്ലപ്പെട്ടത്. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേ​റ്റു.ഇരുനൂറോളം പേർ പങ്കെടുത്തിരുന്നു.

ദക്ഷിണ കാലിഫോർണിയയിലെ തൗസൻഡ് ഒാക്‌സിലെ ബോർഡർ ലൈൻ ബാർ ആൻഡ് ഗ്രിൽ ക്ളബിൽ ബുധനാഴ്ച അമേരിക്കൻ സമയം രാത്രി 11.20നായിരുന്നു സംഭവം. വിദ്യാർത്ഥകളുടെ പതിവ് സങ്കേതമായ ക്ലബിൽ കറുത്ത വസ്ത്രം ധരിച്ചെത്തിയ അക്രമി തുരുതുരാ വെടി വയ്‌ക്കുകയായിരുന്നു. ഇയാളുടെ മൃതദേഹവും കണ്ടെത്തി. സ്വയം നിറയൊഴിച്ചതാകാമെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. 30 തവണ വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്ളബിന്റെ ഡാൻസ് ഫ്ളോറിൽ പുകഅടിച്ച് ആശയകുഴപ്പമുണ്ടാക്കിയ ശേഷം സെമി ഓട്ടോമാറ്റിക് ഗൺ ഉപയോഗിച്ച് വെടിവയ്‌ക്കുകയായിരുന്നു.

'വെടിയൊച്ച കേട്ട് ചിലർ 'കമിഴ്ന്ന് കിടക്കൂ' എന്ന് വിളിച്ചു പറഞ്ഞു. ചിലർ പ്രാണരക്ഷാർത്ഥം ഹാളിന്റെ മൂലകളിലൊളിച്ചു. ചിലർ സ്റ്റൂളുകളുപയോഗിച്ച് ജനാല ചില്ലുകൾ തകർത്ത് രക്ഷപ്പെടാൻ നോക്കി. പൊലീസ് എത്തുമ്പോഴേക്കും നിശാക്ളബ് ചോരക്കുളമായിരുന്നു'- ആശുപത്രിയിൽ കഴിയുന്ന ഒരു വിദ്യാർത്ഥി പറഞ്ഞു.

എമർജൻസി കാൾ ലഭിച്ച ഹൈവേ പെട്രോൾ സംഘം എത്തുമ്പോഴും വെടിയൊച്ച കേൾക്കാമായിരുന്നു. പൊലീസ് സർജന്റ് റോൺ ഹെലൂസ് നിശാക്ളബിലേക്ക് കയറിയപ്പോൾ തന്നെ വെടിയേറ്റ് വീണു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. സംഭവത്തിന് ഭീകരബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് അധികൃതർ പറഞ്ഞു.ഭയാനകമായ വെടിവയ്പെന്ന്' പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD