'മാഗ്' ക്രിസ്‌മസ് നവവത്സരാഘോഷം അവിസ്മരണീയമായി

ഷാജി രാമപുരം | Sunday 06 January 2019 4:53 PM IST
mag

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) ഈ വർഷത്തെ ക്രിസ്‌മസ് നവവത്സരാഘോഷം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. അടുത്തയിടെ നവീകരിച്ച മാഗിന്റെ ആസ്ഥാനകേന്ദ്രമായ 'കേരള ഹൗസിൽ' വച്ചായിരുന്നു ആഘോഷ പരിപാടികൾ.

2018ൽ മനോഹരമായി പുതുക്കി പണിത കേരളാഹൗസിൽ ആദ്യമായി അരങ്ങേറിയ പൊതു പരിപാടിയെന്ന നിലയിൽ നിറഞ്ഞ സദസ്സിന്റെ കരഘോഷങ്ങൾക്കിടയിൽ പുതിയ കേരളാ ഹൗസിന്റെ ഔദ്യോഗിക ഉത്ഘാടനമായി ചടങ്ങുകൾ മാറി.

ഡിസംബർ 29നു ശനിയാഴ്ച വൈകുന്നേരം 6 മുതൽ നടന്ന ആഘോഷ പരിപാടികളിൽ മാഗ് പ്രസിഡണ്ട് ജോഷ്വ ജോർജ് സ്വാഗതം ആശംസിച്ചു.

റവ.ഫാ. എബ്രഹാം സഖറിയ ( ജെക്കു അച്ചൻ) ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകി. ഇന്നത്തെ ലോകത്തിന്റെ ദിശാബോധം മാറി ദൈവം ആഗ്രഹിക്കുന്ന ദിശയിലേക്കു മാറ്റപ്പെടണം. രക്ഷകന്റെ പിറവി മാനവരാശിയെ വെളിച്ചത്തിലേക്ക് നയിക്കുന്നതിനായിരുന്നു. നമ്മുടെ ജീവിതത്തെ പുറകോട്ടു തിരിഞ്ഞു നോക്കുക, പുതിയ വർഷത്തിൽ ദൈവകൃപ അധികമായി പ്രാപിച്ചു സ്വയമായി പ്രകാശിയ്ക്കുവാനും അന്ധകാരത്തിൽ നിന്ന് ഈ ലോകത്തെ പ്രകാശത്തിലേക്ക് നയിക്കുവാനും ഓരോരുത്തർക്കും കഴിയട്ടെയെന്നു അച്ചൻ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. ശശിധരൻ നായർ, ഏബ്രഹാം ഈപ്പൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

തുടന്ന് യുഎസ് മലയാളികൾക്ക് അഭിമാനമായ, കുടിയേറ്റ ചരിത്രത്തിൽ പുതിയ അദ്ധ്യായം എഴുതിയ ഫോർട്ട്‌ബെൻഡ് കൗണ്ടിയുടെ തലവൻ ജഡ്ജ് കെ.പി. ജോർജിനെയും ഫോർട്ട്‌ബെൻഡ് കൗണ്ടി കോർട്ട് 3 ജഡ്ജ് (ജുഡീഷ്യൽ) ജൂലി മാത്യുവിനും ഹൂസ്റ്റൺ മലയാളി സമൂഹത്തിന്റെ ആവേശോജ്ജ്വലവും ഹൃദ്യവുമായ സ്വീകരണം നൽകി.

ഹൂസ്റ്റൺ മലയാളി അസ്സോസിയേഷന്റെ പ്രവർത്തനങ്ങളും മലയാളി കമ്മ്യൂണിറ്റി വാർത്തകളും നിരന്തരം മാധ്യമങ്ങളിൽ കൂടി ജനശ്രദ്ധയിൽ കൊണ്ട് വരുന്ന അമേരിയ്ക്കയിലെ പത്രപ്രവർത്തനരംഗത്തെ നിറ സാന്നിദ്ധ്യവും മാഗിന്റെ സജീവ പ്രവർത്തകരിലൊരാളുമായ ഫ്രീലാൻസ് റിപ്പോർട്ടർ ജീമോൻ റാന്നി (തോമസ് മാത്യു) യെ മികച്ച പത്രപ്രവർത്തനത്തിനുള്ള അംഗീകാരം നൽകി ചടങ്ങിൽ ആദരിച്ചു. റജി കോട്ടയം അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിച്ചു. ഫൊക്കാന മുൻ പ്രസിഡണ്ട് ജി.കെ.പിള്ളയിൽ നിന്ന് ജീമോൻ റാന്നി ഫലകം ഏറ്റുവാങ്ങി.


മാഗിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ച, എഴുത്തുകാരനും ബിൽഡിംഗ് കൺസ്ട്രക്ഷൻ കമ്മിറ്റി കൺവീനറും മികച്ച സാമൂഹ്യ പ്രവർത്തകനുമായ ഡോ.സാം ജോസഫിനും പ്രത്യേക ഫലകം നൽകി ആദരിച്ചു. മാഗ് മുൻ പ്രസിഡന്റ് അഡ്വ. സുരേന്ദ്രൻ കോരയിൽ നിന്ന് സാം ഫലകം ഏറ്റു വാങ്ങി.

മാഗിന്റെ സ്ഥാപക നേതാക്കളായ ചെറിയാൻ മടത്തിലേത്ത്, ഏബ്രഹാം തോമസ്, ടി.എൻ.ശാമുവേൽ, എ.ഓ.അഗസ്റ്റിൻ, മാത്യു ഏബ്രഹാം, കെ.കെ. സത്യൻ, ജോഷ്വാ ജോർജ്, മാത്യു തോമസ് എന്നിവരെയും പ്രത്യേക ഫലകങ്ങൾ നൽകി ആദരിച്ചു. സ്ഥാപക നേതാവായിരുന്ന യശശീരനായ കെ.ഐ ഫിലിപ്പിനെ പ്രത്യേകം അനുസ്മരിച്ചു. 2019 ൽ മാഗിനെ നയിക്കുവാൻ ചുമതലയേൽക്കുന്ന പ്രസിഡന്റ് മാർട്ടിൻ ജോണിനേയും ടീമിനെയും സദസ്സിനു പരിചയപ്പെടുത്തി.

വിവിധയിനം കലാപരിപാടികൾ, ചെണ്ട മേളം, ക്രിസ്മസ് ഫാദറിന്റെ ആഗമനം, ക്രിസ്മസ് കരോൾ ഗാനങ്ങൾ, ഹൂസ്റ്റണിലെ പ്രമുഖ ഗായകരായ സബാൻ സാം, മെവിൻ ജോൺ, ഷിനു ഏബ്രഹാം,എമിൽ ജോസ്, ഹരിഹരൻ, ഡോ.സുധ ഹരിഹരൻ, തുടങ്ങിയവരുടെ ശ്രുതി മധുരമായ ഗാനങ്ങളും ശ്രീദേവിയുടെ വയലിൻ വായന തുടങ്ങിയ വിവിധ കലാവിഭവങ്ങൾ ആഘോഷത്തിനു മാറ്റു കൂട്ടി.

പ്രോഗ്രാം കോർഡിനേറ്റർ ആൻഡ്രൂസ് ജേക്കബ് എം.സി.യായി പ്രവർത്തിച്ചു പരിപാടികൾ നിയന്ത്രിച്ചു. വിഭവ സമൃദ്ധമായ ഡിന്നറോടുകൂടി നവീകരിച്ച കേരളാ ഹൗസിലെ ആദ്യത്തെ പൊതുപരിപാടിയ്ക്കും തിരശ്ശീല വീണു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD