ലോകഭീമൻ വിമാനം പറന്നു; ഉപഗ്രഹവും വിക്ഷേപിക്കാം

Monday 15 April 2019 12:33 AM IST
plane

വാഷിംഗ്‌ടൺ:ബഹിരാകാശ ഗവേഷണത്തിൽ കുതിച്ചു ചാട്ടത്തിന് കളമൊരുക്കി, ഉപഗ്രഹ വിക്ഷേപണ ശേഷിയുള്ള ലോകത്തെ ഏറ്റവും വലിയ വിമാനം വിജയകരമായി പറന്നുയർന്നു. മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായിരുന്ന അന്തരിച്ച പോൾ അലന്റെ സ്വപ്‌നത്തിന്റെ സാക്ഷാത്കാരമാണിത്. 2011ൽ അദ്ദേഹം സ്ഥാപിച്ച സ്ട്രാറ്റോലോഞ്ച് എന്ന കമ്പനിയാണ് വിമാനം നിർമ്മിച്ചത്.

ബ്രിട്ടീഷ് കോടീശ്വരൻ റിച്ചാർഡ് ബ്രാൻസണിന്റെ കമ്പനിയായ വെർജിൻ ഗാലക്‌റ്റിക് ആകാശത്ത് നിന്ന് റോക്കറ്റുകൾ വിക്ഷേപിക്കാൻ ശേഷിയുള്ള വിമാനങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അവ സ്ട്രാറ്റോലോഞ്ച് വിമാനത്തേക്കാൾ ചെറുതാണ്.

കൂടുതൽ പേർക്ക് യാത്രചെയ്യാനും കൂടുതൽ ചരക്ക് കടത്തുന്നതിനുമൊപ്പം ബഹിരാകാശ ദൗത്യങ്ങൾക്കും ഉപയോഗിക്കാവുന്ന വിമാനം ആയിരുന്നു പോൾ അലന്റെ സ്വപ്നം. പക്ഷേ വിമാനം പറക്കുന്നത് കാണാൻ ഭാഗ്യമുണ്ടാകാതെ പോൾ അലൻ കഴിഞ്ഞ ഒക്ടോബറിൽ കാൻസർ മൂലം അന്തരിച്ചു.

ശനിയാഴ്‌ച കാലിഫോർണിയയിലെ മോജാവേ എയർ ആൻഡ് സ്‌പെയ്‌സ് പോർട്ടിൽ നിന്ന് ടേക്കോഫ് ചെയ്‌ത വിമാനം രണ്ട് മണിക്കൂറോളം പറന്നു. അമേരിക്കൻ വ്യോമസേനാ മുൻ പൈലറ്റായ ഇവാൻ തോമസാണ് വിമാനം പറത്തിയത്.

പത്ത് കിലോമീറ്റർ വരെ ഉയരത്തിൽ എത്തിയ ശേഷം ഉപഗ്രഹങ്ങളെ 300 കിലോമീറ്റർ മുതൽ 1200 കിലോമീറ്റർ വരെയുള്ള താഴ്‌ന്ന ഭ്രമണപഥങ്ങളിലേക്ക് ( ലോ എർത്ത് ഓർബിറ്റ് ) വിക്ഷേപിക്കാൻ ഈ വിമാനത്തിന് കഴിയും. നിലവിൽ ഭൂമിയിൽ നിന്ന് റോക്കറ്റിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനേക്കാൾ ചെലവ് കുറവായിരിക്കും. റോക്കറ്റിനേക്കാൾ കുറച്ച് ഇന്ധനം മതി വിമാനത്തിന്. അടുത്ത വർഷം ആദ്യ ഉപഗ്രഹം വിക്ഷേപിക്കും.

വിമാനത്തിന്റെ പ്രത്യേകതകൾ

കാർബൺ ഫൈബറിൽ നിർമ്മാണം

28 ചക്രങ്ങൾ

രണ്ട് കാബിനും രണ്ട് കോക്പിറ്റും

ആറ് 747 ജെറ്റ് എൻജിനുകൾ

ചിറകുകളുടെ നീളം 385 അടി

വിമാനത്തിന്റെ നീളം 238 അടി

ഭാരം 226 ടൺ

ഫുട്‌ബോൾ ഗ്രൗണ്ടിന്റെ അകലം

15,000 അടി ഉയരത്തിൽ പറന്നു

മണിക്കൂറിൽ 274 കി. മീ. വേഗത

വ്യോമയുദ്ധത്തിന് പുതിയ മാനങ്ങൾ

ജ്യോതിശാസ്ത്ര പഠനത്തിനും സാദ്ധ്യത

ഉപഗ്രഹ വിക്ഷേപണം ഇങ്ങനെ

ഉപഗ്രഹം വഹിക്കുന്ന റോക്കറ്റ് വിമാനത്തിൽ ഘടിപ്പിക്കും

വിമാനം 35,000 അടി ഉയരത്തിൽ എത്തും

അവിടെ വച്ച് റോക്കറ്റ് ബഹിരാകാശത്തേക്ക് വിക്ഷേപിക്കും

വിമാനം തിരിച്ചിറങ്ങും

റോക്കറ്റ് ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കും

റോക്കറ്റ് ഭൗമാന്തരീക്ഷത്തിൽ വീണ് എരിഞ്ഞടങ്ങും

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD