രാത്രി വീടിന് തീപിടിച്ചു, യു.എസിൽ സഹോദരങ്ങളായ മൂന്നു ഇന്ത്യൻ വിദ്യാർത്ഥികൾ വെന്തുമരിച്ചു

Wednesday 26 December 2018 6:59 PM IST
us-fire

ടെന്നസി∙ യുഎസിലെ കോളിയർവില്ലിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ സഹോദരങ്ങളായ മൂന്നു ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. ഷാരോൺ നായിക് (17), ജോയി നായിക് (15), ആരോൺ നായിക് (14) എന്നിവരാണ് മരിച്ചത്. ഇവരുടെ വീട്ടുടമ കാരി ക്രോഡിറ്റും (46)​ മരിച്ചു. തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും ദുരൂഹമാണ്.

ക്രോഡിറ്റിന്റെ വീട്ടിൽ പ്രാദേശിക സമയം രാത്രി 11 മണിക്കാണു തീപിടിത്തമുണ്ടായത്. മൂന്നു കുട്ടികൾക്കൊപ്പം കുടുംബാംഗങ്ങൾ ക്രിസ്മസ് ആഘോഷിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ത്യയിൽ നിന്നുള്ള മതപ്രചാരകരാണു നായിക് കുടുംബം. കാരിയുടെ ഭർത്താവ് ഡാനി, മകൻ കോൾ എന്നിവർ രക്ഷപ്പെട്ടു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ നേരേദുഗൊമ്മുവിലെ ശ്രീനിവാസ് നായ്ക്–സുജാത ദമ്പതികളുടെ മക്കളാണു മൂന്നുപേരും.

യു.എസിൽ പാസ്റ്ററായി പ്രവർത്തിക്കുകയായിരുന്ന ശ്രീനിവാസ് കഴിഞ്ഞ വർഷമാണ് നൽഗൊണ്ട ജില്ലയിലേക്കു തിരികെയെത്തിയത്. ഫ്രഞ്ച് ക്യാംപ് അക്കാ‌ദമിയിലെ പഠനത്തിനായാണു കുട്ടികൾ യു.എസിലെത്തിയത്. 20–30 മിനിറ്റുകൾക്കുള്ളിൽ തീ നിയന്ത്രണ വിധേയമായെങ്കിലും നാലു പേർ മരണത്തിനു കീഴടങ്ങുകയായിരുന്നു.

അഗ്നിരക്ഷാ സേന എത്തുന്നതിനു മുൻപ് അയൽക്കാരന്റെ സഹായത്തോടെയാണ് കാരിയുടെ മകനും ഭർത്താവും കെട്ടിടത്തിനു പുറത്തെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD