ഫ്രാൻസ് കലാപം: ശനിയാഴ്ച അറസ്റ്രിലായത് 1700 പേർ 179 പേർക്ക് പരിക്കേറ്റു

Monday 10 December 2018 1:02 AM IST

france

പാരീസ്: ഇന്ധന നികുതി വർദ്ധനയ്ക്കെതിരെ ഫ്രാൻസിൽ തുടരുന്ന പ്രക്ഷോഭത്തിൽ ശനിയാഴ്ച മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 1700 പേരെ പൊലീസ് അറസ്റ്റുചെയ്തു. 179 പേർക്ക് പരിക്കേറ്റു. ഒരാഴ്ചയായി അക്രമാസക്തമായി തുടരുന്ന പ്രക്ഷോഭത്തിന് ഇതുവരെ അയവു വന്നിട്ടില്ല. പാരീസിൽ മാത്രം 920 പേരാണ് ശനിയാഴ്ച അറസ്റ്രിലായത്. ഇന്ധന നികുതി വർദ്ധനയിൽ പ്രതിഷേധിച്ച് ഒരു ലക്ഷത്തിലധികം പേരാണ് തെരുവിലിറങ്ങിയത്. കണ്ണീർ വാതകവും ജലപീരങ്കിയുമുപയോഗിച്ചാണ് പൊലീസ് ഇവരെ നേരിടുന്നത്.

ഇന്ധന നികുതി വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഒരു സംഘം മഞ്ഞക്കോട്ട് ധരിച്ച് (യെല്ലോ വെസ്റ്റ്) പ്രക്ഷോഭം തുടങ്ങിയത്. പിന്നീട് ഇത് ഇമ്മാനുവൽ മാക്രോൺ സർക്കാരിന്റെ ഭരണനയങ്ങൾക്കെതിരെ തിരിയുകയായിരുന്നു. സാമ്പത്തികമേഖലയിലെ നികുതി കുറയ്ക്കുക, തൊഴിൽ വേതനവും പെൻഷൻ തുകയും വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും പ്രക്ഷോഭകാരികൾ മുന്നോട്ടുവയ്ക്കുന്നത്.

ധനികരുടെ മാത്രം അധികാരിയാണ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണെന്നും പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതിയാണ് മാക്രോൺ സർക്കാരിന്റേതെന്നും പ്രക്ഷോഭകാരികൾ ആരോപിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രസിഡന്റ് രാജി വച്ചൊഴിയണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഇതിനിടെ ഫ്രാൻസിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിച്ചുകൊണ്ട് യു.എസ്, പോർച്ചുഗൽ, ബെൽജിയം എന്നീ രാജ്യങ്ങൾ രംഗത്തെത്തി. ഈഫൽ ടവറടക്കം പാരീസിലെ പല പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ട നിലയിൽ തുടരുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD