പാരീസിലെ കലാപം കെട്ടടങ്ങി തുടങ്ങുന്നു, ആശ്വാസ നടപടികളുമായി പ്രസിഡന്റ്

മണമ്പൂർ സുരേഷ് | Wednesday 19 December 2018 9:51 AM IST
france

ലണ്ടൻ: കഴിഞ്ഞ ഒരു മാസമായി വാരാന്ത്യങ്ങളിൽ പാരീസിലും ഫ്രാൻസിന്റെ മറ്റു പ്രദേശങ്ങളിലേക്കും പടർന്നു പിടിച്ച കലാപം കെട്ടടങ്ങി വരുന്നു. ശനിയാഴ്ച കഴിഞ്ഞ ആഴ്ചത്തെക്കാൾ പകുതി ആളുകൾ മാത്രമേ അതായത് ഏകദേശം 66,000 പേർ മാത്രമേ കലാപത്തിനു ഇറങ്ങിയുള്ളൂ. ഇത് പ്രസിഡന്റ് മാക്രോണിനു ആശ്വാസമാണെങ്കിലും പൊതു ജനങ്ങളുടെ ഇടയിൽ അദ്ദേഹം കൂടുതൽ അനഭിമതനായി മാറുകയായിരുന്നുവെന്നു ഐ.എഫ്.ഒ.പി പോലുള്ള പ്രമുഖ ഹിതപരിശോധനകൾ വ്യക്തമാക്കുന്നു.

ബ്രിട്ടൻ ബ്രക്സിറ്റിന്റെ പ്രളയപ്പെരുമഴയിൽ ഒലിച്ച് പോയി ആടിയുലഞ്ഞു പൊങ്ങു തടിയായി ലക്ഷ്യം നഷ്ട്ടപ്പെട്ടു കിടക്കുമ്പോഴാണ് അയൽ രാജ്യമായ ഫ്രാൻസ് സാമൂഹിക പ്രശ്നങ്ങളുടെ പേരിൽ കലാപങ്ങളുടെ പിടിയിൽ അമരുന്നത്.

പ്രത്യേക നേതൃത്വം ഇല്ലാത്ത കലാപക്കാർ ആദ്യം ഡീസൽ കാറുകളിൽ ചുമത്തിയ നികുതിയിൽ പ്രതിഷേധിച്ചാണ് സമരം തുടങ്ങിയതെങ്കിലും കുറഞ്ഞ വരുമാനമുള്ള സാധാരണക്കാരുടെ പ്രശ്നങ്ങൾ അതോടൊപ്പം ഉയർന്നു വന്നു. അങ്ങനെ 'അവരും ഞങ്ങളും' തമ്മിലുള്ള പ്രശ്നമായിത് മാറി.

'ധനികരുടെ പ്രസിഡന്റ് എന്നെന്നെ നിങ്ങൾ പറയുന്നുവെന്നും അത് മാറ്റുമെന്നും പറഞ്ഞ് പ്രസിഡന്റ് മാക്രോൺ രാഷ്ട്രത്തെ അഭിസംബോധന ചെയ്തിരുന്നു. എന്നാൽ 23 മില്യൻ ജനങ്ങൾ കണ്ട ഈ ടി.വി പ്രസംഗത്തിൽ മാപ്പ് പറയലിനോട് അടുത്ത് വരികയായിരുന്നു മാക്രോൺ. പക്ഷെ മിനിമം വേതനം ഉയർത്താനും, താഴ്ന്ന വരുമാനമുള്ളവർക്ക് ടാക്സ് ഒഴിവാക്കാനും പ്രസിഡന്റ് നടപടി പ്രഖ്യാപിച്ചു. അപ്പോഴും ധനികർക്കുള്ള നികുതി ഉയർത്താൻ സർക്കാർ വിസമ്മതിച്ചു.

365 മുറികളുള്ള സ്വീകരണ മുറിയിലെ കാർപ്പറ്റിന് മാത്രം രണ്ടരക്കോടി രൂപ ചെലവിടുന്ന എലീസി പാലസിലിരുന്നു പ്രസിഡന്റ് മാക്രോൺ പറയുമ്പോൾ യാഥാർത്ഥ്യത്തിൽ നിന്നും എത്രയോ അകലെയാണ് എന്ന് വിമർശനം ഉയർന്നിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD