ബ്രെക്സിറ്റ്: അവിശ്വാസ ഭീതിയിൽ തെരേസ മേ

Wednesday 12 December 2018 11:04 PM IST

may

ലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടൊഴിയുന്നതിൽ ഭിന്നാഭിപ്രായങ്ങൾ തുടരവെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെ സ്വന്തം പാർട്ടി അംഗങ്ങൾ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. അവിശ്വാസത്തിൽ പരാജയപ്പെട്ടാൽ മേയ്ക്ക് പ്രധാനമന്ത്രി സ്ഥാനമൊഴിയേണ്ടി വരും.

കൺസർവേറ്റീവ് പാർട്ടിയുടെ 48 അംഗങ്ങളാണ് പാർട്ടിക്കകത്ത് മേയ്ക്കെതിരെ അവിശ്വാസത്തിനു കത്തു നൽകിയത്. യൂറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോകുന്നതിനായി പുതിയ കരാറുകളിലേർപ്പെടണമെന്നും അതിനായി നേതൃസ്ഥാനത്ത് പുതിയ നേതാവിനെയാണ് പ്രതീക്ഷിക്കുന്നതെന്നും കൺസർവേറ്റീവ് അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ഇത് രാജ്യത്തിന്റെ ഭാവിയെ പ്രതിസന്ധിയിലാക്കുമെന്ന് തെരേസാ മേ പ്രതികരിച്ചു.

ബ്രെക്സിറ്റ് ഹിതപരിശോധനാഫലം പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രിയായ തെരേസാ മോ യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകാൻ നിരവധി വിട്ടുവീഴ്ചകൾ നടത്തിയെന്നാണ് പാർട്ടിയിൽ നിന്നുള്ള ആരോപണം. ഇന്ത്യൻ സമയം ഇന്നലെ രാത്രി 11.30നും ഇന്ന് പുലർച്ചെ 1.30നും ഇടയിലായിരുന്നു വോട്ടെടുപ്പ്. ഇന്ന് വോട്ടെണ്ണൽ ആരംഭിക്കും.

അവിശ്വാസത്തിൽ വിജയിക്കാൻ മേയ്ക്ക് 158 എം.പിമാരുടെ പിന്തുണ ആവശ്യമാണ്. വിജയിക്കുകയാണെങ്കിൽ ഒരു വർഷത്തേക്ക് ഇനി മേയ്ക്കെതിരെ അവിശ്വാസം കൊണ്ടുവരാൻ സാധിക്കില്ല. എന്നാൽ പുതിയ നേതാവിനെ കണ്ടെത്തും വരെ മേ തന്നെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരേണ്ടിവരുമെങ്കിലും അധികാരങ്ങളിൽ നിയന്ത്രണമുണ്ടാകും. ബ്രെക്സിറ്റ് കരാർ നടപ്പാക്കണമോയെന്ന കാര്യത്തിൽ ബ്രിട്ടീഷ് പാർലമെന്റിൽ നടത്താനിരുന്ന വോട്ടെടുപ്പ് മേ ഇടപെട്ടു മാറ്റിവച്ചിരുന്നു. നടപടിക്കെതിരെ ഭരണപക്ഷത്തുനിന്നു തന്നെ ശക്തമായ എതിർപ്പുയർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഭരണപക്ഷമായ കൺസർവേറ്റിവ് പാർട്ടിയിലെ നൂറോളം എം.പിമാർ കരാറിനെതിരാണെന്ന് വ്യക്തമാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD