എത്യോപ്യയിലെ അപകടം: ബോയിംഗ് 737 മാക്‌സ് 8 നെ താഴെയിറക്കി ഇന്ത്യ

Wednesday 13 March 2019 10:40 PM IST

ethiopian-air-crash

ന്യൂഡൽഹി: എത്യോപ്യയിലെ അഡിസ് അബാബയ്ക്കു സമീപം ഞായറാഴ്ച ബോയിംഗ് 737 മാക്‌സ് 8 യാത്രാവിമാനം തകർന്നുവീണ് 157 പേർ മരിച്ച സാഹചര്യത്തിൽ അപകടത്തിനിടയാക്കിയ വിമാനത്തിന്റെ ശ്രേണിയിലുള്ള എല്ലാ വിമാനങ്ങളുടെയും സർവീസ് ഇന്ത്യ നിറുത്തിവച്ചു. വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ഇതു സംബന്ധിച്ച് വിമാനക്കമ്പനികൾക്കു നിർദ്ദേശം നൽകി. ഇന്ത്യയുടെ വ്യോമ പരിധിയിൽ ഈ ശ്രേണിയിലുള്ള വിമാനം പറക്കുന്നതിനും നിരോധനമുണ്ട്. ഇന്ത്യയിൽ സ്‌പൈസ് ജെറ്റ്, ജെറ്റ് എയർവേസ് തുടങ്ങിയ വിമാനക്കമ്പനികളാണ് ബോയിംഗ് 737 മാക്‌സ് വിമാനങ്ങൾ സർവീസിനായി ഉപയോഗിക്കുന്നത്. സ്‌പൈസ് ജെറ്റിന് ഈ ശ്രേണിയിലുള്ള 13 ഉം ജെറ്റ് എയർവേസിന് അഞ്ചും വിമാനങ്ങളുമുണ്ട്.

യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് അടിയന്തര നടപടി സ്വീകരിക്കുന്നതെന്ന് ഡി.ജി.സി.എ വൃത്തങ്ങൾ അറിയിച്ചു. ഡി.ജി.സി.എ ഇന്നലെ ഡൽഹിയിൽ എല്ലാ വിമാനക്കമ്പനികളുടെയും അടിയന്തരയോഗം വിളിച്ചിരുന്നു. നവീകരണവും സുരക്ഷാ പരിശോധനകളും പൂർത്തിയാകും വരെ വിമാനങ്ങളെ പറക്കാൻ അനുവദിക്കില്ല.

അപകടത്തിനു പിന്നാലെ എത്യോപ്യൻ എയർലൈൻസ് തങ്ങളുടെ ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങളെല്ലാം താഴെയിറക്കിയിരുന്നു. ശേഷം ചൈനയടക്കം നിരവധി രാജ്യങ്ങൾ ഈ ശ്രേണിയിലുള്ള വിമാനങ്ങളുടെ സർവീസ് റദ്ദാക്കിയിരുന്നു. എന്നാൽ വിമാനം താഴെയിറക്കാൻ മാത്രം സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നാണ് അമേരിക്കയുടെ നിലപാട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD