മലയാളി കുറിച്ചത് ചരിത്രം: ഐ.എം.എഫിന്റെ ആദ്യ വനിതാ മുഖ്യ സാമ്പത്തിക വിദഗ്ധയായി ഗീത ഗോപിനാഥ് ചുമതലയേറ്റു

Tuesday 08 January 2019 12:05 PM IST
geetha-gopinath

ന്യൂഡൽഹി: മലയാളിയായ ഗീത ഗോപിനാഥ് അന്താരാഷ്ട്ര നാണ്യ നിധി(ഐ.എം.എഫ്)യുടെ ആദ്യ വനിതാ മുഖ്യ സാമ്പത്തിക വിദഗ്ധയായി ചുമതലയേറ്റു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഗീതാ ഗോപിനാഥ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്‌ടാവും ഹാർവാഡ് സർവകലാശാലയിലെ പ്രഫസറുമായ കണ്ണൂർ സ്വദേശി ഗീതയെ കഴിഞ്ഞ ഒക്ടോബറിലാണ് ഐ.എം.എഫ്. ചീഫ് എക്കണോമിസ്റ്റായി പ്രഖ്യാപിച്ചത്.

ഇതുവരെ ഈ പദവി വഹിച്ചിരുന്നത് മൗറിസ് ഒബ്‌സറ്റഫെൽഡ് ആയിരുന്നു. അദ്ദേഹം ഡിസംബർ 31ന് വിരമിച്ചു. തുടർന്നാണ് ഗീത ഗോപിനാഥിനെ നിയമിച്ചത്. 'അസാധാരണ വ്യക്തിത്വമാണ് ഗീത ഗോപിനാഥിന്റേത്. അവരുടെ നേതൃത്വം ഐ.എം.എഫിന് മാത്രമല്ല ലോകത്തെമ്പാടുമുള്ള സ്ത്രീകൾക്ക് മാതൃകയാണെ'ന്നും ഐ.എം.എഫ് മാനേജിംഗ് ഡയറക്‌ടർ ക്രിസ്റ്റീനെ ലഗാർഡെ പറഞ്ഞു.

ഡൽഹി സർവകലാശാല, വാഷിംഗ്ടൺ സർവ്വകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഗീത ചിക്കാഗോ സർവ്വകലാശാലയിൽ അസിസ്‌റ്റന്റ് പ്രൊഫസറായാണ് ജോലിയിൽ പ്രവേശിച്ചത്. നേരത്തെ 45 വയസിനു താഴെയുള്ള മികച്ച 25 സാമ്പത്തിക വിദഗ്ധരിൽ ഒരാളായി ഐ.എം.എഫ് തെരഞ്ഞെടുത്തിരുന്നു.

ഇടതുപക്ഷം ശക്തമായി എതിർക്കുന്ന നവ ഉദാരവത്കരണ നടപടികളെ പിന്തുണയ്‌ക്കുന്ന ഗീതയെ ഉപദേഷ്ടാവായി ഇടതുപക്ഷ സർക്കാർ തെരഞ്ഞെടുത്തത് വിവാദമായിരുന്നു. എന്നാൽ, ഐ.എം.എഫിൽ പുതിയ പദവി ലഭിച്ചതോടെ അവർ ഈ സ്ഥാനം രാജിവച്ചു. മുഖ്യമന്ത്രിക്ക് രേഖാമൂലമുള്ള അറിയിപ്പ് നൽകിയാണ് രാജിവച്ചത്. രണ്ടുവർഷമാണ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി സൗജന്യ സേവനം അനുഷ്ടിച്ചത്.

കണ്ണൂർ മയ്യിൽ സ്വദേശിയും വിദഗ്ധകാർഷിക സംരംഭകനുമായ ടി.വി.ഗോപിനാഥിന്റെയും അദ്ധ്യാപിക വിജയലക്ഷ്‌മിയുടെയും മകളായ ഗീത മൈസൂരുവിലാണു ജനിച്ചതും പഠിച്ചതും വളർന്നതും. ഐ.എം.എഫിന്റെ പതിനൊന്നാമത്തെ ചീഫ് എക്കണോമിസ്റ്റായാണ് ഗീത ചുമതലയേറ്റത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD