ന്യൂസിലൻഡിലെ മുസ്ലിം പള്ളികളിൽ ഭീകരാക്രമണം: 49 മരണം

Saturday 16 March 2019 12:59 AM IST
grafton

ക്രൈസ്റ്റ്ചർച്ച്:ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ രണ്ട് മുസ്ലിം പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ ഭീകരർ 49 പേ‌രെ കൂട്ടക്കൊല ചെയ്യുകയും ദൃശ്യങ്ങൾ തത്സമയം ഫേസ് ബുക്കിൽ പ്രദർശിപ്പിക്കുകയും ചെയ്‌തത് ലോകത്തെ ഞെട്ടിച്ചു. അൻപതോളം പേർക്ക് പരിക്കേറ്റു. ഇരുപത് പേരുടെ നില ഗുരുതരമാണ്. ഭീകരാക്രമണമാണ് നടന്നതെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡെൻ സ്ഥിരീകരിച്ചു.

അൽ നൂർ പള്ളിയിൽ 41 പേരും ലിൻവുഡ് പള്ളിയിൽ ഏഴുപേരുമാണ് കൊല്ലപ്പെട്ടത്. ഒരാൾ ആശുപത്രിയിലാണ് മരണമടഞ്ഞത്. ന്യൂസിലാൻഡ് സമയം ഇന്നലെ ഉച്ചയ്‌ക്ക്1.30 നായിരുന്നു അൽ നൂർ പള്ളിയിലെ ആക്രമണം അവിടെ പ്രാർത്ഥിക്കാൻ

എത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങൾ ഭാഗ്യത്തിന് രക്ഷപ്പെട്ടു. ന്യൂസിലൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് എത്തിയതായിരുന്നു ബംഗ്ലാദേശ് ടീം. അൽ നൂർ പള്ളിക്ക് സമീപമാണ് സ്റ്റേഡിയം.

ആക്രമണവുമായി ബന്ധപ്പെട്ട് ആസ്ട്രേലിയയിലെ ഗ്രാഫ്റ്റൺ സ്വദേശി ബ്രന്റൺ ടറന്റും ( 28)​ ഒരു വനിതയും ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

അൽ നൂർ പള്ളിയിൽ ബ്രന്റൺ ടറന്റ് ഒറ്റയ്‌ക്കാണ് ആക്രമണം നടത്തിയത്. പട്ടാള യൂണിഫോം ധരിച്ച് സ്വയം കാറോടിച്ചാണ് ഇയാൾ എത്തിയത്. കാറിൽ ആറ് തോക്കുകൾ ഉണ്ടായിരുന്നു. അതിൽ നിന്ന് സെമി ഓട്ടോമാറ്റിക് തോക്കും ഒരു റൈഫിളും എടുത്ത് പള്ളിയുടെ മുൻ വാതിൽക്കൽ എത്തി കണ്ടവരെയെല്ലാം വെടിവയ്‌ക്കുകയായിരുന്നു.

വൈകിട്ട് 5.27ഓടെയാണ് ലിൻവുഡ് പള്ളിയിൽ ആക്രമണം നടന്നത്.

ഇതുമായി ബന്ധപ്പെട്ടാണ് രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും അറസ്റ്റിലായത്. പ്രതികളിലൊരാളുടെ കാർ പൊലീസ് കണ്ടെത്തി അതിലുണ്ടായിരുന്ന സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി.

ന്യൂസിലൻഡിലെ എല്ലാ മുസ്ലിം പള്ളികളും അടച്ചിടാൻ സർക്കാർ നിർദ്ദേശം നൽകി.

ക്രൂരത ലൈവായി

അൽ നൂർ പള്ളിയിലെ കൂട്ടക്കൊല ഭീകരൻ ഹെൽമറ്റിൽ ഘടിപ്പിച്ച കാമറയിലൂടെ തത്സമയം ഫേസ്ബുക്കിൽ പ്രദർശിപ്പിച്ചു. പള്ളിയിൽ നൂറോളം വിശ്വാസികൾ ഉണ്ടായിരുന്നു. കൊലയാളി നൂറിലേറെ റൗണ്ട് വെടി വച്ചു. കുട്ടികൾ ഉൾപ്പെടെ വെടിയേറ്റു വീഴുന്നതും പ്രാണ വെപ്രാളത്തോടെ പരക്കം പായുന്നതും ക്രൂരമായ സംതൃപ്തിയോടെ ഇയാൾ കാമറയിൽ പകർത്തി. തിരയൊഴിഞ്ഞ തോക്കുകളിൽ ഇയാൾ ശാന്തനായി നിരവധി തവണ വെടിയുണ്ടകൾ നിറയ്‌ക്കുന്ന ദൃശ്യവും ഉണ്ട്. വെടിയേറ്റവരുടെ വിലാപവും ഞരക്കങ്ങളും ആ ഇടവേളയിൽ കേൾക്കാമായിരുന്നു. വെടിയേറ്റ് ഇഴഞ്ഞ ഒരാളെ തോക്ക് നിറച്ച ശേഷം വീണ്ടും വെടിവച്ചു കൊലപ്പെടുത്തി. നരഹത്യയുടെ പതിനേഴ് മിനുട്ട് നീണ്ട വീഡിയോ ആണ് ഫേസ് ബുക്കിൽ പ്രചരിച്ചത്. ഹൃദയഭേദകമായ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങൾ നിന്ന് നീക്കം ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD