അറബിനാട് മലയാളികളെ ചതിക്കുന്നു? അഞ്ചര വർഷത്തിനിടെ പ്രവാസികളുടെ എണ്ണത്തിൽ 2.3 ലക്ഷത്തിന്റെ കുറവ്

Saturday 09 February 2019 2:11 PM IST
gulf-malayali

ദുബായ്: ആഭ്യന്തര പ്രശ്‌നങ്ങളും സാമ്പത്തിക പ്രതിസന്ധിയും വർദ്ധിച്ച് വരുന്ന സ്വദേശിവത്കരണവും മൂലം വിദേശരാജ്യങ്ങളിൽ മലയാളികളുടെ തൊഴിൽ സാധ്യത കുറയുന്നതായി പഠനം. തൊഴിൽ അവസരങ്ങൾ കുത്തനെ കുറഞ്ഞതിനൊപ്പം വിദേശത്ത് നിന്ന് മടങ്ങുന്നവരുടെ എണ്ണവും കൂടുകയാണ്. പുതിയ മേച്ചിൽ പുറങ്ങൾ തേടി കടൽ കടക്കാൻ യുവതലമുറ തയ്യാറാകുന്നില്ലെന്നതും ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.

തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്‌റ്റഡ‌ീസ് നടത്തിയ സർവേ പ്രകാരം 2018ൽ വിദേശത്ത് ജോലി ചെയ്യുന്ന മലയാളികളുടെ എണ്ണം 34.17 ലക്ഷമാണ്. 2014ലെ കണക്ക് പ്രകാരം 36.5 ലക്ഷം മലയാളികൾ വിദേശത്ത് ജോലി ചെയ്‌തിരുന്നത്. 2.33 ലക്ഷം പേരുടെ കുറവ്. പുതിയ ജോലികൾ തേടി വിദേശത്തേക്ക് പോകുന്നവരുടെ എണ്ണത്തിലും വൻ കുറവുണ്ടായി. 2014ൽ 24 ലക്ഷം പേർ വിദേശത്ത് പോയപ്പോൾ 2018ൽ ഇത് 21.2 ലക്ഷമായി കുറഞ്ഞു. 2.8 ലക്ഷം പേരുടെ കുറവ്. എന്നാൽ 2014ൽ 11.5 ലക്ഷം പേർ വിദേശത്ത് നിന്നും കേരളത്തിലേക്ക് മടങ്ങിയപ്പോൾ 2018ൽ ഇത് 12.94 ലക്ഷമായി വർദ്ധിച്ചു. അഞ്ച് വർഷത്തിനിടെ വിദേശ മലയാളികളുടെ എണ്ണത്തിൽ 2.36 ലക്ഷത്തിന്റെ കുറവുണ്ടായെന്നും സർവേയിൽ പറയുന്നു.

പരമ്പരാഗത തൊഴിലുകളിൽ മലയാളികളേക്കാൾ കുറവ് ശമ്പളം പറ്റുന്ന രാജ്യങ്ങളിലെ തൊഴിലാളികൾ രംഗപ്രവേശനം ചെയ്‌തതും സ്വദേശിവത്കരണം ശക്തമായി നടപ്പിലാക്കിയതുമാണ് മലയാളികൾക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ. നേരത്തെ മലയാളികൾ ചെയ്‌തിരുന്ന ചെറുകിട ബിസിനസ് സംരംഭങ്ങളിലേക്ക് കൂടി സ്വദേശിവത്കരണം നടപ്പിലാക്കിയതും വൻ തിരിച്ചടിയായി. ഇതിന് പിന്നാലെ ആഗോള സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന ഭീതിയും തിരിച്ചടിക്ക് കാരണമായെന്നാണ് വിലയിരുത്തൽ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD