ഖത്തറിന്റെ ഏഷ്യാകപ്പ് വിജയം ഗൾഫ് പ്രതിസന്ധി വർദ്ധിപ്പിക്കുമെന്ന് വിദഗ്‌ദ്ധർ, ലോകകപ്പ് ഫുട്ബോൾ എല്ലാത്തിനും പരിഹാരമെന്നും വിലയിരുത്തൽ

Friday 08 February 2019 11:44 PM IST
qatar-wins-in-asia-cup-fi

ന്യൂയോർക്ക്: ഏഷ്യാകപ്പിൽ കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ ജപ്പാനെതിരെ ഖത്തർ നേടിയ വിജയം ഗൾഫ് മേഖലയിലെ നിലവിലെ പ്രതിസന്ധി ഇനിയും വർദ്ധിപ്പിക്കുമെന്ന് അന്താരാഷ്ട്ര വിദഗ്‌ദ്ധരുടെ പ്രവചനം. യു.എ.ഇയിൽ നടന്ന ഫൈനലിൽ ഖത്തർ നേടിയ വിജയം സൗദി അറേബ്യ നേതൃത്വം നൽകുന്ന സഖ്യരാജ്യങ്ങൾക്കുള്ള ശത്രുത വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ. ഇത് ഖത്തറിനെതിരെ ഇപ്പോൾ സഖ്യരാജ്യങ്ങൾ നടത്തുന്ന ഉപരോധം കൂടുതൽ ശക്തമാക്കുന്നതിലേക്ക് നയിച്ചേക്കാമെന്നും വിദഗ്‌ദ്ധർ പറയുന്നു. അതേസമയം, കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിച്ചതിന്റെ ആഘോഷങ്ങൾ ഇപ്പോഴും ഖത്തറിൽ നടക്കുകയാണ്.

ഫുട്ബോൾ മത്സരങ്ങൾ കഴിഞ്ഞതിന് പിന്നാലെ തന്നെ മേഖലയിലെ പ്രശ്‌നങ്ങൾ വീണ്ടും സജീവമാകുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയെന്ന് വിദഗ്‌ദ്ധർ പറയുന്നു. മത്സരത്തിൽ ഖത്തർ നേടിയ വിജയം ആ രാജ്യത്തിന് നേരെയുള്ള വിദ്വേഷമായി വളരാൻ സാധ്യതയുണ്ടെന്ന് റൈസ് സർവകലാശാലയിലെ ഗവേഷകനായ ക്രിസ്‌റ്റ്യൻ കോട്ടസ് പറയുന്നു. വിജയത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങൾ ഇരുചേരിയിൽ അണിനിരന്ന് കഴിഞ്ഞു. ഖത്തറിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങൾ ഇതിനോടകം തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഇത് ഖത്തറിനെ ഉപരോധിക്കാനുള്ള സഖ്യകക്ഷികളുടെ തീരുമാനത്തെയും സ്വാധീനിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

qatar-wins-in-asia-cup-fi

വിജയം അതിഗംഭീരം

തീവ്രവാദത്തിന് സാമ്പത്തിക സഹായം ചെയ്യുന്നുവെന്ന് ആരോപിച്ച് സൗദി അറേബ്യയും യു.എ.ഇയും അടങ്ങുന്ന സഖ്യരാജ്യങ്ങൾ ഖത്തറിന് മേൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ഇതിനെയെല്ലാം മറികടന്നാണ് ഖത്തർ വിജയത്തിലേക്ക് നടന്നത്, അതും സൗദി അറേബ്യയെയും യു.എ.ഇയെയും ടൂർണമെന്റിൽ തോൽപ്പിച്ച് കൊണ്ട്. 2022ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന് കരുത്ത് പകരുന്നത് കൂടിയായിരുന്നു വിജയം. ഉപരോധം നിലനിൽക്കുന്നതിനാൽ മത്സരം നടക്കുന്ന യു.എ.ഇയിലെത്താൻ ഖത്തർ ടീമിന്റെ ആരാധകർക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ ടീമിന് പിന്തുണയുമായി ഒമാനിൽ നിന്നും ഒരു സംഘമെത്തിയിരുന്നു. ഇതിനിടയിൽ യു.എ.എയിലെ കാണികൾ ഖത്തർ ടീമിന് നേരെ ചെരിപ്പും പഴത്തൊലിയും വലിച്ചെറിഞ്ഞെന്നും ആരോപണമുണ്ട്.

രാഷ്ട്രീയ വൈരം മറക്കാൻ ഫുട്ബോൾ

അതേസമയം, നിലവിലുള്ള പ്രതിസന്ധി മറികടക്കാൻ 2022ലെ ലോകകപ്പ് ഫുട്ബോളിന് കഴിഞ്ഞേക്കുമെന്നാണ് കായിക പ്രേമികളുടെ പ്രതീക്ഷ. ലോകകപ്പിൽ കളിക്കുന്ന ടീമുകളുടെ എണ്ണം 48 ആക്കി ഉയർത്താൻ ഫിഫ ആലോചിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ യു.എ.ഇ അടക്കമുള്ള ടീമുകൾക്കും ഒരുപക്ഷേ ലോകകപ്പ് കളിക്കാൻ അവസരം ലഭിച്ചേക്കും. ഇത് മേഖലയിലെ പ്രതിസന്ധി കുറയ്‌ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഫുട്ബോളിന് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD