
ബി.ജെ.പി ഭരിക്കുന്ന മണിപ്പൂരിൽ കലാപം തീരുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ല. ഓരോ ദിവസവും അക്രമസംഭവങ്ങൾ വർദ്ധിക്കുകയാണ്. സംസ്ഥാനത്തെ സ്ഥിതി ദയനീയമാണെന്നാണ് മുഖ്യമന്ത്രി ബിരേൻ സിംഗ് തന്നെ പറയുന്നത്. ഇംഫാൽ വെസ്റ്റിൽ അക്രമികൾ സൈന്യത്തിനു നേരെ വെടിവച്ച സംഭവമാണ് കഴിഞ്ഞ ദിവസമുണ്ടായത്. മേഖലയിൽ ഗ്രാമീണർ വളരെ കൂടുതലുണ്ടായിരുന്നതിനാൽ സെെന്യത്തിന് വേണ്ടരീതിയിൽ തിരിച്ചടിക്കാനും കഴിഞ്ഞില്ല. ഒരു സെെനികന് വെടിയേറ്റിട്ടുണ്ടുമുണ്ട്. സംസ്ഥാനത്ത് ഇതുവരെ കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം നൂറ് കവിഞ്ഞു. അഞ്ഞൂറോളം പേർക്ക് പരിക്കേറ്റു. ആയിരക്കണക്കിന് വീടുകൾ അഗ്നിക്കിരയായി. ഇരുന്നൂറിലധികം ക്രൈസ്തവ ദേവാലയങ്ങൾ തകർക്കപ്പെട്ടു.17 ക്ഷേത്രങ്ങൾക്കും തീയിട്ടു. ഒട്ടേറെ സർക്കാർ സ്ഥാപനങ്ങളും സ്കൂളുകളും നശിപ്പിക്കപ്പെട്ടു.
മേയ് മൂന്നിന് ആരംഭിച്ച കലാപം ശമിക്കുന്ന ലക്ഷണം കാണിച്ചശേഷം വീണ്ടും ആളിപ്പടരുകയാണുണ്ടായത്. സൈന്യത്തെ ഉപയോഗിച്ച് കലാപം നിയന്ത്രിക്കുന്നതിനൊപ്പം നിഷ്പക്ഷമായാണ് സർക്കാർ നിലകൊള്ളുന്നതെന്ന് തെളിയിക്കുന്നതിലും അക്രമികൾക്കെതിരെ കർശന നടപടിയെടുക്കുന്നതിലും സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. ഭൂരിപക്ഷ സമുദായമായ മെയ്തികളും ഗോത്രവിഭാഗക്കാരായ കുക്കി, നാഗ തുടങ്ങിയ മുപ്പതിലേറെ ചെറുവിഭാഗങ്ങളും തമ്മിലാണ് സംഘർഷം തുടരുന്നത്. മെയ്തിവിഭാഗത്തിന് പട്ടികവർഗപദവി നൽകാനുള്ള നീക്കത്തിനെതിരെ തുടങ്ങിയ പ്രക്ഷോഭം അക്രമത്തിന് വഴിമാറുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിലപാടുകളിലെ അവ്യക്തതയും മെയ്തി വിഭാഗത്തോടുള്ള ആഭിമുഖ്യവുമാണ് കലാപം കൂടുതൽ വഷളാകാൻ ഇടയാക്കിയതെന്ന പ്രതിപക്ഷം ആരോപണത്തിൽ കഴമ്പുണ്ട്. കലാപം നിയന്ത്രിക്കാൻ വേണ്ടത് നിഷ്പക്ഷവും ശക്തവുമായ നടപടികളാണ്.
സർക്കാർ ഒരു വിഭാഗത്തെ സംരക്ഷിക്കുന്നെന്ന തോന്നലാണ് മുൻപും കലാപത്തിൽ കൂടുതൽപേർ മരിക്കാനിടയാക്കിയതെന്ന സത്യം മറക്കരുത്. അക്രമത്തിൽ കൂടുതൽ ആൾനാശം ഉണ്ടായിരിക്കുന്നത് കുക്കികൾക്കാണ്. പകരം വീട്ടാനുള്ള അക്രമങ്ങളിലാണ് അവർ വ്യാപൃതരായിരിക്കുന്നത്. അതേസമയം കൂടുതൽ കുക്കികളെ വകവരുത്താനും അവരുടെ സ്വത്തുക്കൾ തട്ടിയെടുക്കാനുമുള്ള ശ്രമങ്ങൾ മറുഭാഗത്തും തുടരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സംഘവും സന്ദർശിച്ചിട്ടും പ്രതീക്ഷിച്ച ഫലമൊന്നും ഉണ്ടായിട്ടില്ല. പൊലീസിന്റെ ആയുധപ്പുരയിൽനിന്ന് കവർന്നെടുത്ത ആയുധങ്ങളാണ് ഭൂരിപക്ഷ സമുദായക്കാർ ഗോത്ര വിഭാഗങ്ങൾക്കെതിരെ ഉപയോഗിക്കുന്നതെന്ന് ആരോപണമുണ്ട്. പൊലീസിന്റെകൂടി സഹായത്തോടെയാണ് ആയുധമോഷണം നടക്കുന്നതെന്നും കുക്കി വിഭാഗം ആരോപിക്കുന്നു. അതേസമയം കുക്കികൾക്ക് ചൈന ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളിൽനിന്ന് ആയുധങ്ങൾ ലഭിക്കുന്നതായി മറുഭാഗക്കാരും സർക്കാരും ആരോപിക്കുന്നു. ഇരുകൂട്ടരും സമാധാന ചർച്ചകൾക്ക് തയാറാകുന്നില്ല. അക്രമികളുടെ നിയന്ത്രണത്തിലാണെല്ലാം നടക്കുന്നത്. ഇതു മാറിയേ മതിയാവൂ. സർക്കാർ ആനുകൂല്യങ്ങൾ ഒരു വിഭാഗക്കാരെ മാത്രം രക്ഷിക്കാനാണെന്ന തോന്നൽ അവസാനിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളും ഉണ്ടാകണം. കേന്ദ്രത്തിന്റെയും പ്രധാനമന്ത്രിയുടേയും ശക്തമായ ഇടപെടലാണ് ഇനി വേണ്ടത്. അതിന് രാഷ്ട്രപതി ഭരണമാണ് വേണ്ടതെങ്കിൽ അതിനും സർക്കാർ തയാറാകണം.
മുൻകാലങ്ങളിൽ ഇതിനേക്കാൾ വലിയ കലാപങ്ങളും വിഘടനവാദങ്ങളും ഇല്ലാതാക്കാൻ ശക്തമായ ഇടപെടലുകളിലൂടെ കേന്ദ്ര സർക്കാരുകൾക്ക് കഴിഞ്ഞിട്ടുണ്ടെന്നതും ഒാർക്കേണ്ടതുണ്ട്. എന്തായാലും ഇതിങ്ങനെ നീണ്ടുപോകാൻ പാടില്ല. മരണങ്ങൾ വർദ്ധിക്കുന്നതനുസരിച്ച് പ്രശ്നപരിഹാരം സാദ്ധ്യമല്ലാത്ത സ്ഥിതിയുണ്ടാകും. അർഹമായ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഭവനരഹിതരായവരെ കുടിയിരുത്തുകയും കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ ജോലി പ്രഖ്യാപിക്കുകയും വേണം. ഭരണപരവും രാഷ്ട്രീയവുമായ പ്രക്രിയയിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാനാവൂ. അതിനിയും വെെകരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |