
മഴക്കാലം രോഗദുരിതങ്ങളുടെ കാലയളവ് കൂടിയാണ്. സംസ്ഥാനത്ത് ഷിഗെല്ല രോഗം പടരുന്നതാണ് ഇപ്പോൾ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. ആലപ്പുഴയിലും പത്തനംതിട്ടയിലെ ആറന്മുളയിലും 123 പേർക്കും കോഴിക്കോട്ട് മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലുവയസുകാരി മരണമടയുകയും ചെയ്തിരുന്നു. സുൽത്താൻ ബത്തേരിയിലെ വിദ്യാലയത്തിൽ 164 കുട്ടികൾക്ക് വയറിളക്കം, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടെങ്കിലും പ്രാഥമിക പരിശോധനയിൽ ഷിഗെല്ലയല്ലെന്നാണ് നിഗമനം. ഷിഗെല്ലയെ പ്രതിരോധിക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് ഉൗർജിതപ്പെടുത്തിയതായി മന്ത്രി കെ. മുരളീധരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
വൃത്തിഹീനമായ സാഹചര്യങ്ങളിൽ പാകം ചെയ്യുന്ന ആഹാരം കഴിക്കുന്നത് ഏവരും ഈ മഴക്കാലത്ത് ഒഴിവാക്കേണ്ടതാണ്. ഹോട്ടലുകളിലും തട്ടുകടകളിലും വിദ്യാലയങ്ങളിലെ ഭക്ഷണശാലകളിലും ക്ളോറിനും മറ്റും ഉപയോഗിച്ച ശുദ്ധജലമാണ് പാചകത്തിന് ഉപയോഗിക്കുന്നു എന്നത് അധികൃതർ പരിശോധനയിലൂടെ ഉറപ്പാക്കേണ്ടതാണ്. ഷിഗെല്ല രോഗം ബാധിച്ചയാൾ പാകം ചെയ്ത ഭക്ഷണം കഴിച്ചാലും ഈ രോഗം വരാനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ അത്തരം കാര്യങ്ങളിലും ഹോട്ടലുടമകൾ വേണ്ടത്ര ശ്രദ്ധപുലർത്തേണ്ടതാണ്.
മഴക്കാലത്തെ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പിന് പുറമെ തദ്ദേശ, ജലസേചന വകുപ്പുകളുടെ സംയുക്ത പ്രവർത്തനങ്ങളും ആവശ്യമാണ്. ജലസ്രോതസുകൾ ക്ളോറിനേഷൻ നടത്തി ശുദ്ധീകരിക്കുന്നു എന്ന് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ ഉറപ്പാക്കേണ്ടതുണ്ട്.
അതുപോലെതന്നെ കുടിവെള്ള സ്രോതസുകളിലേക്ക് മലിനജലം ഒഴുകിയെത്താനിടയായാൽ അത് പലതരം വൈറസുകളുടെയും ബാക്ടീരിയകളുടെയും അധിക സാന്നിദ്ധ്യത്തിന് വഴിവയ്ക്കാം. സാധാരണ മലിനമാകാത്ത ജലസ്രോതസുകളും മഴക്കാലത്ത് മലിനമാകാനുള്ള അവസരങ്ങൾ കൂടുതലാണ്. മഴക്കാലത്ത് കാൽപ്പാദങ്ങളിലൂടെയും പലതരം ബാക്ടീരിയകൾ ശരീരത്ത് കടക്കാനുള്ള സാദ്ധ്യതയുള്ളതിനാൽ അതിന് അനുയോജ്യമായ രീതിയിലുള്ള പാദരക്ഷകൾ ധരിക്കുന്നതിൽ, പ്രത്യേകിച്ചും വെള്ളം കുതിർന്ന് നനഞ്ഞ മണ്ണിലൂടെ കൂടുതൽ നടക്കേണ്ടി വരുന്നവർ ശ്രദ്ധിക്കേണ്ടതാണ്. വീട്ടിൽ നിന്ന് പുറത്തു പോയി തിരിച്ച് വരുമ്പോൾ പഴയ കാലങ്ങളിൽ കാല് കഴുകിയിട്ടേ ആളുകൾ വീട്ടിൽ കയറുമായിരുന്നുള്ളൂ. അതിനൊക്കെ ഒരു ശാസ്‌ത്രീയ വശമുണ്ടായിരുന്നു. ആധുനിക കാലത്ത് അതൊക്കെ വളരെ കുറഞ്ഞിരിക്കുന്നതിന്റെ ദോഷങ്ങളാണ് പകർച്ചവ്യാധികളുടെയും പുതിയ പേരുള്ള മാരകമായ പല അസുഖങ്ങളുടെയും പേരിൽ നമ്മൾ അനുഭവിക്കുന്നതും.
ഷിഗെല്ല രോഗത്തിന്റെ പേരിൽ ജാഗ്രത പുലർത്തണമെങ്കിലും അനാവശ്യ ഭീതിയുടെ ആവശ്യമില്ല. സോഷ്യൽ മീഡിയയിലൂടെ രോഗം സംബന്ധിച്ച് നടക്കുന്ന എല്ലാ പ്രചാരണങ്ങളും കണ്ണുമടച്ച് വിശ്വസിക്കുകയും ചെയ്യരുത്. ഇതിൽ പകുതിയും വ്യാജമായിരിക്കാനും സാദ്ധ്യതയുണ്ട്.
മാലിന്യം റോഡിലും മറ്റും വലിച്ചെറിയുന്നത് മഴക്കാലത്ത് പലതരം രോഗങ്ങളും വേഗത്തിൽ പടരാനിടയാക്കും. അതിനാൽ ഇതിനെതിരെ ശക്തമായ നടപടികളെടുക്കുന്ന തദ്ദേശ വകുപ്പ്, മാലിന്യ നിർമ്മാർജനത്തിനും തുല്യപ്രാധാന്യം നൽകണം. മഴക്കാലത്താണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനിയും എലിപ്പനിയുമൊക്കെ റിപ്പോർട്ട് ചെയ്യപ്പെടുന്നതും. ഡെങ്കിപ്പനി കൊതുകുജന്യ രോഗമാണ്. വേനൽക്കാലത്ത് വെള്ളം കയറാത്ത സ്ഥലങ്ങളിൽ കൊതുക് ഇട്ടുവച്ച മുട്ടകൾ മഴക്കാലത്ത് വെള്ളം കയറുമ്പോൾ വിരിയും. അതിനാൽ വീട്ടുപരിസരത്ത് വെള്ളം കെട്ടിനിൽക്കാൻ സാദ്ധ്യതയുള്ള കുപ്പി, പാത്രക്കഷ്‌ണങ്ങൾ, ചിരട്ട തുടങ്ങിയവ നീക്കം ചെയ്തും പുല്ലുകൾ വെട്ടി പറമ്പും മറ്റും ഉള്ളവർ അത് വൃത്തിയാക്കേണ്ടതും ആവശ്യമാണ്. ജനങ്ങൾ സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിനും സർക്കാർ കൂടുതൽ നടപടി സ്വീകരിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |