SignIn
Kerala Kaumudi Online
Sunday, 24 May 2026 10.59 PM IST

കൊന്നു തിന്നാൻ തെരുവ് നായ്‌ക്കൾ

photo

സംസാരശേഷി തീരെ കുറവായ നിഹാൽ എന്ന പതിനൊന്നുകാരനെ കടിച്ചുകീറിയ തെരുവുനായ്‌ക്കൾ ആ പിഞ്ചുജീവനെടുത്തതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് മാറിനില്‌ക്കാനാവില്ല. എല്ലാ പഞ്ചായത്തുകളിലും തെരുവുനായ്‌ക്കളെ പാർപ്പിക്കാൻ ഷെൽട്ടറുകൾ ഒരുക്കുമെന്ന് തെരുവുനായ ആക്രമണം രൂക്ഷമായ ഘട്ടത്തിൽ സർക്കാർ പ്രഖ്യാപിച്ചതാണ്. എന്നാൽ ഒന്നും നടന്നിട്ടില്ല. പത്തനംതിട്ടയിൽ അഭിരാമി എന്ന 12 വയസുകാരി പേവിഷബാധയേറ്റ് മരിച്ചതിനെത്തുടർന്നും പല പ്രഖ്യാപനങ്ങൾ വന്നിരുന്നു. തെരുവുനായ ശല്യം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും നിലം തൊടാതെ പാളുകയാണുണ്ടായത്.

സർക്കാർ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധപതിപ്പിക്കുന്നത് നാട്ടുകാരിൽ നിന്ന് വിവിധയിനത്തിൽ എങ്ങനെ പിഴ ഈടാക്കാം എന്നതിലാണ്. തെരുവുനായ വന്ധ്യംകരണവും പേവിഷ പ്രതിരോധ വാക്‌സിൻ നല്‌കലും നിലം തൊടാതെയാണ് പാളിയത്. മൂന്ന് ലക്ഷത്തോളം തെരുവുനായ്‌ക്കൾക്ക് വാക്‌സിൻ നല്‌കാൻ പദ്ധതിയിട്ടെങ്കിലും 2022 സെപ്തംബർ മുതൽ 2023 ജൂൺ വരെ 32,061 നായ്‌ക്കൾക്ക് മാത്രമാണ് വാക്‌സിൻ നല്‌കിയത്. വന്ധ്യംകരണ ശസ്ത്രക്രിയ വഴി തെരുവുനായ നിയന്ത്രണത്തിന് തദ്ദേശസ്ഥാപനങ്ങൾ നീക്കിവച്ചത് പത്ത് കോടിയോളം രൂപയാണ്. പക്ഷേ ഒന്നും നടന്നില്ല. തദ്ദേശ, മൃഗസംരക്ഷണ, ആരോഗ്യ വകുപ്പുകൾ സംയുക്തമായാണ് തെരുവുനായ വന്ധ്യംകരണ, പ്രതിരോധ വാക്‌സിൻ നടപടികൾക്ക് ചുമതലക്കാരായത്. എന്നാൽ നടത്തിപ്പിൽ ഈ വകുപ്പുകൾ തമ്മിൽ യാതൊരു ഏകോപനവുമുണ്ടായില്ല. മൂന്ന് വകുപ്പുകളും മൂന്ന് വഴിക്കാണ് പോയത്. തെരുവുനായ ശല്യം സംബന്ധിച്ച വാർത്തകൾ കെട്ടടങ്ങിയപ്പോൾ ഇതൊന്നും തിരിഞ്ഞുനോക്കാൻ പോലും ആരുമില്ലാതായി. നായ്‌ക്കളെ പിടിക്കുന്നതിലും പരിപാലന ചുമതല ഏറ്റെടുക്കുന്നതിലും ചെലവ് വഹിക്കുന്നതിലും ഇനിയും അന്തിമ തീരുമാനമായിട്ടില്ല.

ചില സ്ഥലങ്ങളിൽ തുറന്ന ഷെൽട്ടറുകൾ നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് പൂട്ടേണ്ടിയും വന്നതോടെ നായ്‌ക്കൾ പതിവിലും കൂടുതൽ വീര്യത്തോടെ തെരുവിൽ വിലസാൻ തുടങ്ങി. മാലിന്യങ്ങൾ റോഡിൽ വലിച്ചെറിയുന്നത് ചിലരെങ്കിലും ശീലമാക്കിയതോടെ നായ്‌ക്കൾ കൊഴുത്ത് പെരുകി. നായ്‌ക്കളെ കൊല്ലാൻ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവുള്ളതിനാൽ വന്ധ്യംകരിച്ചതിന് ശേഷം തെരുവ് നായ്‌ക്കളെ പാർപ്പിക്കാൻ പഞ്ചായത്തുകൾ തോറും ഷെൽട്ടറുകൾ തുറക്കുക മാത്രമാണ് ശല്യം നിയന്ത്രിക്കാനുള്ള പോംവഴി. തദ്ദേശസ്ഥാപനങ്ങൾ ചെലവഴിക്കാതെയിരിക്കുന്ന ഫണ്ടിന്റെ ഒരംശം വേണ്ട ഇതിന്റെ പരിപാലനത്തിന്. മൃഗസ്നേഹികളുടെ സമിതികളെയും ചുമതലയേല്പിക്കാം. അതോടൊപ്പം തെരുവുനായ്‌ക്കളെ കൊല്ലാൻ പാടില്ലെന്ന സുപ്രീംകോടതിയുടെ ഉത്തരവിനെ മറികടക്കാൻ നിയമനിർമ്മാണം നടത്തണമെന്ന് കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെടുകയും വേണം. ജനസംഖ്യയും ജനസാന്ദ്രതയും വളരെ കൂടിയ കേരളത്തിൽ തെരുവുനായ്‌ക്കൾ ഈ രീതിയിൽ വർദ്ധിക്കുന്നതിന്റെ അപകടം ബോദ്ധ്യപ്പെടുത്താൻ കേരളം മുൻകൈയെടുക്കേണ്ടതാണ്. അതിന് മുൻപ് ഇവിടെ പ്രശ്നം പരിഹരിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. പിഴ ചുമത്തുന്ന നിയമങ്ങൾ നിർമ്മിക്കൽ മാത്രമല്ല ഒരു സർക്കാരിന്റെ ജോലിയെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കാൻ സർക്കാരിന് കഴിയണം. ഇനി ഒരു ശരീരം കൂടി തെരുവുനായ്‌ക്കൾക്ക് വിട്ടുകൊടുക്കാനാവില്ല. മുഴപ്പിലങ്ങാട് തെരുവുനായ്‌ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാൽ നൗഷാദിന്റെ ഭൗതികദേഹം വീട്ടിലെത്തിച്ചപ്പോൾ ജനലഴിയിലൂടെ ഞെട്ടലോടെ നോക്കുന്ന സഹോദരൻ നസലിന്റെ ചിത്രം മാത്രം മതി അധികാരികളുടെ കണ്ണ് തുറക്കാൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: STRAY DOG ATTACKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY