ചൂണ്ടോദരന് വരം: പുത്തരിയിൽ കല്ലും
'കന്നിനെ കയം കാണിക്കരുത് 'എന്നത് പഴമൊഴി. കന്ന് കൊണ്ടുപോകുന്നത് കയത്തിലേക്കാവും. പത്തുകൊല്ലം ജനങ്ങൾ തണ്ടിലേറ്റി നടത്തിയ സി.പി.എമ്മിന്റെയും ഇടതു മുന്നണിയുടെയും തോളിൽ ഒടുവിൽ മാറാപ്പ് കേറ്റിയതിന്റെ കാരണം
വ്യക്തം. എന്നാൽ, ഭരണവിരുദ്ധ വികാരമല്ല തിരിച്ചടിക്ക് കാരണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞു. ഇനി, കീഴ്ഘടകങ്ങൾക്ക് പറയാനുള്ളത് കൂടി കേൾക്കാം.
അവിടെ വിമർശനവും സ്വയം വിമർശനവും നടക്കണം. മേൽക്കമ്മിറ്റിയിൽ നിന്നുവരുന്ന നേതാവ് പറയുക, കീഴ് കമ്മിറ്റിക്കാർ കേട്ടിരിക്കുക. ഇത്തവണ അത്തരം കലാപരിപാടി വേണ്ട. അത്രയ്ക്ക് പടുകുഴിയിൽ വീണു കിടക്കുകയല്ലേ പാർട്ടി. അവിടെ നിന്ന് കരകയറേണ്ടേ. ജില്ല മുതൽ ബ്രാഞ്ച് തലം വരെയുള്ളവർ പറയാനുള്ളത് തുറന്നുപറയട്ടെ, വിലക്കേണ്ട.
പക്ഷേ, അങ്ങനെ കയറൂരി വിട്ടത് ചൂണ്ടോദരന് പരമശിവൻ വരം കൊടുത്തത് പോലെയാവുമെന്ന് കരുതിയില്ല. കൈ ചൂണ്ടുന്നത് മുഴുവൻ മുൻ ഭരണത്തലവനും പാർട്ടി സംസ്ഥാന സെക്രട്ടറിക്കും നേർക്ക്. ജില്ലാ കമ്മിറ്റികളിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കുറ്റപത്ര സമർപ്പണം. പിണറായിയുടെ ശൈലിയാണ് കുഴപ്പം. പ്രത്യേകിച്ച് ചില യമണ്ടൻ പ്രയോഗങ്ങൾ. പാർട്ടി സെക്രട്ടറി വാർത്താസമ്മേളനത്തിലോ പൊതുയോഗങ്ങളിലോ
വായ് തുറന്നാൽ കുറഞ്ഞത് നൂറ് വോട്ട് നഷ്ടപ്പെടും. പാർട്ടി സെക്രട്ടറിയായും പ്രതിപക്ഷ നേതാവായും പുതുരക്തങ്ങൾ വരണം. അണികൾ നേതൃത്വത്തെ തള്ളിപ്പറയുന്ന ചൂടേറിയ ചർച്ചകളും, വിമർശനങ്ങളും പത്രങ്ങളിലും ചാനലുകളിലും സമൂഹമാദ്ധ്യമങ്ങളിലും നിറയുന്നു.
ഇനി, ഏരിയ,ലോക്കൽ, ബ്രാഞ്ച് കമ്മിറ്റികളിലും ഇതുപോലെയാണ് നടക്കുന്നതെങ്കിലോ?. അവർ പാർട്ടിയെ തലകീഴായി മറിക്കും.അതനുവദിക്കാൻ പാടില്ല. തോൽവിയുടെ ഉത്തരവാദിത്വം കുറെയൊക്കെ അവർക്കുമില്ലേ. ധാർഷ്ട്യവും ധിക്കാരവും പാർട്ടിയിലെ ചോട്ടാ നേതാക്കൾവരെ കൊണ്ടുനടന്നതല്ലേ. നാടെങ്ങുമുള്ള സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ച പാവങ്ങളുടെ പണത്തിൽ വെട്ടിപ്പും തട്ടിപ്പും നടത്തിയത് അവരും ചേർന്നല്ലേ. മുകളിലുള്ളവർ മാത്രം തോൽവിയുടെ പാപഭാരം ചുമക്കുകയും, കൂട്ടു പ്രതികൾ പുണ്യാളന്മാർ ചമയുകയും വേണ്ട.
അങ്ങനെയാണ്, ഗിയർ ഒന്ന് മാറ്റിപ്പിടിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. അതിന് ഒരു പരീക്ഷ നടത്തുക. പരീക്ഷയ്ക് 32 ചോദ്യങ്ങളും റെഡി. പൊതിയാ തേങ്ങ കിട്ടിയ നായയെപ്പോലെ,പലതും ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ. നിങ്ങൾ വോട്ടുതേടി എത്ര വീടുകളിൽ കയറി?, തർക്കുത്തരം പറഞ്ഞവരോടും മാന്യമായി പെരുമാറിയോ?, അതോ പതിവുപോലെ അസഭ്യം പറഞ്ഞോ?, 62 ലക്ഷം പേർക്ക് നമ്മുടെ സർക്കാർ സാമൂഹ്യക്ഷേമ പെൻഷൻ നൽകുന്നുണ്ടല്ലോ. ഓരോ പ്രദേശത്തും പെൻഷൻ കൈപ്പറ്റുന്നവരുടെ യോഗം വിളിക്കാൻ പറഞ്ഞിട്ട് വിളിച്ചോ?, ലൈഫ് ഭവന പദ്ധതി വഴി വീടുകൾ കിട്ടിയവരുടെ യോഗം വിളിച്ചോ?, പാർട്ടിയുടെ എല്ലാ അംഗങ്ങളെയും അനുഭാവികളെയും പോളിംഗ് ബൂത്തുകളിലെത്തിച്ചോ?.
പലതും വാദിയെ പ്രതിയാക്കുന്ന ചോദ്യങ്ങൾ. അതിനൊക്കെ
ഉത്തരം കണ്ടെത്തണം. പിന്നെ എവിടെ സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനത്തിന് സമയം. എല്ലാം തുറന്നു പറയാമെന്ന് പറഞ്ഞത് ഇതിനായിരുന്നോ?. പ്രാദേശിക നേതാക്കളും അണികളും പരസ്പരം ചോദിക്കുന്നു. പക്ഷേ,പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ ചൂട്ടും കെട്ടിപ്പട. പാർട്ടി ജില്ലാ കമ്മിറ്റികളിൽ നേതൃത്വത്തെ എരിതീയിലാണ് പൊരിച്ചതെങ്കിൽ, ഏരിയാ കമ്മിറ്റികളിൽ വറ ചട്ടിയിൽ.
എല്ലാ പാതകങ്ങൾക്കും ഉത്തരവാദികൾ രണ്ടുപേർ മാത്രം. കഴിഞ്ഞ പാർട്ടി ജില്ലാ സമ്മേളനത്തിൽ 'ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ കാരണഭൂതൻ' എന്ന് പിണറായിയെ വാഴ്ത്തിപ്പാടി മെഗാ തിരുവാതിര അവതരിപ്പിച്ചതാണ് സി.പി.എം പാറശാല ഏരിയാ കമ്മിറ്റി. കഴിഞ്ഞദിവസം ചേർന്ന അതേ ഏരിയാ കമ്മിറ്റിയിൽ ഉയർന്ന ആവശ്യം എന്തെന്നല്ലേ?, പിണറായി വിജയൻ നിയമസഭാംഗത്വം ഒഴിയണം!
രാജാവിനെക്കാൾ രാജഭക്തി കാണിക്കുന്ന ചിലർ കരുതുന്നത് അതേ രാജാവ് എക്കാലവും അധികാരത്തിലുണ്ടായിരിക്കും എന്നാവും.ആ കാലമൊക്കെ പോയി.ജനാധിപത്യത്തിൽ ഇന്ന് കാണുന്നവനെ നാളെ കാണില്ല.രാജാവ് വെറും പ്രജയാവുമ്പോൾ,രാജാവിന്റെ പ്രീതിക്കായി എടുത്തു ചാടിയവന്റെ എല്ലൊടിഞ്ഞെന്ന് വരും.അപ്പോൾ തുണയ്ക്കാൻ ആരും കാണില്ല.മുൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന നവകേരള ബസ് യാത്രയ്ക്കിടെ 'രക്ഷാപ്രവർത്തനം' നടത്തിയ ഗൺമാന്മാർ, ഭരണം മാറിയതോടെ കടുത്ത ശിക്ഷാനടപടിയുടെ നിഴലിലാണ്.
ആലപ്പുഴയിൽ പിണറായിയെ കരിങ്കൊടി കാട്ടിയ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ നിന്ന് ഇറങ്ങിവന്ന ഗൺമാൻ ഉൾപ്പെടെ തല്ലിച്ചതച്ചത് ചട്ട വിരുദ്ധമാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്ഥലത്ത് ലോക്കൽ പൊലീസ് ഉണ്ടായിരുന്നിട്ടും, വാഹനത്തിൽ നിന്ന് ചാടിയിറങ്ങി ഗൺമാനും സുരക്ഷാഉദ്യോഗസ്ഥരും നടത്തിയ അതിക്രമം ഗുരുതര വീഴ്ചയാണെന്നാണ് നിഗമനം.
വീഴ്ച ചൂണ്ടിക്കാട്ടി അന്നത്തെ ആലപ്പുഴ എസ്.പി നൽകിയ റിപ്പോർട്ട് ഒരു മുൻ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ആഭ്യന്തര വകുപ്പ് പൂഴ്ത്തി.കേസ് രജിസ്റ്റർ ചെയ്തിട്ടും അതേക്കുറിച്ച് ഡി.ജി.പിക്ക് റിപ്പോർട്ട് കൈമാറിയില്ല.ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ട് കേസ് ഡയറിതിരുത്തുകയും കേസന്വേഷണം മരവിപ്പിക്കുകയും ചെയ്തു.
ആലപ്പുഴയിൽ അന്ന് ക്രൂര മർദ്ദനമേറ്റവരിലൊരാളായ എ.ഡി.തോമസ് ഇപ്പോൾ എം.എൽ.എയാണ്. കേസ് പുനരന്വേഷണത്തിലും. നിയമസഭയിൽ പുതിയ അംഗങ്ങളുടെ
സത്യപ്രതിജ്ഞയ്ക്കിടെ, തോമസ് ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് പിണറായി വിജയനെ അദ്ദേഹത്തിന്റെ സീറ്റിന് അടുത്തെത്തി ഹസ്തദാനം നൽകിയതും കൗതുകമായി.
'സീസറിന്റെ ഭാര്യ സംശയാതീതയായിരിക്കണം.' വി.ഡി.സതീശൻ സർക്കാരിന്റെ തുടക്കം കലക്കി.കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര,വയോജന ക്ഷേമ വകുപ്പ്,ജനങ്ങളെ വലച്ച സിൽവർലൈനും മഞ്ഞക്കുറ്റിയും
കേസുകളും ഇല്ലാതാക്കൽ, അന്നത്തെ മുഖ്യമന്ത്രിക്ക് രക്ഷാപ്രവർത്തനം നടത്തിയ പൊലീസുകാർക്കെതിരെ പുനരന്വേഷണം തുടങ്ങി ഏറെ കൈയടി കിട്ടുന്ന തീരുമാനങ്ങൾ. എന്നാൽ,പുത്തരിയിലും ചില കല്ലുകടികൾ. സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് അതിലൊന്ന്. വോട്ടർ പട്ടിക പരിഷ്കരണത്തിലെ ചില നടപടികളെയും,നാമനിർദ്ദേശ പത്രിക സമർപ്പണം പ്രഖ്യാപിച്ച
തിയതിക്ക് ഒരാഴ്ച മുമ്പ് നിറുത്തി വച്ചതിനെയും ഇടതു,വലതു മുന്നണികൾ എതിർത്തിരുന്നതാണ്.
ഭരണത്തിലേറി ഒരാഴ്ച പിന്നിടും മുമ്പ് നിർണായക സ്ഥാനത്തേക്കുള്ള ഈ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നിയമനത്തിൽ അഭംഗിയില്ലേ? അതും ബംഗാൾ സർക്കാരിന്റെ നടപടിയെ പാർട്ടി എതിർക്കുമ്പോൾ.പിണറായി സർക്കാരിന്റെ നടപടികളെ എതിർത്തതിന്റെ പേരിൽ ഐ.എ.എസ് ഉദ്യോഗസ്ഥരായ ഡോ.ബി.അശോകിനും, പ്രശാന്തിനും ലഭിച്ച സസ്പെൻഷൻ
ഭരണം മാറിയിട്ടും തുടരുന്നു. അടുത്തമാസം അടുത്തൂൺ പറ്റുന്ന ചീഫ് സെക്രട്ടറിയുടെ വാക്കുകേട്ട് ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരോടുപോലും ആലോചിക്കാതെ ഐ.എ.എസ് തലപ്പത്ത് അഴിച്ചു പണി. വാക്ക് പാലിക്കൽ ചില കാര്യങ്ങളിൽ മാത്രം മതിയോ?
നുറുങ്ങ്
♦നീറ്റ് പരീക്ഷാ ക്രമക്കേടിനും തൊഴിലില്ലായ്മക്കുമെതിരെ പ്രക്ഷോഭവുമായി യുവജനങ്ങളിലേക്ക് പടന്നു കയറുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ (പാറ്റ പാർട്ടി) പേജ് പിന്തുടരുന്നവരുടെ എണ്ണം രണ്ടരക്കോടി കവിഞ്ഞു.
►ഒടുവിൽ ബി.ജെ.പിയുടെ കഞ്ഞിയിൽ അവർ പാറ്റയിടുമോ?
(വിദുരരുടെ ഫോൺ: 9946108221)