sruthi-hassan
അഭിനയത്തിൽ അഞ്ചു പതിറ്റാണ്ട് പൂർത്തിയാക്കിയ താരമാണ് കമൽഹാസൻ. തന്റെ രാഷ്ട്രീയ ജീവിതത്തിന് വിലങ്ങുതടിയായാൽ സിനിമ ഉപേക്ഷിക്കുമെന്ന് താരം അറിയിച്ചിട്ടുണ്ട്. അതിനു ആരാധകർ പോലും പിന്തുണ അറിയിക്കുമ്പോൾ വീട്ടിൽ നിന്നു തന്നെ എതിർപ്പുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഉലകനായകൻ. തന്റെ മൂത്തമകൾ ശ്രുതി ഹാസനാണ് അച്ഛന്റെ അഭിപ്രായത്തോട് പൂർണമായ വിയോജിപ്പ് രേഖപ്പെടുത്തിയതെന്നാണ് കമൽ പറയുന്നത്.

തന്റെ ഈ തീരുമാനത്തെ ഏറ്റവും എതിർക്കുന്നവർ മക്കളാണ്. ഞാൻ ഈ തീരുമാനമെടുത്തത് എന്റെ ഉള്ളിൽ ശക്തമായ ഒരു തോന്നൽ ഉണ്ടായപ്പോഴാണ്. അതിനെ ഞാൻ അംഗീകരിക്കുകയും നടപ്പിലാക്കുകയുമാണ്. അഭിനയത്തിൽ നിന്നും ഒഴിവാകുകയാണ് എന്ന പ്രഖ്യാപനത്തിന് നേരെ ഉയർന്ന രണ്ട് പ്രധാന ശബ്ദങ്ങൾ മക്കളായ ശ്രുതി ഹാസന്റെയും അക്ഷര ഹാസന്റെയുമാണ്. അവർ ഈ തീരുമാനത്തെ ഒട്ടും ഇഷ്ടപ്പെടുന്നില്ല. പൂർണമായി അതൃപ്തിയിലാണ് അവർ. പ്രത്യേകിച്ച് ശ്രുതി. അവൾ ചോദിക്കുന്നത്, എന്താണ് എന്നിലെ കലാകാരന് സംഭവിച്ചതെന്നാണ്. അങ്ങനെ ചോദിക്കുക എന്നത് അവളുടെ അവകാശമാണ്. ആ കലാകാരൻ അവളിലും ഉണ്ട്. അവൾ അവളുടെ ഡിഎൻഎയെ ചൊല്ലി അഭിമാനിക്കുന്നുണ്ട്. പക്ഷേ എന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ടു പോകാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അവർക്ക് നൽകിയ മറുപടിയെന്നും കമൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഷങ്കർ ഒരുക്കുന്ന ഇന്ത്യൻ2 ആയിരിക്കും നടൻ എന്ന നിലയിൽ കമലിന്റെ അവസാന ചിത്രമെന്നാണ് തമിഴകത്തു നിന്നു വരുന്ന റിപ്പോർട്ട്.