ദുബായ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തകർപ്പൻ വിജയത്തിന് പിന്നാലെ റാങ്കിംഗിലും ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിക്ക് നേട്ടം. മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിലെ മികച്ച പ്രകടനത്തിലൂടെ മുൻ ഓസിസ് നായകൻ സ്‌റ്റീവൻ സ്‌മിത്തിനെ മറികടന്ന് വീണ്ടും ഒന്നാമത് എത്തി. ആദ്യ ഇന്നിംഗ്സിൽ 97 റൺസ് നേടിയ താരം രണ്ടാം ഇന്നിംഗ്സിൽ സെഞ്ച്വറി തികച്ചിരുന്നു. ഈ പ്രകടനമാണ് റാങ്കിംഗിൽ വീണ്ടും ഒന്നാമത് എത്താൻ കൊഹ്‌ലിയെ സഹായിച്ചത്.
ക്യാപ്‌റ്റനായതിന് ശേഷം ഇത് ഏഴാം തവണയാണ് വിജയിച്ച ഒരു ടെസ്റ്റിൽ കൊഹ്‌ലി ഇരുന്നൂറോ അതിൽ കൂടുതലോ റൺസ് നേടുന്നത്. ആറ് തവണ ഇരുന്നൂറ് കടന്ന ഓസീസ് ഇതിഹാസം ഡോൺ ബ്രാഡ്മാന്റേയും റിക്കി പോണ്ടിംഗിന്റെയും റെക്കാഡാണ് ഇതോടെ കൊഹ്‌ലി മറികടന്നത്.
ഒന്നാം ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ കൊഹ്‌ലി ആദ്യമായി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നെങ്കിലും രണ്ടാം ടെസ്‌റ്റിൽ പരാജയപ്പെട്ടതോടെ സ്ഥാനം നഷ്‌ടമാവുകായായിരുന്നു. നിലവിൽ 937 പോയിന്റാണ് കൊഹ്‌ലിയുടെ അക്കൗണ്ടിൽ ഉള്ളത്. 929 പോയിന്റുമായി സ്റ്റീവ് സ്‌മിത്ത് രണ്ടാമതും 847 പോയിന്റുമായി കെയ്ൻ വില്യംസൺ മൂന്നാമതുമാണ്.