ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിയാരെന്ന ചോദ്യത്തിന് ഉത്തരം തേടി ഒരു ദേശീയ മാദ്ധ്യമം നടത്തിയ സർവേയിലെ ഫലങ്ങൾ പുറത്തുവിട്ടു. അടൽ ബിഹാരി വാജ്‌പേയിയോ ഇന്ദിരാ ഗാന്ധിയോ അല്ല ജനമനസിൽ ഇടം നേടിയ ഇന്ത്യൻ പ്രധാനമന്ത്രി. മറിച്ച് നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെയാണ് മികച്ച പ്രധാനമന്ത്രിയായി ജനങ്ങൾ തിരഞ്ഞെടുത്തത്. സർവേയിൽ പങ്കെടുത്തവരിൽ 26 ശതമാനം പേരും മോദിയെയാണ് തിരഞ്ഞെടുത്തത്. 23 ശതമാനം വോട്ടുമായി തൊട്ടുപിറകിൽ ഇന്ദിരാ ഗാന്ധിയും മൂന്നാം സ്ഥാനത്ത് അടൽ ബിഹാരി വാജ്‌പേയിയുമുണ്ട്.
12,100 പേർ പങ്കെടുത്ത സർവേയിൽ 12 ശതമാനം പേരാണ് വാജ്‌പേയിയെ ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർ ലാൽ നെഹ്‌റുവിന് 10 ശതമാനം വോട്ടുകൾ കിട്ടി. എന്നാൽ ജെ.ഡി.എസ് നേതാവ് എച്.ഡി.ദേവഗൗഡ, പി.വി.നരസിംഹ റാവു എന്നിവരാണ് പട്ടികയിൽ അവസാനമെത്തിയത്. എച്.ഡി.ദേവഗൗഡ, പി.വി.നരസിംഹ റാവു, ചന്ദ്രശേഖർ, വി.പി.സിംഗ് എന്നിവർക്ക് ഒരു ശതമാനം വോട്ട് മാത്രമാണ് കിട്ടിയത്. യഥാക്രമം ഏഴും ആറും ശതമാനം വോട്ടുകൾ നേടിയ മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയും മൻമോഹൻ സിംഗും അഞ്ചും ഏഴും സ്ഥാനങ്ങൾ നേടി.
സർവേയിൽ പങ്കെടുത്ത ഹിന്ദു വിശ്വാസികളിൽ ഭൂരിഭാഗവും മോദിയെ മികച്ച പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തപ്പോൾ ഇന്ദിരാ ഗാന്ധിയെയാണ് മുസ്‌ലിം വിഭാഗം തിരഞ്ഞെടുത്തത്. 28 ശതമാനം ഹിന്ദുക്കൾ മോദിയെ പിന്തുണച്ചപ്പോൾ 11 ശതമാനം മുസ്‌ലിങ്ങൾ മാത്രമാണ് അദ്ദേഹത്തിന് പിന്തുണ നൽകിയത്. എന്നാൽ 26 ശതമാനം മുസ്‌ലിങ്ങളും ഇന്ദിരാ ഗാന്ധിക്ക് അനുകൂലമായി വോട്ട് ചെയ്‌തു.
മോദിക്ക് പകരം രാഹുൽ
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്ത് നരേന്ദ്ര മോദിക്ക് പകരം ആരെന്ന ചോദ്യത്തിന് സർവേയിൽ പങ്കെടുത്ത 46 ശതമാനം പേരും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ തിരഞ്ഞെടുത്തു. 38 ശതമാനം വോട്ടുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തൊട്ടുപിന്നിലുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തിയാൽ ബി.ജെ.പിക്ക് പഴയ മാന്ത്രിക സംഖ്യ നഷ്‌ടമാകുമെന്നും സർവേയിൽ പങ്കെടുത്തവർ പറയുന്നു.