mammootty

ചെങ്ങന്നൂർ: പ്രളയക്കെടുതിയിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് കേരളം. പ്രളയം അവശേഷിപ്പിച്ചു പോയ കഷ്‌ടാനഷ്‌ടങ്ങൾ ഒറ്റയ്‌ക്കല്ല ദുരിതബാധിതർ നേരിടുന്നത്. കേരളം മുഴുവനും താങ്ങും തണലുമായി അവർക്കൊപ്പമുണ്ട്. സാധാരണക്കാരൻ മുതൽ സിനിമയിലെ സൂപ്പർതാരങ്ങൾ വരെ ദുരന്ത ബാധിതരെ ആശ്വസിപ്പിക്കാൻ ഇറങ്ങുന്ന കാഴ്‌ചയാണ് കണ്ടത്.

കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പിൽ മെഗാ താരം മമ്മൂട്ടി എത്തിയിരുന്നു. സർവ്വവും നഷ്‌ടപ്പെട്ട് പുതുജീവനത്തിനായി തയ്യാറെടുക്കുന്നവർക്ക് ആത്മവിശ്വാസം പകരുകയായിരുന്നു മെഗാതാരം. നടൻ രമേഷ് പിഷാരടിയും മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു.

മമ്മുക്ക വിളിച്ചു...“അവരോട് എന്തെങ്കിലുമൊക്കെ സംസാരിക്കണം പറ്റിയാൽ ആ മുഖങ്ങളിൽ ഒരു പുഞ്ചിരി സമ്മാനിക്കണം”, ചെങ്ങന്നൂരിൽ പോയതിനെക്കുറിച്ച് പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
മമ്മുക്ക വിളിച്ചു...
“അവരോടു എന്തെങ്കിലുമൊക്കെ സംസാരിക്കണം പറ്റിയാൽ ആ മുഖങ്ങളിൽ ഒരു പുഞ്ചിരി സമ്മാനിക്കണം”

രാവിലെ മുതൽ മമ്മൂക്കയോടൊപ്പം ചെങ്ങന്നൂരിലെ കുറെ അധികം ദുരിതാശ്വാസ ക്യാമ്പുകളിൽ സന്ദർശിച്ചു .

ഒരു കൈ കൊടുക്കുന്നത് മറു കൈ അറിയരുത്. കൈയിൽ എടുത്തു കൊടുക്കാവുന്നതോ പണം എന്ന മാദ്ധ്യമം കൊണ്ട് അളക്കാൻ പറ്റുന്നതോ അല്ല ഇന്ന് പങ്കുവച്ചത് ആത്മവിശ്വാസമാണ്, തിരിച്ചുപിടിക്കലിനുള്ള പുതിയതുടക്കത്തിനുള്ള പ്രചോദനമാണ്. നഷ്‌ടപ്പെടലുകളുടെ ഇരുട്ടിൽ പറന്നിറങ്ങിയ ചിരിയുടെ മിന്നാമിനുങ്ങുകൾ ആണ്. അതിനാൽ ഇവിടെ പറയുന്നു.