മലയാള സിനിമയ്ക്ക് എന്നും അഭിമാനിക്കാൻ വക നൽകിയവരാണ് ഹാസ്യതാരങ്ങൾ. ഇപ്പോൾ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സലിം കുമാർ, രമേഷ് പിഷാരടി, ധർമജൻ ബോൾഗാട്ടി, കലാഭവൻ ഷാജോൺ, കോട്ടയം നസീർ, കോട്ടയം പ്രദീപ് തുടങ്ങിയ കൊമേഡിയന്മാർ എല്ലാവരും കൂടി മലയാള സിനിമാ പ്രേക്ഷരോട് ചെയ്ത കൊടുംപാതകമാണ് ലാഫിംഗ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ എന്ന സിനിമ. മലയാളത്തിന് മുൻകാലങ്ങളിൽ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനായ നിസാർ ഒരുക്കിയതാണ് ഈ ചിത്രമെന്നത് കൂടി അറിഞ്ഞാൽ സിനിമാപ്രേമികൾ ഒന്നുകൂടി തകർന്നു പോകും.
ഒരു ഹർത്താൽ ദിനത്തിൽ ഗിരിനഗർ ഫ്ളാറ്റിൽ നടക്കുന്ന സംഭവങ്ങളാണ് സംവിധായകൻ സിനിമയിലൂടെ പറയാൻ ശ്രമിച്ച് പരാജയപ്പെടുന്നത്. ഫ്ളാറ്റിലെ വെള്ളം നിലച്ചുപോകുന്നത് മുതൽ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന സിനിമ എങ്ങുമെത്താതെ അവസാനിക്കുകയാണ്.
എല്ലാത്തരം തലമുറയിലുള്ള കഥാപാത്രങ്ങളേയും സിനിമയിൽ കൊണ്ടുവരുന്ന സംവിധായകൻ പക്ഷേ, താനെന്താണ് പറയാനുദ്ദേശിക്കുന്നത് എന്നത് മാത്രം വെളിവാക്കുന്നില്ല (അത് അദ്ദേഹത്തിനും അത്ര നിശ്ചയമില്ലെന്ന് വേണം കരുതാൻ). ഫ്ളാറ്റിലെ സന്പന്നരായ കൊച്ചമ്മമാർക്കും ഉദ്യോഗസ്ഥകൾക്കും സ്റ്റഡി ക്ളാസ് നൽകുകയും മണിയടിച്ച് കാര്യസാദ്ധ്യം നടത്തുന്ന 'കുഞ്ഞന്മാരെ' കുറിച്ചും സിനിമ പറയുന്നുണ്ട്.
ആദ്യ പകുതി പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കുന്നതിൽ മികവ് പുലർത്തുന്നുണ്ട്. രണ്ടാം പകുതി അതിനെക്കാൾ ദുരന്തമാണ്. ചിത്രത്തിൽ കോട്ടയം നസീർ അവതരിപ്പിക്കുന്ന അപ്പാവി എന്ന സെക്യൂരിറ്റി പറയുന്നത് പോലെ സിനിമയും ഭയാനകവും ബീഭത്സവുമൊക്കയാണ്. വെള്ളം വറ്റി വരണ്ടുങ്ങിയ തിരക്കഥയാണ് സിനിമയുടെ ഏറ്റവും വലിയ പോരായ്‌മ. നിസാറും ചിത്രത്തിന്റെ കഥാകൃത്തുമായ പി.പാറപ്പുറവും ചേർന്നൊരുക്കിയ തിരക്കഥയിൽ അവിഹിതത്തിന് വളരെയേറെ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇതിനിടിയിലേക്ക് കഥാപാത്രങ്ങളുടെ വ്യക്തിജീവിതത്തിലെ കാര്യങ്ങളും കൊണ്ടുവരുന്നു. അതിൽ ചിലതാണ് വിവാഹമോചനം, മരണം എന്നിവയൊക്കെ. ഇതൊന്നും പോരാത്തതിന് ന്യൂജനറേഷൻ പിള്ളേരുടെ 'പിള്ളേരു കളി' യും ഉണ്ട്. ഈ കഥാപാത്രങ്ങളിലൂടെയും അവർ സൃഷ്ടിക്കുന്ന രംഗങ്ങളിലൂടെയും എന്താണ് പറയാൻ സംവിധായകൻ ശ്രമിക്കുന്നതെന്ന് മാത്രം ആർക്കും മനസിലാകില്ല.
സലിം കുമാറിൽ തുടങ്ങുന്ന കൊമേഡിയന്മാരുടെ താരനിര ഇതുപോലൊരു സിനിമയിൽ അഭിനയിക്കാൻ തയ്യാറായതിന്റെ ചേതോവികാരം എന്താണെന്ന് പ്രേക്ഷകർ അത്ഭുതം കൂറുമായിരിക്കും. മികച്ച കോമഡി രംഗങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ഈ ഹാസ്യതാരങ്ങൾ ഇവിടെ വിഡ്ഡി വേഷം കെട്ടാൻ ഒന്നിനൊന്ന് മത്സരിക്കുകയാണ്. കോമഡി മാത്രമല്ല പ്രതിഭയുടെ മികവ് കൊണ്ട് സ്വഭാവ വേഷങ്ങളെ അനശ്വരമാക്കിയവരാണ് ഇതിൽ പലരും. എന്നാൽ, ഇത്തരമൊരു സിനിമയിൽ അഭിനയിച്ച ഇവരെല്ലാം തന്നെ ദുരന്താഭിനയത്തിന്റെ മേലങ്കി സ്വയം എടുത്തണിയുകയാണ്. സുനിൽ സുഖ,ദ, കെ.ടി.എസ് പടന്നയിൽ, പൊന്നമ്മ ബാബു, അഞ്ജന അപ്പുക്കുട്ടൻ, അശ്വതി മേനോൻ, ഗീതാ വിജയൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
ദ്വയാർത്ഥപ്രയോഗങ്ങൾ കൊണ്ട് സംപുഷ്ടമായ സിനിമ പേര് പറയുന്നത് പോലെ പ്രേക്ഷകർക്ക് ചിരിക്കാനുള്ള ഒരുവകയും സമ്മാനിക്കുന്നില്ല. ചിരിക്കണോ കരയണോ എന്നറിയാത്ത തികച്ചും നിർവികാരമായ അവസ്ഥയിലേക്ക് തള്ളിയിടുന്ന പാഴ്‌ശ്രമമാണ് ഈ സിനിമ എന്ന് പറയാതിരിക്കാനാകില്ല.
വാൽക്കഷണം: ദുരന്തങ്ങൾ വിട്ടൊഴിയാതെ