പ്രളയത്തിൽപ്പെട്ടുഴലുന്ന കേരളത്തിന് സഹായവുമായി പ്രിയഗായകൻ ഉണ്ണി മേനോനും. കുറച്ച് വ്യത്യസ്തമായ രീതിയിലാണ് ഉണ്ണി മേനോൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ൽകുന്നത്. മകൻ അങ്കുർ ഉണ്ണിയുടെ വിവാഹം ലളിതമാക്കി അതിലൂടെ ലാഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നാണ് ഉണ്ണി മേനോൻ പറയുന്നത്. തൃശ്ശൂരിലെ ലുലു കൺവെൻഷൻ സെന്ററിൽ വച്ച് ഓഗസ്റ്റ് 26ന് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചത്. അതേ മുഹൂർത്തത്തിൽ ചെന്നൈ മഹാലിംഗപുരം ക്ഷേത്രത്തിൽ വച്ചായിരിക്കും വിവാഹം നടത്തുക.
ലുലു അധികൃതർ മണ്ഡപം ശരിയാക്കിത്തരാമെന്നും വിവാഹ വേദി മാറ്റേണ്ടതില്ലെന്നും പറഞ്ഞിരുന്നുവെങ്കിലും വേണ്ടെന്ന് തങ്ങൾ തീരുമാനിക്കുകയായിരുന്നുവെന്നും ചുറ്റുമുള്ളവർ ദുരിതം അനുഭവിക്കുമ്പോൾ വിവാഹം ആർഭാടമായി നടത്തുന്നത് ശരിയല്ലല്ലോയെന്നുമാണ് ഉണ്ണി മേനോൻ ചോദിക്കുന്നത്. മുഹൂർത്തം മാറ്റാൻ പറ്റാത്തതിനാലാണ് അന്നേ ദിവസം തന്നെ വിവാഹം നടത്തുന്നത്. കണ്ണൂർ സ്വദേശിയായ കാവ്യയാണ് അങ്കൂറിന്റെ ജീവിതപങ്കാളിയാകുന്നത്. 2500 ഓളം പേരെ പങ്കെടുപ്പിക്കാമെന്നായിരുന്നു കരുതിയത്. മഴക്കെടുതി കാരണം ഇത് 200 ലേക്ക് ചുരുക്കി. ഇതിൽ നിന്നും ലാഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും ഉണ്ണി മേനോൻ അറിയിച്ചു.