സമാനതകളില്ലാത്ത പ്രളയദുരന്തത്തിൽ പെട്ട കേരളത്തിലെ രക്ഷാപ്രവർത്തനങ്ങളിൽ നടൻ ടൊവിനോ തോമസ് നിർവഹിച്ച പങ്കിനെ പ്രശംസിച്ചും വിമർശിച്ചും സോഷ്യൽ മീഡിയ. പേരിനും പ്രശസ്തിക്കും വേണ്ടിയാണ് താരം ഈ അവസരം ഉപയോഗിച്ചതെന്നാണ് ഉയർന്നു വന്ന രൂക്ഷമായ വിമർശനം. അത്തരം വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.രക്ഷാപ്രവർത്തനം നടത്തിയത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നുള്ള പ്രചാരണം വേദനിപ്പിച്ചു.
മനുഷ്യത്വത്തിന്റെ പേരിലാണ് സേവന രംഗത്തിറങ്ങിയത്. ഇതിന്റെ പേരിൽ തങ്ങളുടെ സിനിമകൾ ഒന്നും കണ്ടില്ലെങ്കിലും പ്രശ്നമില്ലെന്നും ടോവിനോ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഈ വെള്ളപ്പൊക്കത്തിൽപ്പെട്ടവർ സിനിമ കാണാനായി ഇപ്പൊ തന്നെ തിയേറ്ററിൽ വരുമെന്ന് പ്രതീക്ഷിക്കാൻ മാത്രം മണ്ടന്മാരല്ല ഞങ്ങൾ. ഈ ചെയ്തതെല്ലാം മനുഷ്യത്വത്തിന്റെ പേരിലാണ്. ഞങ്ങൾക്കൊക്കെ ഒരു മതമേയുള്ളൂ, ഒരു പാർട്ടിയെ ഉള്ളൂ. അത് മനുഷ്യത്വമാണ്. അതിന്റെ പേരിൽ ചെയ്യുന്നതാണ്. ഇതിന്റെ പേരിൽ നിങ്ങൾ ഞങ്ങളുടെ സിനിമകളൊന്നും കണ്ടില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് മാത്രം പറയരുത്. അങ്ങനെ കേൾക്കുമ്പോൾ സങ്കടമുണ്ടെന്നും ടോവിനോ പറഞ്ഞു. ആദ്യദിനം മുതൽ തന്നെ ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ പ്രവർത്തതനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ടോവിനോ തോമസ്.