ന്യൂഡൽഹി: അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്‌ത കേരളാ സൈബർ വാരിയേഴ്സ് സൈറ്റിൽ നാടൻ ബീഫ് കറി ഉണ്ടാക്കുന്ന രുചിക്കൂട്ട് പോസ്‌റ്റ്ചെയ്‌തു. ബീഫ് കഴിക്കാത്ത മലയാളികൾക്ക് മാത്രം സഹായമെത്തിക്കണമെന്ന ഹിന്ദു മഹാസഭാ നേതാവ് സ്വാമി ചക്രപാണിയുടെ പ്രസ്‌താവനയാണ് പ്രകോപനത്തിന് കാരണം. വ്യക്തിത്വം നോക്കിയാണ് ഒരാളെ ബഹുമാനിക്കേണ്ടതെന്നും അല്ലാതെ അയാൾ കഴിക്കുന്ന ഭക്ഷണത്തിന്റെ രീതി നോക്കിയല്ലെന്നും സംഘം വെബ്സൈറ്റിൽ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്. മലയാളികൾ അടങ്ങുന്ന എത്തിക്കൽ ഹാക്കിംഗ് ഗ്രൂപ്പാണ് കേരള സൈബർ വാരിയേഴ്സ്.
മലയാളികളിൽ ചിലർ ബീഫ് കഴിക്കുന്നത് കൊണ്ടും അത് കടകളിലൂടെ കച്ചവടം ചെയ്യുന്നത് കൊണ്ടുമാണ് കേരളത്തിൽ പ്രളയമുണ്ടായതെന്ന ചക്രപാണിയുടെ പ്രസ്‌താവന വൻ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. ബീഫ് കഴിക്കുന്നവർ പ്രകൃതിയെയും പശുവിനെ വിശുദ്ധമായി കാണുന്നവരുടെ വിശ്വാസങ്ങളെയും തകർക്കുകയാണ്. ഇത്തരത്തിൽ പശുവിനെ കൊന്ന് തിന്നതിന്റെ ഫലമാണ് പ്രളയത്തിന്റെ രൂപത്തിൽ കേരളത്തെ ബാധിച്ചത്. ബീഫ് കഴിക്കുന്നവർക്ക് സർക്കാരിന്റെ ഒരു സഹായവും നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.